
എഐ ക്യാമറ; പിഴ ഈടാക്കല്‍ അനിശ്ചിതത്വത്തില്‍; എസ്‌എംഎസുമില്ല ചലാനും പോയില്ല; സാങ്കേതിക തടസ്സം ഉടന്‍ പരിഹരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
സ്വന്തം ലേഖിക
തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്തെ ഗതാഗത നിയമലംഘനങ്ങള്‍ കയ്യോടെ പിടികൂടാൻ എഐ ക്യാമറകള്‍ മിഴി തുറന്നെങ്കിലും പിഴ ഈടാക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്.
മാസങ്ങള്‍ നീണ്ട ട്രെയല്‍ റണ്ണുകള്‍ക്കും, കൊട്ടിയാഘോഷിച്ചുള്ള ഉദ്ഘാടനത്തിനുമൊടുവില്‍, ക്യാമറ പ്രവര്‍ത്തിച്ച് തുടങ്ങിയപ്പോള്‍ ചെറുതായൊന്ന് പണി പാളി. പ്രവര്‍ത്തനമാരംഭിച്ച് രണ്ട് ദിവസം പിന്നിട്ടിട്ടും സാങ്കേതിക തകരാറുകള്‍ മൂലം ഒരു നോട്ടീസ് പോലും അയക്കാൻ സാധിക്കാത്ത അവസ്ഥയാണ് നിലവില്‍ ഉള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിവാഹൻ സോഫ്റ്റ് വെയറിലെ പ്രശ്നങ്ങള്‍ എൻഐസി ഇന്ന് പരിഹരിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ ഓരോ കണ്‍ട്രോള്‍ റൂമിലും പരിശോധിച്ച് ഉറപ്പ് വരുത്തിയാല്‍ പരിവാഹൻ സോഫ്റ്റുവെയറിലേക്ക് അയക്കും. വാഹന ഉടമക്ക് എസ്‌എംഎസ് പോകേണ്ടതും ഈ ചെല്ലാൻ തയ്യാറാക്കുന്നതുമെല്ലാം നാഷണല്‍ ഇൻഫോമാറ്റിക് സെന്‍ററിന്‍റെ കീഴിലുള്ള സോഫ്ററുവെയര്‍ വഴിയാണ്.
തിങ്കളാഴ്ച രാവിലെ മുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി സോഫ്റ്റുവെയറിലേക്ക് അപ്ലോഡ് ചെയ്തെങ്കിലും ആര്‍ക്കും എസ്‌എംഎസ് പോയില്ല. ചെല്ലാനും തയ്യാറായില്ല. ഇത്രയും അധികം നിയലംഘനങ്ങള്‍ ഒരുമിച്ച് അപ്ലോഡ് ചെയ്യുമ്പോള്‍ സോഫ്റ്റുവെയറില്‍ മാറ്റം വരുത്താൻ എൻഐസി സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിശദീകരണം.