ഭർതൃമതിയായ യുവതിയുമായുള്ള ബന്ധം; പാര്‍ട്ടി കുടുംബത്തിലെ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമവും; ആലപ്പുഴ സിപിഐ ജില്ലാ കൗൺസിൽ അംഗം ജി.സോഹനെ പാർട്ടിയിൽനിന്നു പുറത്താക്കി
സ്വന്തം ലേഖകൻ
ആലപ്പുഴ: ഭർതൃമതിയായ യുവതിയുമായുള്ള ബന്ധത്തിന്റെ പേരിൽ ആലപ്പുഴയിൽ സിപിഐ ജില്ലാ കൗൺസിൽ അംഗത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ചാരുംമൂട് മുൻ മണ്ഡലം സെക്രട്ടറി കൂടിയായ ജി.സോഹനെതിരെയാണ് നടപടി. സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ യോഗത്തിലാണ് തീരുമാനം. തന്റെ കുടുംബം തകർത്തെന്ന് AISF മുൻ ജില്ലാ ഭാരവാഹിയാണ് പാർട്ടി നേതൃത്വത്തിന് പരാതി നൽകിയത്.
പ്രമുഖ പാർട്ടി കുടുംബത്തിലെ അംഗമായ യുവതിയും ഇയാൾ ലൈംഗികാക്രമണത്തിന് ശ്രമിച്ചതായി പാർട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. മൂന്നംഗ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് ചർച്ച ചെയ്ത ജില്ലാ എക്സിക്യൂട്ടിവാണു തീരുമാനമെടുത്തത്. ഇത് ജില്ലാ കൗൺസിലിൽ റിപ്പോർട്ട് ചെയ്തു. തീരുമാനം റിപ്പോർട്ട് ചെയ്ത ജില്ലാ കൗൺസിൽ യോഗത്തിൽ സോഹൻ പങ്കെടുത്തിരുന്നില്ല. ഐകകണ്ഠ്യേനയാണു തീരുമാനം. രണ്ടു ലൈംഗികാതിക്രമ പരാതികളിലാണ് മുഖം നോക്കാതെയുള്ള സിപിഐയുടെ ശക്തമായ തീരുമാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എഐഎസ്എഫ് മുൻ ജില്ലാ ഭാരവാഹിയായ പ്രവാസിയുടെ വിവാഹമോചനത്തിലെത്തിച്ച സ്ത്രീബന്ധവും പ്രമുഖ പാർട്ടി കുടുംബത്തിലെ യുവതിക്കു നേരെയുണ്ടായ ലൈംഗികാതിക്രമവും സോഹനെതിരെ പരാതിയായി സംസ്ഥാന നേതൃത്വത്തിനു മുന്നിലെത്തിയിരുന്നു. കർശന നടപടി വേണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിർദേശമാണ് നടപ്പാക്കിയത്.
അംഗങ്ങളിൽ ഒരാളും സോഹനെതിരായ നടപടിയെ എതിർത്തില്ല. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.വി.സത്യനേശൻ, ജില്ലാ എക്സിക്യൂട്ടിവ് അംഗങ്ങളായ ആർ.സുരേഷ്, ആർ.ഗിരിജ എന്നിവർ ഉൾപ്പെട്ട അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടാണ് എക്സിക്യൂട്ടിവിൽ അവതരിപ്പിച്ചത്.
സോഹനെതിരെ എഐഎസ്എഫ് മുൻ നേതാവിന്റെ പരാതിയാണു സംസ്ഥാന സെക്രട്ടറിക്കു മുന്നിൽ ആദ്യമെത്തിയത്. അതിൽ അന്നു നടപടിയുണ്ടായില്ല. മാസങ്ങൾക്കു മുൻപ് പ്രമുഖ പാർട്ടി കുടുംബാംഗമായ യുവതിയും സംസ്ഥാന സെക്രട്ടറിയോടു പരാതിപ്പെട്ടു. രണ്ടും ഗൗരവമുള്ള പ്രശ്നങ്ങളായതിനാൽ നടപടി വൈകിക്കാൻ കഴിയില്ലെന്നും നടപടിയെടുക്കണമെന്നും സംസ്ഥാന നേതൃത്വം നിർദേശിക്കുകയായിരുന്നു.
എഐഎസ്എഫ് മുൻ നേതാവിന്റെ പണവും സ്വർണവും നഷ്ടപ്പെട്ടെന്നും ആരോപണമുണ്ട്. ഇതു സംബന്ധിച്ച തെളിവുകളും പാർട്ടി നേതൃത്വത്തിനു ലഭിച്ചിരുന്നു.