സ്വന്തം ലേഖിക
കോട്ടയം: പൊതുജനപങ്കാളിത്തത്തോടെ ഡെങ്കിപ്പനി വ്യാപനം തടയുന്നതിനായി ‘ചിരട്ട’ എന്ന പേരിൽ കർമ്മപരിപാടിയുമായി കോട്ടയം ജില്ലാ ഭരണകൂടം.
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ടു വളരുന്ന ഉറവിടങ്ങളായ ചിരട്ടകൾ, പാത്രങ്ങൾ, വീടിന്റെ സൺ ഷേഡുകൾ, ഫ്രിഡ്ജിനു പുറകിലെ ട്രേ, പൂച്ചെട്ടിക്കടിയിലെ ട്രേ, തുടങ്ങിയവയിൽ കെട്ടിനിൽക്കുന്ന വെള്ളം ആഴ്ചതോറും വിദ്യാർഥികൾ, ഓഫീസ്/കട ജീവനക്കാർ, വീട്ടുടമകൾ തുടങ്ങിയവർ നീക്കം ചെയ്ത് അതിന്റെ ഫോട്ടോ മൊബൈൽ ആപ്ലിക്കേഷനിലൂടെ അയയ്ക്കുകയും ഇവ വകുപ്പുകൾ നിരന്തരം നിരീക്ഷിക്കുകയും മികച്ച പ്രവർത്തനം നടത്തുന്നവരെ പുരസ്‌കാരം നൽകി ആദരിക്കുകയും ചെയ്യുന്നതാണ് കർമപരിപാടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനായി കോട്ടയം നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ (എൻ.ഐ.സി.)യുടെ നേതൃത്വത്തിൽ കോട്ടയം ചലഞ്ച് (Kottayam Challenge ) എന്ന പേരിൽ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കിയിട്ടുണ്ട്. പരിപാടിയിൽ മികച്ചനിലയിൽ പങ്കാളികളാകുന്ന വിദ്യാലയങ്ങൾ, കടകൾ, ഓഫീസുകൾ, തോട്ടങ്ങൾ, വാർഡുകൾ എന്നിവയ്ക്ക് ജില്ലാതലത്തിൽ പുരസ്‌കാരങ്ങൾ നൽകും.
ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ വകുപ്പ്, സഹോദയ, കുടുംബശ്രീ, റസിഡന്റ്സ് അസോസിയേഷനുകൾ, വിവിധ വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് ജൂലൈ 29 മുതൽ ഓഗസ്റ്റ് 27 വരെ അഞ്ച് ആഴ്ച്ചകളിലാണ് പരിപാടി സംഘടിപ്പിക്കുക. ‘കൊതുകിനെ തുരത്താം’ എന്നതാണ് പരിപാടിയുടെ ടാഗ് ലൈൻ.
കർമപരിപാടിയുടെ ഉദ്ഘാടനവും മൊബൈൽ ആപ്ലിക്കേഷന്റെയും ലോഗോയുടെയും പ്രകാശനവും ശനിയാഴ്ച(ജൂലൈ 29) രാവിലെ 10.30ന് ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് ഹാളിൽ ജനപ്രതിനിധികൾ നിർവഹിക്കും.