കട്ടപ്പന വാഴവര ചക്കുളത്തുകാവ് അമ്പലത്തിലെ മോഷണം; ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ; പ്രതിയെ പിടികൂടിയത് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം
സ്വന്തം ലേഖിക
കട്ടപ്പന: വാഴവര ചക്കുളത്തുകാവ് അമ്പലത്തിലെ മോഷണ കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ.
കട്ടപ്പന വാഴവര കൗന്തിയിലെ ചക്കുളത്തുകാവ് ആശ്രമത്തിനോട് അനുബന്ധിച്ചുള്ള അമ്പലത്തിലെ നിലവിളക്കുകളും പള്ളിവാളുകളും പൂജാ പാത്രങ്ങൾ ഉൾപ്പെടെയുള്ള നിരവധി ഓട്ടുപകരണങ്ങളാണ് മോഷണം പോയത്.
മോഷണമുതലുകളുമായി നെടുംങ്കണ്ടത്ത് പെട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നെടുംങ്കണ്ടം പോലീസിന്റെ പിടിയിലായ പ്രതികളിൽ ഒരാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് മറ്റു രണ്ടുപേരും സഞ്ചരിച്ചിരുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും പ്രതികളായ രാജാക്കാട് പഴയവിടുതി പുത്തൻപറമ്പിൽ വർഗീസ് മകൻ ജിൻസ് (19), വെട്ടിയാങ്കൽ ഫ്രാൻസിസ് മകൻ ജോയ്സ് (22) എന്നിവരെ മോഷണ വസ്തുക്കളും വാഹനങ്ങൾ സഹിതം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇതിനിടെ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ട ഒന്നാം പ്രതിയായ രാജാക്കാട് പഴയവിടുതിയിൽ വാടകയ്ക്ക് താമസിക്കുന്ന മുരിക്കാശ്ശേരി മൂങ്ങാപ്പാറ സ്വദേശിയായ ബിനു (25) വിനായി തിരിച്ചിൽ ശക്തമാക്കുകയായിരുന്നു. ഫോൺ സ്വിച്ച് ഓഫ് ചെയ്തു വീടു വിട്ടുപോയ പ്രതിയെ ഇടുക്കി ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസിന്റെ നിർദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ് ഐ സജിമോൻ ജോസഫ്, സി പി ഒ മാരായ വി കെ അനീഷ്, ശ്രീകുമാർ ശശിധരൻ, ഡി വി ആർ എസ് സി പി ഒ അനീഷ് വിശ്വംഭരൻ എന്നിവരടങ്ങിയ സംഘം രാജാക്കാട് മുല്ലക്കാനത്ത് ഒളിച്ചു താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് പിടികൂടുകയായിരുന്നു.
ഇതിനുമുമ്പ് കഞ്ചാവ് കേസ്സിൽ ജയിലിൽ കഴിഞ്ഞിട്ടുള്ള ആളാണ് പ്രതി. ഇതിനുമുമ്പ് താമസിച്ചിരുന്ന സ്ഥലങ്ങളിൽ ഏതെങ്കിലും രീതിയിലുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ അന്വേഷിച്ചു വരികയാണെന്ന് ഡിവൈഎസ്പി അറിയിച്ചു. പ്രതിയെ തുടർന്നുള്ള അന്വേഷണത്തിനായി തങ്കമണി പോലീസിന് കൈമാറി.