മഴക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു; പതിനൊന്ന് ദിവസത്തിനിടെ ആറ് മരണം; പ്രതിദിനം 50 ലേറെപ്പേര്‍ക്ക് രോഗബാധ
സ്വന്തം ലേഖിക
കൊച്ചി: എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നു.
മഴക്കാലം ആരംഭിച്ചതോടെ രോഗസാധ്യത കൂടുകയാണ്. ഒരു ദിവസത്തിനിടെ ആറു പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിദിനം 50 ലേറെപ്പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിക്കുന്നത്.
ഒരാഴ്ചയ്ക്കിടെ 2378 പേരാണ് പനി ബാധിച്ചു ചികിത്സയ്ക്കെത്തിയതെന്ന് ജില്ലാ രോഗനിരീക്ഷണ സെല്ലിലെ കണക്കുകള്‍ പറയുന്നു.
ഡെങ്കിപ്പനിക്ക് പുറമെ, എലിപ്പനി, ചെള്ള് പനി തുടങ്ങിയ രോഗങ്ങളും കൂടുതലായി കാണപ്പെടുന്നുണ്ട്. കൂടാതെ വയറിളക്കം, മഞ്ഞപ്പിത്തം എന്നിവയും ബാധിക്കുന്നുണ്ട്.
പനിയുമായി എത്തുന്നതില്‍ കൂടുതലും 20നും 45നും ഇടയ്ക്ക് പ്രായമുള്ളവരാണ്. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ശ്വാസംമുട്ടല്‍ പ്രശ്നങ്ങളും കൂടുതലായി കാണുന്നുണ്ട്.
എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയില്‍ ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുകയാണ്.
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ മാത്രം ശനിയാഴ്ച 50 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സക്ക് എത്തിയത്. നിലവില്‍ 10 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.മഴക്കാലമായതോടെ ഡെങ്കി പരത്തുന്ന കൊതുകുകള്‍ പെരുകുകയാണ്. മഴക്കാല രോഗങ്ങള്‍ വര്‍ധിച്ചതോടെ ജാഗ്രതാ നിര്‍ദേശത്തിനൊപ്പം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ‘പ്രഥമം പ്രതിരോധം’ എന്ന പേരില്‍ പ്രതിരോധ ക്യാംപെയ്ൻ ആരംഭിച്ചിട്ടുണ്ട്.