
ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി; ബോട്ടിനടിയിൽ കുടുങ്ങിക്കിടന്ന മൃതദേഹം പുറത്തെടുത്തത് അഗ്നിശമന സേനയുടെ മുങ്ങൽ വിദഗ്ധർ
സ്വന്തം ലേഖകൻ
ആലപ്പുഴ: ഹൗസ് ബോട്ടിൽ നിന്ന് വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂർ സ്വദേശി ദീപക് ആണ് മരിച്ചത്. ബോട്ടിനടിയിൽ കുടുങ്ങിക്കിടന്ന മൃതദേഹം അഗ്നിശമന സേനയുടെ മുങ്ങൽ വിദഗ്ധരാണ് പുറത്തെടുത്തത്.
ഇന്നലെ രാത്രി ഒമ്പതിനാണ് യുവാവിനെ കാണാതായതായത്. കോയമ്പത്തൂരിൽ നിന്ന് വിനോദ യാത്രക്കെത്തിയ 9 അംഗ സംഘത്തിൽപ്പെട്ടയാളാണ്. പള്ളാത്തുരുത്തി ഭാർഗവൻ ബോട്ട് ജെട്ടിക്ക് സമീപം ആയിരുന്നു അപകടം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു ദീപകും കുടുംബവും ഹൗസ്‌ബോട്ടില്‍ കയറിയത്. വൈകീട്ട് ഹൗസ് ബോട്ട് നങ്കൂരമിട്ടതിന് ശേഷം കുടുംബാംഗങ്ങൾ മുകളിലത്തെ നിലയിലായിരുന്നു. എന്നാൽ ദീപക് ബോട്ടിന്റെ താഴത്തെ നിലയില്‍ ഉറങ്ങുകയായിരുന്നു. രാത്രി ഉറക്കത്തിനിടയില്‍ എഴുന്നേറ്റ് പുറത്തേക്ക് പോയ അദ്ദേഹം കായലിലേക്ക് വീഴുന്നതായാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
ദീപക് കായലില്‍ വീണത് കുടുംബാംഗങ്ങള്‍ അറിഞ്ഞിരുന്നില്ല. പിന്നീട് ഇദ്ദേഹത്തെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അപകടം തിരിച്ചറിഞ്ഞത്. ഇന്നലെ രാത്രി തന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്ന് രാവിലെ മുങ്ങല്‍ വിദഗ്ധരെത്തി നടത്തിയ തിരച്ചിലിലാണ് ബോട്ടിന്റെ അടിത്തട്ടില്‍ കുടുങ്ങിയ നിലയില്‍ ദീപകിന്റെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.