
സ്വന്തം ലേഖിക
തിരുവനന്തപുരം: മുട്ടില്‍ മരം മുറിക്കേസില്‍ പൊലീസിന്‍റെ കുറ്റപത്രം ഉടൻ.
300 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള രാജകീയ വൃക്ഷങ്ങള്‍ അടക്കമാണ് സര്‍ക്കാര്‍ ഉത്തരവിന്‍റെ മറവില്‍ മുറിച്ചുമാറ്റിയതെന്ന് ഡിഎൻഎ പരിശോധനയില്‍ വ്യക്തമായതോടെ കുറ്റപത്രം നല്‍കാനുള്ള തടസ്സങ്ങള്‍ പൊലീസിന് മുന്നില്‍ മാറി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, മരങ്ങളുടെ മൂല്യം കൂടി കണക്കാക്കി റവന്യൂ വകുപ്പിന്‍റെ റിപ്പോര്‍ട്ട് നല്‍കുന്നത് വൈകുകയാണ്.
പട്ടയ ഭൂമിയില്‍ നട്ടുവളര്‍ത്തിയതും പൊടിച്ചതുമായ മരങ്ങള്‍ ഭൂ ഉടമകള്‍ക്ക് മുറിച്ച് മാറ്റാൻ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്‍റെ മറവിലായിരുന്നു വയനാട്ടിലെ വൻ മരംകൊള്ള. മുട്ടിലാണ് ആദിവാസി ഭൂമിയില്‍ നിന്ന് പോലും അഗസ്റ്റിൻ സഹോദരങ്ങള്‍ 104 മരങ്ങള്‍ മുറിച്ചു കടത്തിയത്.
ഭൂപരിഷ്ക്കരണ നിയമം വന്ന ശേഷം പട്ടയഭൂമിയില്‍ നിന്നും മരമുറിക്കാനുള്ള അനുമതിയുണ്ടെന്നായിരുന്നു പ്രതികളുടെ വാദം. ഇത് തള്ളുന്നതാണ് മരങ്ങളുടെ ഡിഎൻഎ റിപ്പോര്‍ട്ട്.
പെരുമ്പാവൂര്‍ ഡിപ്പോയില്‍ നിന്നും മുറിച്ചു കടക്കാൻ ശ്രമിച്ചവേ വനംവകുപ്പ് പിടികൂടിയ മരങ്ങളില്‍ 12 മരങ്ങള്‍ 300 വര്‍ഷത്തിന് മുകളിലുള്ളവയാണ്. 9 മരങ്ങള്‍ 400 ന് മുകളിലുള്ളവയുമാണ്. മൂന്ന് എണ്ണത്തിന് 500 വര്‍ഷത്തിലധികം പഴക്കമുണ്ടെന്നും ഡിഎൻഎ പരിശോധനയില്‍ തെളിഞ്ഞതോടെ സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് ശക്തമായി.



