
സ്വന്തം ലേഖകൻ
കോട്ടയം: പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലിൽ വീടിന്റെ മുറ്റത്തു നിൽക്കുന്ന ഓരോരുത്തർക്കും പറയാനുണ്ട് അകമഴിഞ്ഞ സ്‌നേഹത്തിന്റെ കഥകൾ. ജീവിതം രക്ഷപ്പെടുത്തിയ അനുഭവ സാക്ഷ്യവുമായി ചിലർ, രാഷ്ട്രീയത്തിലേക്കു കൈപിടിച്ച് ജനസേവകരാക്കിയ അനുഭവങ്ങളുമായി മറ്റു ചിലർ, പ്രതിസന്ധിയിൽ കൈത്താങ്ങായതിനെപ്പറ്റി ഇനിയും ചിലർ. വിയോഗത്തിന്റെ കനമുള്ള മൗനത്തിലും അവരുടെ മനസ്സുകൾ ആ സ്‌നേഹത്തെപ്പറ്റി നൊമ്പരത്തോടെ ഓർമ്മകൾ പങ്കുവയ്ക്കുന്നു. നാട്ടുകാരുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന്റെ വിയോഗ വാർത്തയറിഞ്ഞ് സങ്കടത്തിരകളായി ജനസാഗരം വീട്ടിലേക്ക്.
”ഞങ്ങളുടെ കുടുംബത്തിലെ മൂത്തകാരണവരെ നഷ്ടപ്പെട്ടു. ഇവിടെവന്നാൽ എന്താണ് നിങ്ങളുടെ ആവശ്യമെന്ന് ചേർത്തുനിർത്തി ചോദിക്കും. മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഒഴിവായശേഷവും അദ്ദേഹം ഇവിടെ എത്തിയിരുന്നു”, പ്രദേശവാസിയായ യുവാവ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ഉമ്മൻ ചാണ്ടി സാറിനെ വിളിച്ചനേരത്ത് എന്നെ വിളിച്ചൂടായിരുന്നോ’ എന്ന് ചോദിച്ചായിരുന്നു വൈക്കം കുടവച്ചൂർ സ്വദേശിയായ ഭിന്നശേഷിക്കാരൻ പ്രതികരിച്ചത്. പ്രിയനേതാവിന്റെ മരണവിവരമറിഞ്ഞ് ചൊവ്വാഴ്ച രാവിലെ പുതുപ്പള്ളിയിലെ വീട്ടിലെത്തിയതാണ് വൈക്കം സ്വദേശി. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയാണ് ഇദ്ദേഹത്തിന് സ്‌കൂട്ടർ നൽകിയത്. ”2014-ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹം വാഹനം നൽകി. ഇടയ്ക്കിടെ അദ്ദേഹത്തെ കാണാൻ വരാറുണ്ട്, കേറി ഇരിക്കാനൊക്കെ പറയും. ഇപ്പോൾ കേറ്റി ഇരുത്താൻ പോലും ആളില്ല. നല്ലൊരു മനുഷ്യനാ, കഴിഞ്ഞവർഷമാണ് അവസാനം കണ്ടത്. മരണവാർത്ത കേട്ടയുടൻ വൈക്കത്തുനിന്ന് പുറപ്പെട്ടു. ഒന്നും ചിന്തിച്ചില്ല. എന്റെ സാറിനെ കാണാനുള്ള തിടുക്കം. എന്തുകാര്യങ്ങളുണ്ടേലും സാറ് സാധിച്ചുതരുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ഇനി കണ്ടിട്ടേ പോകുന്നുള്ളൂ”,പുതുപ്പള്ളിയിലെ വീടിന്റെ വരാന്തയിലിരുന്ന് അദ്ദേഹം വിതുമ്പി.
ഉമ്മൻ ചാണ്ടി തന്റെ ഉടയതമ്പുരാനാണെന്നായിരുന്നു പുതുപ്പള്ളിയിലെ വീട്ടിലെത്തിയ ഒരു സ്ത്രീയുടെ പ്രതികരണം. ”സാറ് എന്റെ ഉടയതമ്പുരാനായിരുന്നു. എന്നെ പട്ടിണിയിൽനിന്ന് രക്ഷപ്പെടുത്തിയത് സാറാണ്. എനിക്ക് ജോലി മേടിച്ചുതന്നു. എന്റെ ദൈവമായിരുന്നു”, അവർ കണ്ണീരോടെ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ വിയോഗവാർത്തയറിഞ്ഞതിന്റെ ദുഃഖത്തിലാണ് ഇടുക്കി കഞ്ഞിക്കുഴിയിലെ ‘ഉമ്മൻ ചാണ്ടി കോളനി’ നിവാസികളും. ഉമ്മൻ ചാണ്ടി ഇടപെട്ട് പട്ടയം അനുവദിച്ച കോളനിയാണിത്. ഉമ്മൻ ചാണ്ടിയെക്കുറിച്ച് പറയാൻ വാക്കുകളില്ലെന്നായിരുന്നു കോളനിയിലെ അന്തേവാസിയായ വീട്ടമ്മയുടെ പ്രതികരണം. ”അതിയായ ദുഃഖമുണ്ട്. ഇവിടെ വീടില്ലായിരുന്നു. ഞങ്ങൾ 39 കുടുംബങ്ങൾക്ക് വീട് കിട്ടി. വഴി ഇല്ലായിരുന്നു ഇവിടെ, ഇപ്പോൾ വഴിയുണ്ട്, ഹാൾ കിട്ടി. എല്ലാം സാറ് വന്നതുകൊണ്ടാണ്. പുള്ളിയുടെ വീടിന്റെ വാതിൽക്കൽ പോയാൽ ആയിരം രൂപയുടെ ചെക്കെങ്കിലും നൽകാതെ വിടില്ല. അങ്ങനെ ഇനി ഏത് മന്ത്രിയാണ് വരിക”, അവർ വിതുമ്പി.
ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലിൽ വീട്ടിൽ ഉണ്ടെന്നറിഞ്ഞാൽ പുലർച്ചെ നാലു മണി മുതൽ മുറ്റത്ത് ആളുകൾ എത്തിത്തുടങ്ങും. അതിരാവിലെ ഉറക്കമുണർന്ന് എത്തുന്ന ജനകീയ നേതാവ് അവരുടെ പ്രശ്‌നങ്ങൾ ശ്രദ്ധയോടെ കേട്ട് പരിഹാരമുണ്ടാക്കും. പതിറ്റാണ്ടുകളായി തുടരുന്ന ഈ പതിവ് പക്ഷേ ഇന്നു പുലർച്ചെ മുറിഞ്ഞു. പുലർച്ചെ നാലരയോടെ വീട്ടുമുറ്റത്തെത്തിയവരുടെ കണ്ണുകൾ നനഞ്ഞിരുന്നു. പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന്റെ വിയോഗവാർത്ത അറിഞ്ഞതു മുതൽ നാട്ടുകാർ ഇവിടേക്ക് ഒഴുകിയെത്തുകുയാണ്.