അര്‍ധരാത്രി കലിപൂണ്ടെത്തി കാട്ടാന ; കണമലയിലും കൊമ്പു കുത്തിയിലും വ്യാപക കൃഷി നാശം, നാട്ടുകാർ വന്യ ജീവി ആക്രമണത്തിൽ പെറുതിമുട്ടുമ്പോഴും സൗരവേലിക്കുള്ള പദ്ധതി പ്രഖ്യാപിച്ചതല്ലാതെ നടപടി ആരംഭിച്ചിട്ടില്ലെന്ന് പരാതി
സ്വന്തം ലേഖകൻ
കണമല: അര്‍ധരാത്രിയില്‍ ചിന്നം വിളിച്ച് കലിപൂണ്ടെത്തിയ ആന കണ്ണിൽ പെട്ടെതെല്ലം ഒറ്റയടിക്ക് തകര്‍ത്തറിഞ്ഞു. ഇന്നലെ പുലര്‍ച്ചെ കണമല കാളകെട്ടി ഉറുബില്‍ പ്രദീപിന്റെ കൃഷിയിടമാണ് കാട്ടാനയുടെ അക്രമത്തിൽ നശിച്ചത്.
ഒരു തെങ്ങ് പിഴുതു കുത്തി മറിച്ചിട്ടു. മറ്റൊരു തെങ്ങ് കുത്തിമറിച്ചിടാനായി പലതവണ ശ്രമിച്ചു. ഒപ്പം കൃഷികളും നശിപ്പിച്ച ആന പറമ്ബിലെ ഒരു പ്ലാവ് കണ്ടെത്തിയതോടെ കലിപ്പ് അവസാനിപ്പിച്ചത്. ചക്കകള്‍ തിന്നശേഷം ആന തിരികെ കാട് കയറി. തിന്നാൻ വനത്തില്‍ തീറ്റ ഇല്ലാത്തതാണ് ആക്രമണകാരിയായ ഒറ്റയാനെ വരെ കാട് ഇറങ്ങാൻ പ്രേരിപ്പിക്കുന്നതെന്ന് നാട്ടുകാര്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടെ വനത്തിനോടു ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ വന്യജീവി സാന്നിധ്യം പതിവാണെങ്കിലും ജനവാസ പ്രദേശങ്ങളില്‍ ആനകള്‍ എത്തുന്നത് വിരളമാണ്. കഴിഞ്ഞയിടെ പ്ലാക്കല്‍ സഹദേവന്റെ വീട്ടുമുറ്റത്ത് പ്ലാവിന്റെ ചുവട്ടില്‍ ആനപ്പിണ്ടം കണ്ടിരുന്നു. ഒട്ടേറെ വീടുകള്‍ ഉള്ള ഈ ഭാഗത്ത് ആന എത്തിയതിന്റെ ഈ തെളിവ് ഏറെ ഭീതിയാണ് സൃഷ്ടിച്ചത്.
അതേസമയം കഴിഞ്ഞ ദിവസം എരുമേലിക്കടുത്ത് കണ്ണിമലയില്‍ നാല് ആനകളാണ് കാടിറങ്ങി എത്തിയത്. പാക്കാനം കാരിശേരി വാര്‍ഡിലും തുമരംപാറ കൊപ്പം ഭാഗത്തും ഇരുബിന്നിക്കര വാര്‍ഡിലെ ആശാൻ കോളനി, കോയിക്കക്കാവ് പ്രദേശത്തും ആനകള്‍ നാട്ടുകാരുടെ സ്വസ്ഥത കെടുത്തിക്കൊണ്ടിരിക്കുകയാണ്. കണമല കിഴക്കൻ മേഖലയില്‍ കീരിത്തോട് ഭാഗത്താണ് ആനകള്‍ നാട്ടുകാരുടെ പേടിസ്വപ്നമായി മാറുന്നത്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടു കര്‍ഷകര്‍ കൊല്ലപ്പെട്ടത് ഉള്‍പ്പടെ വന്യ ജീവി ആക്രമണം വര്‍ധിച്ചിട്ടും സൗരവേലി വയ്ക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചതല്ലാതെ നടപടി ആരംഭിച്ചിട്ടില്ല.