കണ്ണ് തുറന്നു നോക്കൂ..! അല്ലേല്‍ കുഴിയില്‍ നട്ട കപ്പ പാകമാകും; അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയില്‍ പൈപ്പ് പൊട്ടി റോഡില്‍ രൂപപ്പെട്ട കുഴിയിൽ കപ്പ നട്ട് പ്രതിഷേധിച്ച് നാട്ടുകാർ; തിരിഞ്ഞ് നോക്കാതെ ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും
സ്വന്തം ലേഖിക
എടത്വാ: പൈപ്പ് പൊട്ടി റോഡില്‍ കുഴികള്‍ രൂപപ്പെട്ടിട്ടും അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കാതെ വന്നതോടെ പൊതുജനം കുഴിയില്‍ കപ്പ നട്ട് പ്രതിഷേധിച്ചു.
അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയില്‍ തലവടി പഞ്ചായത്ത് ജംഗ്ഷന് സമീപത്താണ് പൈപ്പ് പൊട്ടി റോഡിന് മധ്യഭാഗം കുഴിയായി കിടക്കുന്നത്. ഒരു മാസത്തിലേറെയായി ഇതേ അവസ്ഥ തുടര്‍ന്നിട്ടും ജല അതോറിറ്റിയോ പൊതുമരാമത്ത് വകുപ്പോ ഇവിടേയ്ക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൈപ്പ് പൊട്ടിയ സ്ഥലത്തെ കുഴിയുടെ ആഴം അപകടകരമായവിധം വര്‍ധിച്ചു വരുകയാണ്. റോഡിന്റെ വളവില്‍ കുഴി രൂപപ്പെട്ടതിനാല്‍ ദൂരെ നിന്നെത്തുന്ന വാഹനങ്ങള്‍ റോഡിലെ കുഴി കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നത് മൂലം അപകടങ്ങളും പതിവായിരിക്കുകയാണ്.
ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തില്‍ പെടുന്നത്. പരാതിപ്പെട്ട് മടുത്ത യാത്രക്കാര്‍ ഇതോടെ അധികൃതരുടെ കണ്ണ് തുറപ്പിക്കാനാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്.
വാഹനങ്ങള്‍ അപകടത്തില്‍ പെടാതിരിക്കാൻ റോഡിലെ കുഴിയില്‍ കപ്പ നട്ടുവെച്ചായിരുന്നു പ്രതിഷേധം. എ സി റോഡിന്റെ നവീകരണം തുടങ്ങിയതോടെ അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിലൂടെ നൂറ് കണക്കിന് വാഹനങ്ങളാണ് തലങ്ങും വിലങ്ങും ഓടുന്നത്.
കുഴി വെട്ടിച്ച് മാറ്റുന്നത് മൂലം വാഹനങ്ങള്‍ നിയന്ത്രണം തൊറ്റുന്നതും പതിവ് കാഴ്ചയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. സംസ്ഥാന പാതയുടെ അറ്റകുറ്റ പണി ഏറ്റെടുത്ത റോഡ് ഫണ്ട് ബോര്‍ഡും പ്രശ്നത്തില്‍ ഇടപെടുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. അടിയന്തരമായി റോഡിലെ കുഴി അടയ്ക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.