
സംസ്ഥാനത്തെ എഐ ക്യാമറയ്ക്ക് താഴിടാന്‍ കരുക്കളുമായി പ്രതിപക്ഷം; സംയുക്ത നീക്കത്തില്‍ ചെന്നിത്തലക്ക് കൂട്ടായി സതീശനും ഹൈക്കോടതിയിലേക്ക്
സ്വന്തം ലേഖിക
കൊച്ചി: സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ എ ഐ ക്യാമറകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റേ ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം ഹൈക്കോടതിയിലേക്ക്.
ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ സംസ്ഥാനത്തെ വിവിധ റോഡുകളില്‍ സ്ഥാപിച്ച എ.ഐ ക്യാമറ പദ്ധതിയിലെ അഴിമതികള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിപക്ഷ നേതാവ് വി ഡി സതീശനും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംയുക്തമായി നല്‍കിയ ഹര്‍ജിയില്‍ എ ഐ ക്യാമറയിലെ അഴിമതി ആരോപണം ഇരുനേതാക്കളും ചൂണ്ടിക്കാട്ടുന്നുണ്ട്. കൂടാതെ അടിമുടി അഴിമതിയില്‍ പൂണ്ടു കിടക്കുന്ന പദ്ധതിയില്‍ ഭരണ സംവിധാനത്തിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്നും ഇവര്‍ ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
പദ്ധതിയില്‍ നിറയെ അഴിമതിയാണെന്ന ആരോപണമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ പി സി സി അധ്യക്ഷൻ കെ സുധാകരനും മുന്നോട്ടുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ഐ ഐ ക്യാമറയുടെ പ്രവര്‍ത്തനം സ്റ്റേ ചെയ്യണമെന്നാണ് ഇവര്‍ ഹര്‍ജിയിലൂടെ പ്രധാനമായും ആവശ്യപ്പെടുന്നത്.
കൂടാതെ ഈ വിഷയത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മോട്ടോര്‍ വാഹന വകുപ്പും കെല്‍ട്രോണും തമ്മിലുള്ള കരാറുകള്‍ റദ്ദാക്കണമെന്നും ഹര്‍ജിയിലൂടെ ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.