
കോട്ടയം കങ്ങഴയിൽ തടി നോക്കാനെന്ന വ്യാജേനയെത്തി 1000 കിലോ ഒട്ടുപാൽ മോഷ്ടിച്ചു..! മൂന്നു യുവാക്കൾ പിടിയിൽ
സ്വന്തം ലേഖകൻ
കറുകച്ചാൽ : റബ്ബർ തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പാറക്കൽ കോളനി ഭാഗത്ത് കാലായിൽ വീട്ടിൽ അജികുമാർ .ജി (48), റാന്നി പാറക്കൽ കോളനി ഭാഗത്ത് ഓമന നിവാസിൽ അനീഷ് കുമാർ .കെ (38), റാന്നി സബ്സ്റ്റേഷൻ ഭാഗത്ത് ലക്ഷംവീട് കോളനിയിൽ കുന്നുംപുറം വീട്ടിൽ സന്തോഷ് .ആർ (34) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ മൂവരും ചേർന്ന് കഴിഞ്ഞദിവസം കങ്ങഴ പരുത്തിമൂട് ഭാഗത്തുള്ള റബ്ബർ തോട്ടത്തിലെ ഷെഡിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന ആയിരം കിലോ വരുന്ന പച്ച റബ്ബർ ചണ്ടികൾ മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു. വെള്ളാവൂർ സ്വദേശി ടാപ്പിങ്ങിനായി പാട്ടത്തിനെടുത്ത് നടത്തിവന്നിരുന്ന റബർ തോട്ടത്തിൽ അജികുമാർ മറ്റുള്ളവരോടൊപ്പം പകൽ സമയത്ത് തടി നോക്കാൻ എന്ന വ്യാജേനെ എത്തിയിരുന്നു. തുടർന്ന് ഇവർ വീണ്ടും രാത്രിയിൽ എത്തി ഷെഡിൽ സൂക്ഷിച്ചിരുന്ന റബർ ചണ്ടികൾ മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ കണ്ടെത്തുകയും ഇവരെ പിടികൂടുകയുമായിരുന്നു. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്. ഓ മഹേഷ് കുമാർ, എസ്.ഐ അനിൽകുമാർ, സന്തോഷ് കുമാർ, സി.പി.ഓ മാരായ അൻവർ കരീം, ബിവിൻ, നിയാസ്, വിവേക്, പ്രദീപ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.