ഒറ്റ ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നത് മൂന്നു മോഷണങ്ങൾ; രോഗി ഡോക്ടറുടെ മൊബൈൽ ഫോൺ അടിച്ച് മാറ്റി മുങ്ങി..! ഓ പി യിൽ ക്യൂ നിന്ന യുവതിയുടെ പേഴ്സും , ഗൈനക്കോളജി വാർഡിൽ പ്രസവത്തിനായി എത്തിയ യുവതിയുടെ പേഴ്സിൽ സൂക്ഷിച്ചിരുന്ന മോതിരവും വരെ കള്ളൻ അടിച്ച് മാറ്റി; കള്ളൻമാരേയും കൊള്ളക്കാരേയും കൊണ്ട് പൊറുതി മുട്ടി കോട്ടയം മെഡിക്കൽ കോളേജ്
സ്വന്തം ലേഖകൻ
ഗാന്ധിനഗർ : ഒറ്റ ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ നടന്നത് മൂന്ന് മോഷണങ്ങൾ. രോഗികളുടെ മാത്രമല്ല ഡോക്ടർമാരുടെയും വിലപിടിപ്പുള്ള സാധനങ്ങളുമായാണ് മോഷ്ടാക്കൾ മുങ്ങുന്നത്.
പരിശോധനയ്ക്ക് എത്തിയ രോഗി സർജറി ഡിപ്പാർട്ട്മെന്റിലെ യുവഡോക്ടറുടെ മൊബൈൽ ഫോണും അടിച്ചുമാറ്റിയാണ് മുങ്ങിയത്.
കാഷ്വാലിറ്റിയിൽ എമർജൻസിയായി വരുന്ന രോഗികളെ നോക്കിയിരുന്ന ഡോ. ജോസ് തോമസിന്റെ ഫോണാണ് ഇന്ന് ഉച്ചയോടെ കള്ളൻ കൊണ്ടുപോയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏതാനും മിനിറ്റുകളുടെ വ്യത്യാസത്തിൽ സമാനമായ രീതിയിൽ ഗൈനക്കോളജി വാർഡിൽ നിന്നും പ്രസവത്തിനായി എത്തിയ യുവതിയുടെ സ്വർണാഭരണങ്ങളും നഷ്ടമായി. പേഴ്സിൽ സൂക്ഷിച്ചിരുന്ന മോതിരങ്ങളാണ് നഷ്ടപ്പെട്ടത്.
ഇതിന് പിന്നാലെ ഓപിയിൽ ക്യൂ നിന്ന പെരുമ്പാവൂർ സ്വദേശിയായ ജോഷിത എന്ന യുവതിയുടെ ബാഗിൽ നിന്നും പണം അടങ്ങിയ പേഴ്സും കള്ളൻ കൊണ്ടുപോയി . ഒരു ദിവസം തന്നെ ഇത്രയേറെ മോഷണങ്ങൾ നടന്നിട്ടും ആശുപത്രി അധികാരികൾക്ക് യാതൊരു കുലുക്കവുമില്ല.
കോട്ടയം, പത്തനംതിട്ട , എറണാകുളം ജില്ലകളിലെ ക്രിമിനലുകളുടെ പ്രധാന ഒളിത്താവളമാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി. ഓ പി ടിക്കറ്റ് എടുത്താൽ ഏതൊരാൾക്കും സുഖമായി ആശുപത്രിയിൽ ആഴ്ചകളോളം കഴിയാം. സൗജന്യഭക്ഷണവും കിടക്കാൻ സൗകര്യവും ലഭിക്കും. മധ്യകേരളത്തിലെ മിക്ക ക്രിമിനൽ കേസുകളിലെ പ്രതികളെയും പിടികൂടുന്നത് കോട്ടയം മെഡിക്കൽ കോളേജ് കോമ്പൗണ്ടിനകത്തു നിന്നുമാണ്. കള്ളന്മാരുടെയും കൊള്ളക്കാരുടെയും വിഹാര കേന്ദ്രമായി ആശുപത്രി മാറിയിട്ടും ആശുപത്രി അധികാരികൾക്കും സെക്യൂരിറ്റി ജീവനക്കാർക്കും പൊലീസുകാർക്കും യാതൊരു കുലുക്കവുമില്ല.