
പണി തുടങ്ങി എഐ ക്യാമറ…..! ആദ്യ ദിനം കണ്ടെത്തിയത് 28,891 നിയമലംഘനങ്ങൾ; ഏറ്റവും കൂടുതല്‍ കൊല്ലം ജില്ലയില്‍; കുറവ് മലപ്പുറത്ത്; നോട്ടീസ് ഇന്ന് മുതല്‍ അയക്കുമെന്ന് അധികൃതര്‍; നിയമലംഘനങ്ങള്‍ കുറയുന്നത് ശുഭസൂചനയെന്ന് ഗതാഗത മന്ത്രി…..!
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്തെ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കാൻ സ്ഥാപിച്ച എ.ഐ ക്യാമറ ആദ്യ ദിവസം കണ്ടെത്തിയത് 28,891 നിയമലംഘനങ്ങള്‍.
തിങ്കളാഴ്ച രാവിലെ എട്ട് മണിമുതല്‍ വൈകീട്ട് അഞ്ചു വരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയതു കൊല്ലം ജില്ലയിലാണ് (4,778 എണ്ണം).
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റവും കുറവ് മലപ്പുറത്തും (545 എണ്ണം). ഇന്നലെ കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്ക് ഇന്ന് മുതല്‍ നോട്ടീസ് അയക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
റോഡ് ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയ ആദ്യദിനം നിയമലംഘനം വൻതോതില്‍ കുറഞ്ഞെന്നാണ് മോട്ടര്‍ വാഹനവകുപ്പിന്റെ കണക്കുകളില്‍ പറയുന്നത്. തിങ്കളാഴ്ച പകല്‍ ക്യാമറ കണ്ടെത്തിയത് വെറും 28,891 നിയമലംഘനങ്ങള്‍ മാത്രമാണ്.
ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ഉള്‍പ്പെടെ ഏഴ് നിയമലംഘനങ്ങളാണ് ക്യാമറ പരിശോധിക്കുന്നത്.
രാവിലെ 8 മണിക്ക് തിരുവനന്തപുരം ജില്ലാ കണ്‍ട്രോള്‍ റൂമിലെ കംപ്യൂട്ടറുകളിലൊന്നില്‍ വര്‍ക്കലയിലെ ക്യാമറയില്‍നിന്നുള്ള ചിത്രമെത്തി.
ഹെല്‍മറ്റ് ഇല്ലാത്ത യുവാവ്. സംസ്ഥാനത്തെമ്പാടുമുള്ള റോഡ് ക്യാമറകളുടെ പിഴ ഈടാക്കല്‍ പണി അവിടെ തുടങ്ങുകയായിരുന്നു.
ഹെല്‍മറ്റും സീറ്റ് ബല്‍റ്റും ഇല്ലാത്തത്, മൊബൈല്‍ ഉപയോഗിച്ചുള്ള ഡ്രൈവിങ്, ഇരുചക്രവാഹനത്തില്‍ രണ്ടിലധികം പേര്‍, അനധികൃത പാര്‍ക്കിങ്, അമിതവേഗം, ട്രാഫിക് സിഗ്‌നല്‍ ലംഘിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് പിഴയീടാക്കുന്നത്.