
കോടതി ശിക്ഷ വിധിച്ചതിനു ശേഷം ഒളിവിൽ പോയി; 28 വർഷത്തിനു ശേഷം പാക്കാനം പുഞ്ചവയൽ സ്വദേശിയായ 59 കാരനെ വലയിലാക്കി പോലീസ്
സ്വന്തം ലേഖകൻ
കോട്ടയം: കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്നയാള്‍ 28 വർഷത്തിനു ശേഷം പോലീസിന്റെ പിടിയിലായി. പാക്കാനം പുഞ്ചവയൽ കാരിശ്ശേരി ഭാഗത്ത് ചവറമ്മാക്കൽ വീട്ടിൽ സന്തോഷ് ബാബു (59) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ 1993 ല്‍ അയൽവാസിയെ വീട്ടിൽ കയറി ആക്രമിക്കുകയും, തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. പിന്നീട് കോടതി ഇയാളെ മൂന്നുമാസം തടവിനും 2000 രൂപ പിഴയും ശിക്ഷിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് കോടതിയിൽ നിന്നും ഇളവ് നേടി കോടതിയിൽ ഹാജരാകാതെ ഇയാള്‍ ഒളിവിൽ പോവുകയായിരുന്നു. ഇത്തരത്തിൽ കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവിൽ കഴിഞ്ഞുവരുന്ന പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച നടത്തിയ തിരച്ചിലിനൊടുവിൽ ഇയാളെ ഇടുക്കി തങ്കമണിയിൽ നിന്നും പോലീസ് സംഘം പിടികൂടുകയായിരുന്നു.
എരുമേലി എസ്.എച്ച്.ഓ ബിജു ഇ.ഡി, എസ്.ഐ ശാന്തി കെ ബാബു, എ.എസ്.ഐ അനിൽകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.