കോട്ടയം തിരുവാർപ്പിൽ തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് സിഐടിയു പ്രവർത്തകർ ബസിന് മുന്നില്‍ കൊടികുത്തിയ സംഭവം; സമരം താല്ക്കാലികമായി നിർത്തിവെച്ചു; ബസ് പൊലീസിന് കൈമാറി ; കോടതി വിധി മാനിച്ചുകൊണ്ടാണ് നടപടിയെന്ന് സിഐടിയു ; വീഡിയോ കാണാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് ബസിന് മുന്നില്‍ കൊടികുത്തിയ സംഭവത്തില്‍ സമരം താത്ക്കാലികമായി നിർത്തിവെച്ചതായി സിഐ ടി യു പ്രവർത്തകർ. സർക്കാരിനേയും, പൊലീസിനേയും കോടതി വിധിയേയും മാനിച്ചുകൊണ്ടാണ് തങ്ങൾ സമരം നിർത്തിവെയ്ക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.

തൊഴില്‍ തര്‍ക്കത്തെത്തുടര്‍ന്ന് തിരുവാര്‍പ്പ്- കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസില്‍ സിഐടിയു. കൊടി കുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സംരംഭകനും വിമുക്തഭടനും കൂടിയായ രാജ് മോഹന്‍ ബസിന് മുന്നില്‍ ലോട്ടറി വില്‍പ്പന ആരംഭിച്ചിരുന്നു. എന്നാല്‍, രാജ് മോഹന്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ പൊലീസ് സംരക്ഷണത്തോടെ സര്‍വീസ് നടത്താന്‍ അവസരമൊരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, ഇത് വെല്ലുവിളിച്ച് സിഐടിയു നേതാക്കള്‍ രംഗത്തെത്തി. കോടതി ഉത്തരവ് നടപ്പാക്കാന്‍ കഴിഞ്ഞദിവസം നേതാക്കള്‍ അനുവദിച്ചിരുന്നില്ല. ശനിയാഴ്ച രാവിലെ സര്‍വീസ് നടത്താന്‍ എത്തിയ ബസ് ഉടമയേയും തൊഴിലാളികളേയും നേതാക്കള്‍ തടഞ്ഞതായും ആരോപണമുണ്ട്.

അതേസമയം ഞായറാഴ്ച രാവിലെ കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റാനെത്തിയപ്പോൾ സിഐടിയു നേതാവ് മര്‍ദിച്ചതെന്ന് പറഞ്ഞ് ബസ് ഉടമ രാജ്‌മോഹന്‍ രം​ഗത്ത് വന്നിരുന്നു. തുടർന്ന് സിഐടിയു രാജ്‌മോഹനെ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ബസിന് സര്‍വീസ് നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.

ഇതേത്തുടര്‍ന്നാണ് ഞായറാഴ്ച കൊടിതോരണങ്ങള്‍ അഴിച്ചമാറ്റാന്‍ രാജ് മോഹന്‍ എത്തിയത്. സ്ഥലത്ത് എത്തിയ സിപിഎം ജില്ലാ കമ്മിറ്റി അംഗമായ അജയ്, രാജ് മോഹന്‍ കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റുമ്പോള്‍ മര്‍ദിക്കുകയായിരുന്നു. ഇയാള്‍ രാജ് മോഹനെ തെറിവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. പൊലീസുകാരെത്തിയാണ് ഇയാളെ പിടിച്ചുമാറ്റിയത്. രാജ് മോഹനെ കുമരകത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

കൊടിയിൽ തൊട്ടാൽ വീട്ടില്‍ കയറി വെട്ടുമെന്ന് സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായി ഉടമ രാജ് മോഹന്‍ ആരോപിച്ചിരുന്നു. ഇവിടെ നടക്കുന്നത് ഗുണ്ടാരാഷ്ട്രീയമാണ്. തന്നെപ്പോലൊരാള്‍ രാജ്യത്തിന് വേണ്ടി അതിര്‍ത്തിയില്‍ പോരാടിയ ഒരാള്‍ കാണിക്കുന്ന ചങ്കൂറ്റമൊന്നും ഒരുപക്ഷെ കേരളത്തിലെ ഡിജിപിക്ക് പോലും കാണില്ലെന്ന് തനിക്കുറപ്പുണ്ടെന്നും രാജ്‌മോഹന്‍ മാധ്യമങ്ങളോട് പറഞ്ഞു.