അദൃശ്യയായിരുന്ന് വിദ്യയുടെ അടുത്ത “വിദ്യ”!!! ഇരുട്ടിൽ തപ്പി പൊലീസ്; മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് ആവശ്യം; വ്യാജരേഖ ചമച്ച കേസിൽ വിദ്യയെ കുരുക്കാൻ പഴുതകളടച്ച് അന്വേഷണം നടത്തിയിട്ടും കാണാമറയത്തുതന്നെ
സ്വന്തം ലേഖകൻ
പാലക്കാട്: വ്യാജ രേഖ കേസ് പുറത്തുവന്നിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും കേസിലെ പ്രതിയായ മുൻ എസ്എഫ്ഐ നേതാവ് വിദ്യയെ പിടികൂടാതെ പൊലീസ്. വിദ്യയുടെ രണ്ടു മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ആണെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, വിദ്യയുടെ ഫോൺ രേഖകൾ പോലീസ് പരിശോധിച്ചു വരികയാണ്.
മഹാരാജാസ് കോളേജിലെ വ്യാജ പ്രവൃത്തി പരിചയ രേഖ ചമച്ച കേസില്‍ കെ. വിദ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് അഗളി പൊലീസ് ഹൈക്കോടതിയിൽ. ജൂണ്‍ 20-നാണ് വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. വ്യാജരേഖാ കേസിൽ തെളിവ് ശേഖരണം പൂർത്തിയായെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദ്യ വ്യാജ രേഖ ചമച്ചുവെന്നും ഇതിന്റെ ഉറവിടം കണ്ടെത്തണമെന്നും പോലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. അതിനായി വിദ്യയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മഹാരാജാസ് കോളേജിലെ വ്യാജ പ്രവൃത്തി പരിചയ രേഖ സമര്‍പ്പിച്ച് അട്ടപ്പാടി കോളേജില്‍ ജോലിക്ക് ശ്രമിച്ച വിദ്യയുടെ ബയോഡാറ്റ പുറത്തുവന്നിരുന്നു.
മഹാരാജാസിൽ 20 മാസത്തെ പ്രവൃത്തി പരിചയം ഉണ്ടെന്ന് ബയോഡേറ്റയില്‍ അവകാശപ്പെടുന്നത്. അട്ടപ്പാടി കോളേജില്‍ ജോലിക്ക് നൽകിയ ബയോ ഡാറ്റ പോലീസ് ശേഖരിച്ചിരുന്നു. കരിന്തളം കോളജിൽ 10 മാസത്തെയും പാതിരിപ്പാലയിൽ 7 മാസത്തെയും അധ്യാപന പരിചയമുണ്ടെന്നാണ് ബയോഡാറ്റയിലുണ്ട്.
വ്യാജരേഖാ കേസിൽ അഗളി പൊലീസ് അട്ടപ്പാടി കോളേജ് പ്രിൻസിപ്പൽ , ഇൻറർവ്യൂ ബോർഡ് അംഗങ്ങൾ എന്നിവരുടെ വിശദമായ മൊഴി എടുത്തു. അതേസമയം സൈബര്‍ സെല്‍ വിദഗ്ധരുടെ സഹായത്തോടെ അന്വേഷണസംഘം വിപുലീകരിച്ചെങ്കിലും വിദ്യയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.