പച്ച മലയാളം പഠിച്ച് രാജശ്രീ സർട്ടിഫിക്കറ്റ് സ്വന്തമാക്കി
സ്വന്തം ലേഖകൻ
കോട്ടയം: കോളജ് പ്രിൻസിപ്പലായ ഡോ.രാജശ്രീ മലയാളത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിച്ച് പച്ചമലയാളം വിജയിച്ചു.സാക്ഷരതാ മിഷന്റെ പച്ച മലയാളം സർട്ടിഫിക്കറ്റ് കോഴ്സിന്റെ ആദ്യ ബാച്ചിലാണ് പത്തനംതിട്ട ഇലന്തൂർ ഗവ.കോളജ് പ്രിൻസിപ്പലായ ഡോ.രാജശ്രീ വിദ്യാർത്ഥിനിയായി മലയാളം പഠിക്കാനെത്തിയത്.
തിരുവനന്തപുരം സ്വദേശിനിയായ രാജശ്രീ പഠിച്ചതും വളർന്നതും ചെന്നൈയിലായിരുന്നു. മലയാളം പഠിക്കേണ്ട സാഹചര്യം മഹാരാജാസിൽ ഇംഗ്ലീഷ് അധ്യാപികയായി ജോലിയിൽ പ്രവേശിച്ചിടും ഉണ്ടായില്ല. സാക്ഷരതാമിഷൻ ത്രിഭാഷാ സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിച്ചപ്പോൾ പച്ച മലയാളം കോഴ്സിന് കോട്ടയത്ത് മോഡൽ സ്കൂളിലെ പഠന കേന്ദ്രത്തിൽ ചേരുകയായിരുന്നു.മലയാളത്തിന്റെ അക്ഷരങ്ങൾ മുതൽ രാജശ്രീയെ പഠിപ്പിച്ചുവെന്ന് കോഴ്സ് കോ-ഓർഡിനേറ്ററായ അനിൽ കൂരോപ്പട പറഞ്ഞു.
കോളജ് പ്രിൻസിപ്പലായി ചുമതലയേറ്റതോടെ ഭരണഭാഷ മലയാളം ആയതിനാൽ പച്ച മലയാള പഠനം ഏറെ സഹായകരമായതായി ഡോ.രാജശ്രീ പറഞ്ഞു. അധ്യാപകരായ ഡോ.എം.ആർ.ഗോപാലകൃഷ്ണൻ പച്ച മലയാളത്തിനും എ. കാർത്തിക ഗുഡ് ഇംഗ്ലീഷിനും നേതൃത്വം നൽകി.
സർട്ടിഫിക്കറ്റ് കോഴ്‌സുകളിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ വിതരണം ചെയ്തു.കേരളത്തിന്റെ സാമൂഹ്യ പുരോഗതിയിൽ സാക്ഷരതാമിഷന്റെ സംഭാവന നിസ്തുലമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു.
സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.വി.രതീഷ് അധ്യക്ഷത വഹിച്ചു.സി.സി.ഡി.സി ചെയർമാൻ പി.ജെ.വർഗീസ് മുഖ്യ പ്രഭാഷണം നടത്തി.മുൻ കൗൺസിലർ എൻ.എസ് ഹരിശ്ചന്ദ്രൻ, കോഴ്സ് കോ-ഓർഡിനേറ്റർ അനിൽ കൂരോപ്പട, അധ്യാപക പ്രതിനിധി കാർത്തിക, പ്രേരക് അന്നമ്മ കെ.മാത്യു, ജയലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.