
കോട്ടയത്ത് പഴം, പച്ചക്കറി വ്യാപാരത്തിന്റെ മറവിൽ ലഹരി മരുന്ന് വില്പന; നാലു ലക്ഷത്തോളം രൂപയുടെ ബ്രൗൺ ഷുഗറുമായി ആസാം സ്വദേശി എക്സൈസിന്റെ പിടിയിൽ; 100 മില്ലി ഗ്രാമിന് 5000 രൂപ നിരക്കിൽ യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ വില്പന
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം നഗരത്തിൽ പഴം ,പച്ചക്കറി വ്യാപാരത്തിന്റെ മറവിൽ ലഹരി മരുന്ന് വില്പന നടത്തിയ യുവാവ് പിടിയിൽ. ആസാം സോണിപൂർ പഞ്ച്മൈൽ രാജികുൾ അലം(33) എന്നയാളാണ് കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.
നഗരത്തിലെ യുവാക്കളെയും വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും ലക്ഷ്യമാക്കി മാരകലഹരി മരുന്നായ ബ്രൗൺ ഷുഗർ വില്പന നടത്തിവരികയായിരുന്നു പ്രതി. പുതുതലമുറയുടെ ലഹരിയോടുള്ള ഭ്രമം മനസ്സിലാക്കി വില്പനയ്ക്കായി കൊണ്ടുവന്ന 4 ലക്ഷത്തോളം രൂപയുടെ മയക്ക മരുന്നുമായാണ് ഇയാൾ പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്യ സംസ്ഥാനത്തു നിന്നും ട്രെയിൻ മാർഗ്ഗം കേരളത്തിൽ കൊണ്ട് വരുന്ന ഹെറോയിൻ എന്ന് അറിയപ്പെടുന്ന ബ്രൗൺ ഷുഗർ 100 മില്ലി ഗ്രാമിന് 5000 രൂപ നിരക്കിലാണ് വില്പന നടത്തിയിരുന്നത്. മുൻപും നിരവധി കഞ്ചാവ് കേസുകളിൽ പ്രതി ആയിട്ടുള്ളയാളാണ് രാജികുൾ അലം .എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയിൽ നിന്നും 78 ചെറിയ പ്ലാസ്റ്റിക് കണ്ടെയ്നറുകളിലായി നിറച്ച ബ്രൗൺ ഷുഗർ പിടിച്ചെടുത്തു.
കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ട നീക്കത്തിനൊടുവിൽ കമ്മീഷണർ സ്ക്വാഡിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, ഇന്റലിജൻസ് ബ്യുറോ പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത്. കെ. നന്ദ്യാട്ട് കോട്ടയം എക്സൈസ് സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർമാരായ കെ.എൻ . വിനോദ്, അനു. വി. ഗോപിനാഥ്, ജി.അനിൽ കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ നിമേഷ്. കെ.എസ്, പ്രശോഭ് കെ.വി ശ്യാം ശശിധരൻ വനിത സിവിൽ എക്സൈസ് ഓഫീസർ വിജയരശ്മി. വി എന്നിവർ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.