play-sharp-fill
ഭീകരാക്രമണത്തിനു പിന്നിൽ പാക്കിസ്ഥാൻ;  ഇന്ത്യയ്ക്ക് പിന്തുണയുമായി ലോകരാജ്യങ്ങൾ; രാജ്യം നേരിടുന്നത് യുദ്ധ സമാനമായ സാഹചര്യം

ഭീകരാക്രമണത്തിനു പിന്നിൽ പാക്കിസ്ഥാൻ; ഇന്ത്യയ്ക്ക് പിന്തുണയുമായി ലോകരാജ്യങ്ങൾ; രാജ്യം നേരിടുന്നത് യുദ്ധ സമാനമായ സാഹചര്യം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കശ്മീരിലെ പുൽവാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭാ സമിതി ഇന്ന് യോഗം ചേർന്ന് സുരക്ഷാകാര്യങ്ങൾ വിലയിരുത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കശ്മീരിലെ സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. പാക്കിസ്ഥാനെതിരെ അതിശക്തമായ നടപടിയെടുക്കാനാണ് തീരുമാനം. ഭീകരാക്രമണം ഉണ്ടായതിന് തൊട്ടുപിന്നാലെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കശ്മീർ ഗവർണർ സത്യപാൽ മാലിക്കുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ ആരാഞ്ഞിരുന്നു. ബിഹാറിൽ വെള്ളിയാഴ്ച പങ്കെടുക്കാനിരുന്ന ചടങ്ങുകൾ റദ്ദാക്കിയ അദ്ദേഹം കശ്മീർ സന്ദർശനം നടത്തും. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗുഹ, സിആർപിഎഫ് ഡയറക്ടർ ജനറൽ ആർ.ആർ ഭട്‌നാഗർ എന്നിവരുമായും രാജ്‌നാഥ് സിങ് ആശയവിനിമയം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സൈന്യവുമായി അടുത്ത നീക്കത്തെ കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. തിരിച്ചടി ഉടൻ വേണമെന്നാണ് കേന്ദ്ര നിലപാട്.


ആക്രമണത്തിനു പിന്നാലെ ഡൽഹിയിൽ നിർണായക ചർച്ചകൾ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായുമായും ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചർച്ച നടത്തി. ആഭ്യന്തരമന്ത്രി ഐബി, റോ മേധാവികളെ കണ്ടു. ആക്രമണത്തിനു പിന്നാലെ തെക്കൻ കശ്മീരിലെ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. ശ്രീനഗർ ജില്ലയിൽ ഇന്റർനെറ്റ് 2ജി ആയും പരിമിതപ്പെടുത്തി. സംഭവത്തിൽ എൻഐഎ അന്വേഷണം ആരംഭിച്ചു. എൻഐഎയുടെ 12 അംഗസംഘം സ്ഫോടനം നടന്ന സ്ഥലത്തെത്തും. ഫൊറൻസിക് വിദഗ്ധരും സംഘത്തിലുണ്ടാകും. ആക്രമണത്തിനു പിന്നിലെ വിദേശ പങ്ക് കണ്ടെത്തനാണ് നീക്കം. എൻഎസ്ജിയിലെ സ്ഫോടകവസ്തു വിദഗ്ധരും പരിശോധനയ്ക്കെത്തും. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ വെല്ലുവിളിക്കുന്നതാണ് ആക്രണം. അതുകൊണ്ട് തന്നെ അതിശക്തമായ തിരിച്ചടി സൈന്യം നൽകുമെന്ന സൂചനയാണ് പുറത്തു വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിആർപിഎഫ് ജവാന്മാർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാൻ കേന്ദ്രമായ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വിശദീകരിച്ചു. ഉത്തരവാദികൾക്ക് ശക്തമായ മറുപടി നൽകുമെന്ന് രാജ്യത്തെ ജനങ്ങൾക്ക് ഉറപ്പുനൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനു ശക്തമായ താക്കീതും നൽകി കഴിഞ്ഞു. ഭീകരർക്കുള്ള പിന്തുണ നിർത്താൻ പാക്കിസ്ഥാൻ തയ്യാറാകണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം ഭീകരാക്രമണത്തെ അപലപിച്ചു ലോകരാഷ്ട്രങ്ങൾ രംഗത്തെത്തി. ഭീകരതയെ നേരിടാൻ ഇന്ത്യയ്ക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് യുഎസ് സ്ഥാനപതി കെന്നത് ജസ്റ്റർ അറിയിച്ചു. പൈശാചികമെന്നായിരുന്നു ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ പ്രതികരണം. ഫ്രാൻസ്, ബ്രിട്ടൻ, നേപ്പാൾ, റഷ്യ, ഭൂട്ടാൻ, മാലദ്വീപ് എന്നീ രാജ്യങ്ങളും ഇന്ത്യയ്ക്കു പിന്തുണയുമായി രംഗത്തെത്തി. അമേരിക്ക അടക്കമുള്ളവരെ ഒപ്പം നിർത്തി തിരിച്ചടിയാണ് ഇന്ത്യയുടെ പദ്ധതി.

സംസ്ഥാനത്തെ സുരക്ഷാക്രമീകരണങ്ങൾ അടിയന്തരമായി വിലയിരുത്താൻ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് നിർദ്ദേശം നൽകി. ഗവർണറുമായി ഫോണിൽ സംസാരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി. ഇന്നു രാവിലെ 9.15 ന് സുരക്ഷാകാര്യ കാബിനറ്റ് ഉപസമിതി യോഗം ചേരും. തിരിച്ചടിയെ കുറിച്ച് ചർച്ച ചെയ്യാനാണ് ഈ യോഗം. സൈനിക തലവന്മാരും ഈ യോഗത്തിൽ പങ്കെടുക്കും. സർജിക്കൽ സ്ട്രൈക്ക് പോലൊരു തിരിച്ചടി പാക്കിസ്ഥാന് നൽകാനാണ് നീക്കം. അതിർത്തി കടന്നുള്ള സേനാ ആക്രണവും ആലോചനയിലാണ്. അജിത് ഡോവലും മോദിയും എടുക്കുന്ന നിലപാടാകും നിർണ്ണായകം. ദേശവിരുദ്ധ വാർത്തകൾ പ്രചരിക്കാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നു ടിവി ചാനലുകൾക്കു കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

നടന്നതു നികൃഷ്ടമായ ആക്രമണമായിരുന്നെന്നു പ്രധാനമന്ത്രി പ്രതികരിച്ചു. ക്രൂരമായ നീക്കത്തെ ശക്തമായി അപലപിക്കുന്നു. ധീരജവാന്മാരുടെ ത്യാഗം വ്യർഥമാകില്ല. വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങളോടൊപ്പം തോളോടു തോൾ ചേർന്ന് രാജ്യം മുഴുവനുമുണ്ട്. പരുക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. ഭീരുത്വം നിറഞ്ഞ നടപടിയാണ് ഇതെന്ന് കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങളോടൊപ്പം രാജ്യമുണ്ട്. ഭീകരർക്കു മറക്കാനാകാത്ത മറുപടിയായിരിക്കും നൽകുകയെന്നും അദ്ദേഹം പറഞ്ഞു.

ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന സിആർപിഎഫ് കോൺവോയ്ക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്. വളരെ ആസൂത്രണത്തോടെ നടന്ന ഒന്നാണ് ഈ ആക്രമണമെന്നാണ് സൂചന. പുൽവാമ ജില്ലയിലെ അവന്തിപൂറിൽ വച്ച് 78 ബസുകളുണ്ടായിരുന്ന കോൺവോയിലേക്ക് സ്‌കോർപിയോ കാർ ഇടിച്ച് കയറ്റുകയായിരുന്നു. 350 കിലോയിലധികം സ്ഫോടകവസ്തു ഇടിച്ച് കയറ്റിയ വാഹനത്തിൽ ഉണ്ടായിരുന്നതായാണ് നിഗമനം. അഫ്ഗാനിസ്ഥാനിലും മറ്റും നടക്കുന്ന രീതിയിലുള്ള ചാവേർ ആക്രമണമാണ് പുൽവാമയിലുണ്ടായത്. സ്ഫോടനത്തിൽ തകർന്ന വാഹനത്തിലുണ്ടായിരുന്നത് 42 ജവാന്മാരായിരുന്നു. അതേസമയം അപകടത്തിൽ മരിച്ചവരുടെ എണ്ണം 44ആയി.

ജെയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസറിനെറെ രണ്ടു ബന്ധുക്കളെ വധിച്ചതിലെ പ്രതികാരമാണ് ഭീകരാക്രമണമെന്നാണ് റിപ്പോർട്ട്. പുൽവാമ സ്വദേശിയായ അദിൽ അഹമ്മദ് ധറാണ് കാർ ഓടിച്ചതെന്ന് റിപ്പോർട്ട്. ജയ്ഷെ മുഹമ്മദിന്റെ ആത്മഹത്യ സ്‌ക്വാഡ് അംഗമാണ് അദിൽ. ഒരാൾ വിചാരിച്ചാൽ ഇത്ര വലിയ ആക്രമണം നടക്കുമെന്ന് സൂചന നൽകുകയാണ് ഇതിലൂടെ ജയ്ഷെ മുഹമ്മദ് ചെയ്യുന്നതെന്നാണ് വിലയിരുത്തൽ. അപകടത്തിന് ശേഷം പുറത്ത് വിടാനുള്ള വീഡിയോ തയ്യാറാക്കിയ ശേഷമാണ് അദിൽ അഹമ്മദ് ധർ ആക്രമണത്തിന് തയ്യാറെടുത്തത്. ജയ്ഷെ മുഹമ്മദിന്റെ സംഘത്തിലുള്ള ആളാണെന്ന് തെളിയിക്കാൻ ജെയ്ഷയുടെ പോസ്റ്റർ പശ്ചാത്തലത്തിലുള്ള വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

ഈ വീഡിയോ പുറത്ത് വരുമ്‌ബോഴേയ്ക്കും ഞാൻ സ്വർഗത്തിൽ എത്തിയിരിക്കും എന്ന് വീഡിയോയിൽ അദിൽ മുഹമ്മദ് ധർ പറയുന്നു. ഒരു വർഷം മുൻപാണ് ജെയ്ഷെയിൽ ചേർന്നതെന്നും ഇപ്പോഴാണ് ജെയ്ഷയിൽ ചേർന്നതിന് അർത്ഥമുണ്ടാകുന്ന രീതിയിൽ പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നതെന്നും ഇത് കശ്മീരിലെ ജനതയ്ക്കുള്ള എന്റെ അവസാന സന്ദേശമെന്നുമാണ് വീഡിയോയിൽ ഇയാൾ പറയുന്നത്.