video
play-sharp-fill
എന്നാലും ഇതിത്തിരി അതിരുകടന്നുപോയി !!! തിരുവല്ലയിൽ നിന്നും മോഷ്ടിച്ച സ്കൂട്ടറുമായി കള്ളന്റെ യാത്ര കോട്ടയവും, കൊല്ലവും കടന്ന് തിരുവനന്തപുരത്ത് ; വാഹനത്തിനൊപ്പം വീട്ടുടമസ്ഥന് നഷ്ടമായത് അലമാരയിൽ സൂക്ഷിച്ച  20.50 ഗ്രാം സ്വർണഭരണങ്ങളും ,28000 രൂപയും; ഒടുവിൽ സിസിടിവിയിൽ കുടുങ്ങിയതോടെ അറസ്റ്റ്

എന്നാലും ഇതിത്തിരി അതിരുകടന്നുപോയി !!! തിരുവല്ലയിൽ നിന്നും മോഷ്ടിച്ച സ്കൂട്ടറുമായി കള്ളന്റെ യാത്ര കോട്ടയവും, കൊല്ലവും കടന്ന് തിരുവനന്തപുരത്ത് ; വാഹനത്തിനൊപ്പം വീട്ടുടമസ്ഥന് നഷ്ടമായത് അലമാരയിൽ സൂക്ഷിച്ച 20.50 ഗ്രാം സ്വർണഭരണങ്ങളും ,28000 രൂപയും; ഒടുവിൽ സിസിടിവിയിൽ കുടുങ്ങിയതോടെ അറസ്റ്റ്

സ്വന്തം ലേഖകൻ

തിരുവല്ല: മോഷ്ടിച്ച സ്കൂട്ടറുമായി കറങ്ങിനടന്ന കള്ളൻ ഒടുവിൽ പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ആറ്റിങ്ങൽ കിഴുവല്ലം കാക്കാട്ടുകോണം ചാരുവിള കണ്ണപ്പൻ എന്നുവിളിക്കുന്ന രതീഷ് (35) ആണ്, സി സി ടി വി ദൃശ്യങ്ങളിലൂടെ പിന്തുടർന്ന കീഴ്‌വായ്‌പ്പൂർ പൊലീസിന്റെ വലയിൽ കുടുങ്ങിയത്.

കുന്നന്താനം പാമല വടശ്ശേരിൽ വീട്ടിൽ ശശിധര പെരുമാളിന്റെ മകൻ ശരത് പെരുമാളും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന പാമല ഈട്ടിക്കൽ പുത്തൻ പുരയിൽ വീട്ടുമുറ്റത്ത് നിന്നാണ് ഇയാൾ സ്കൂട്ടർ മോഷ്ടിച്ചത്. വീടിന്റെ അടുക്കളവാതിൽ തകർത്ത് ഉള്ളിൽ കയറി അലമാരയിൽ സൂക്ഷിച്ച 28000 രൂപയും, 112000 വിലവരുന്ന 20.50 ഗ്രാം സ്വർണഭരണങ്ങളും പ്രതി മോഷ്ടിച്ചു. സ്കൂട്ടറിന് 70000 രൂപ വിലവരും, ആകെ 210000 രൂപയുടെ നഷ്ടമുള്ളതായി കാണിച്ച് ശരത് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാമ് അറസ്റ്റ്. കീഴ്‌വായ്‌പ്പൂർ പോലീസ്, ശാസ്ത്രീയ അന്വേഷണസംഘത്തിന്റെയും വിരലടയാള വിദഗ്ദ്ധരുടെയും ഡോഗ് സ്‌ക്വാഡിന്റെയും സഹായത്തോടെ തെളിവുകൾ ശേഖരിച്ച് അന്വേഷണം ശക്തമാക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂട്ടർ, ജില്ലകടന്ന് കോട്ടയം ജില്ലയിൽ സഞ്ചരിക്കുന്നതായി സൂചന ലഭിച്ചു. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണസംഘം മോഷ്ടാവിന്റെ പിന്നാലെകൂടി. ഏറ്റുമാനൂർ, കുമാരനല്ലൂർ തുടങ്ങിയ സ്ഥലങ്ങൾ കടന്ന് കള്ളൻ കൊല്ലം ജില്ലയിലെ പത്തനാപുരം, അഞ്ചൽ, കുളത്തൂപ്പുഴ പ്രദേശങ്ങൾ താണ്ടി യാത്ര തുടർന്നു,

തിരുവനന്തപുരം പാലോട് മോഷ്ടാവ് ഉണ്ടെന്ന് മനസ്സിലാക്കി. മടത്തറ ഭാഗത്തേക്ക് വാഹനം ഓടിച്ചുവരുന്നതായി കണ്ടെത്തി. പിന്തുടർന്ന പൊലീസ് സംഘം മുന്നിൽ കയറി ഇയാളെ തടഞ്ഞുനിർത്തുകയായിരുന്നു. പതറിപ്പോയ കള്ളൻ പോലീസിന്റെ ചോദ്യങ്ങൾക്കുമുന്നിൽ ഉഴറി, മറുപടി എല്ലാം പരസ്പരവിരുദ്ധമായിരുന്നു. വാഹനത്തിന്റെ രേഖകൾ ഒന്നും കയ്യിലില്ല എന്ന മറുപടിയിൽ പിടിച്ചുകയറി ചോദ്യങ്ങളിലൂടെ പൊലീസ് കുഴക്കിയപ്പോൾ കള്ളൻ സത്യം തുറന്നുപറയാൻ നിർബന്ധിതനായി. തിരുവല്ലയ്ക്കും മല്ലപ്പള്ളിയ്ക്കുമിടയിലെ ഒരു സ്ഥലത്തുള്ള വീട്ടിൽ നിന്നും മോഷ്ടിച്ചതാണെന്ന വിവരം പ്രതി കൃത്യമായി പോലീസിനോട് വെളിപ്പെടുത്തി.

കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ അവിടെവച്ചുതന്നെ വൈകിട്ട് 5.15 ന് അറസ്റ്റ് ചെയ്തു. സ്കൂട്ടർ പിടിച്ചെടുത്ത് ചിതറ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രതിയെ കീഴ്‌വായ്‌പ്പൂർ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയും, കുറ്റസമ്മതമൊഴി രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന്, വിരലടയാളമെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി.