വെളുക്കാൻ തേച്ചത് പാണ്ടായി..!! 17,000 രൂപയുടെ ഫേഷ്യല്‍ ചെയ്തു, 23 കാരിയുടെ മുഖം പൊള്ളി..! സലൂണിനെതിരെ കേസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മുബൈ : ഫേഷ്യല്‍ ചെയ്തതിനെ തുടര്‍ന്ന് യുവതിയുടെ മുഖത്ത് പൊള്ളലേറ്റു . ഇരുപത്തിമൂന്നുകാരിയായ യുവതിക്കാണ് വലിയ വില നല്‍കി ഫേഷ്യല്‍ ചെയ്തതിനെ തുടര്‍ന്ന് ഇങ്ങനെയൊരു ദുരവസ്ഥയുണ്ടായിരിക്കുന്നത്.

മുംബൈയിലെ അന്ധേരിയിൽ ജൂണ്‍ 17നാണ് സംഭവം.17,000 രൂപയ്ക്കാണ് യുവതി ഫേഷ്യല്‍ അടക്കമുള്ള പ്രൊസീജ്യറുകള്‍ ചെയ്തത്രേ. ഫേഷ്യല്‍ തുടങ്ങി ആദ്യഘട്ടത്തില്‍ തന്നെ ചെറിയ അസ്വസ്ഥത തോന്നുന്നതായി യുവതി ഇത് ചെയ്യുന്നവരെ അറിയിച്ചിരുന്നു. എന്നാല്‍ ചിലര്‍ക്ക് ചില ഉത്പന്നങ്ങള്‍ ചെറിയ അസ്വസ്ഥതയുണ്ടാക്കുമെന്നും അത് സാധാരണമാണെന്നും കുറച്ച് സമയം കൂടി കാത്താല്‍ സുഖമാകുമെന്നും ഇവര്‍ യുവതിയെ ധരിപ്പിച്ചു. ചിലര്‍ക്ക് ഒന്നോ രണ്ടോ ദിവസങ്ങള്‍ ഈ അസ്വസ്ഥതയുണ്ടാകുമെന്നും അതില്‍ പേടിക്കാനില്ലെന്നും ഇവരറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ സമയം വൈകുംതോറും യുവതിയുടെ മുഖത്ത് പൊള്ളല്‍ രൂക്ഷമായി വന്നു. ഇതോടെ യുവതിയും കൂടെ വന്നവരും സലൂണിലുള്ളവരും തമ്മില്‍ വാക്കേറ്റമായി. ബഹളം കേട്ട് പുറത്ത് പട്രോളിംഗിലായിരുന്ന പൊലീസുകാര്‍ സലൂണിലേക്ക് കയറി കാര്യമന്വേഷിച്ചു.

യുവതിയും കൂടെ വന്നവരും പൊലീസുകാരോട് കാര്യം പറഞ്ഞു. എന്നാല്‍ സലൂണുകാര്‍ ഇത് അംഗീകരിച്ചില്ല. തിരികെ വീട്ടിലേക്ക് മടങ്ങിയ യുവതി പിറ്റേന്ന് രാവിലെയോടെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. അപ്പോഴേക്ക് മുഖത്ത് ആകെ പൊള്ളിയതിന്‍റെ പാടുകള്‍ പടര്‍ന്നിരുന്നു. പരിശോധനയില്‍ പൊള്ളല്‍ അല്‍പം സാരമുള്ളത് തന്നെയാണെന്നും പാടുകള്‍ പോകാൻ സാധ്യതയില്ലെന്നുമാണത്രേ ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

നിലവാരമില്ലാത്തതോ കാലാവധി കഴിഞ്ഞതോ ആയ ഉത്പന്നങ്ങള്‍ ഉപയോഗിച്ചതോ, വിവിധ ഉത്പന്നങ്ങള്‍ മിക്സ് ചെയ്യുമ്പോള്‍ കൃത്യമല്ലാത്ത അനുപാതത്തിലായതോ ആകാം യുവതിയുടെ മുഖത്ത് പൊള്ളലേല്‍ക്കാൻ കാരണമായത് എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

എന്തായാലും സംഭവത്തില്‍ സലൂണിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് യുവതിയുടെയും വീട്ടുകാരുടെയും തീരുമാനം. ഇതനുസരിച്ച് സലൂണ് ഉടമയ്ക്കെതിരെ പൊലീസ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.