റിട്ട. ഉദ്യോഗസ്ഥനായ 80കാരന്റെ എടിഎം സൗഹൃദം നടിച്ച് കൈക്കലാക്കി; എടിഎമ്മിൽ നിന്ന് പല തവണയായി പിന്‍വലിച്ചത് പത്ത് ലക്ഷം രൂപ; യുവതി അറസ്റ്റില്‍
സ്വന്തം ലേഖിക
മാവേലിക്കര: റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ 80കാരന്റെ എടിഎം കാര്‍ഡ് സ്വന്തമാക്കി അഞ്ച് മാസത്തിനിടെ 10 ലക്ഷം രൂപ പിൻവലിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ചുനക്കര കരിമുളയ്ക്കല്‍ രമ്യ ഭവനത്തില്‍ രമ്യ (38) യെയാണ് നൂറനാട് സി ഐ പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. താമരക്കുളം ചാരുംമൂട് സ്വദേശി നൈനാര്‍ മൻസിലില്‍ അബ്ദുല്‍ റഹ്മാനാണ് പണം നഷ്ടമായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് പറയുന്നത് ഇങ്ങനെ: അബ്ദുല്‍ റഹ്മാൻ ഇപ്പോള്‍ താമസിക്കുന്ന വീടിന്റെ കോമ്ബൗണ്ടിലുള്ള കുടുംബവീട്ടില്‍ വാടകക്ക് താമസിക്കുകയാണ് പിടിയിലായ രമ്യയും ഭര്‍ത്താവ് തോമസും. കെഎസ്ഇബിയില്‍ നിന്നും ഓവര്‍സിയറായി വിരമിച്ച അബ്ദുല്‍ റഹ്മാൻ ഇളയ മകള്‍ക്കും മരുമകനും ഒപ്പമാണ് താമസിക്കുന്നത്. ഭാര്യ നേരത്തെ മരിച്ചു. മകളുടെയും മരുമകനെയും സംരക്ഷണയില്‍ കഴിയുന്നതിനാല്‍ ഇദ്ദേഹം ബാങ്ക് അക്കൗണ്ടില്‍ വരുന്ന പെൻഷൻ തുക പിൻവലിക്കാറില്ലായിരുന്നു.
അതിനാല്‍ വലിയൊരു തുക ബാങ്കില്‍ നിക്ഷേപമായി ഉണ്ടായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജിലെ ഫിസിയോതെറാപ്പിസ്റ്റ്, അസിസ്റ്റൻറ് പ്രൊഫസര്‍ എന്ന് പരിചയപ്പെടുത്തിയാണ് രമ്യയും ഭര്‍ത്താവ് തോമസും വാടകയ്ക്ക് താമസം തുടങ്ങിയത്. അയല്‍വാസികളോടും വണ്ടാനം മെഡിക്കല്‍ കോളജില്‍ ജോലി എന്നാണ് ഇവര്‍ പറഞ്ഞിട്ടുള്ളത്.
വാടക വീട്ടില്‍ താമസമായതോടെ അബ്ദുല്‍ റഹ്മാന്റെ വീട്ടുകാരോട് രമ്യ കൂടുതല്‍ അടുപ്പം പുലര്‍ത്തുകയും വിശ്വാസം നേടുകയും വീട്ടില്‍ കയറുവാനുള്ള സ്വാതന്ത്ര്യം സൃഷ്ടിക്കുകയും ചെയ്തു. സര്‍ക്കാര്‍ അധ്യാപകരായ അബ്ദൂല്‍ റഹ്മാന്റെ മരുമകനും മകളും രാവിലെ എട്ടുമണിക്കു പോയാല്‍ വൈകിട്ട് 6 മണിയോടുകൂടിയാണ് മടങ്ങിയെത്തുക.
ഈ സമയം അബ്ദുല്റഹ്മാൻ മാത്രമാണ് വീട്ടില്‍ ഉണ്ടാവുക. ഉച്ചഭക്ഷണം കഴിഞ്ഞ് അദ്ദേഹം കിടന്നുറങ്ങുക പതിവായിരുന്നു. വാതിലുകള്‍ തുറന്നിട്ടിരിക്കും. ഈ സമയമെപ്പോഴോ രമ്യ വീടിനുള്ളില്‍ കടന്ന് മേശയ്ക്കുള്ളില്‍ ഉണ്ടായിരുന്ന എടിഎം കാര്‍ഡ് കൈക്കലാക്കി.
വല്ലപ്പോഴും മാത്രം എടിഎമ്മില്‍ പൊയ്ക്കൊണ്ടിരുന്ന അബ്ദുറഹ്മാൻ പാസ്വേഡ് മറന്നു പോകാതിരിക്കാൻ ഒരു പേപ്പറില്‍ കുറിച്ച് എടിഎം കാര്‍ഡിനൊപ്പം സൂക്ഷിച്ചിരുന്നു. കാര്‍ഡ് മോഷണം പോയ വിവരം അബ്ദുറഹ്മാൻ അറിഞ്ഞിരുന്നില്ല. 2023 ജനുവരി 13 മുതല്‍ രമ്യ ഈ കാര്‍ഡ് ഉപയോഗിച്ച് ദിവസേന പണം പിൻവലിച്ചു കൊണ്ടിരുന്നു. ചാരുംമൂട് എസ്ബിഐയുടെ എടിഎം, ചാരുംമൂട് ഫെഡറല്‍ ബാങ്ക് എടിഎം എന്നിവിടങ്ങളില്‍ നിന്നാണ് രമ്യ കൂടുതല്‍ പണം പിൻവലിച്ചിട്ടുള്ളത്.
10000 രൂപ ഒറ്റ സമയം പിൻവലിച്ചാല്‍ അക്കൗണ്ട് ഉടമയുടെ മൊബൈലിലേക്ക് ഒ.റ്റി.പി വരുമെന്നറിയാവുന്ന രമ്യ ഓരോ ദിവസവും 9000 രൂപ വീതം രണ്ടുതവണയും 2000 രൂപ ഒരു തവണയും എടുത്ത് ഒരു ദിവസം ഇരുപതിനായിരം രൂപ വീതമാണ് പിൻവലിച്ചിരുന്നത്. അബ്ദുല്‍ റഹ്മാന്റെ മൊബൈല്‍ നമ്പര്‍ ബാങ്കില്‍ പോയി അപ്ഡേറ്റ് ചെയ്യാത്തതിനാല്‍ പണം പിൻവലിക്കുമ്പോള്‍ മെസ്സേജ് വരികയുമില്ലായിരുന്നു. നാലു മാസത്തിനുള്ളില്‍ രമ്യ ഇത്തരത്തില്‍ അക്കൗണ്ടില്‍ നിന്നും 10 ലക്ഷം രൂപയാണ് പിൻവലിച്ചത്.
മകള്‍ക്ക് ഒരു സ്കൂട്ടര്‍ വാങ്ങുവാനായി ഒരു ലക്ഷം രൂപയുടെ ആവശ്യം വന്നപ്പോഴാണ് അബ്ദുല്‍ റഹ്മാൻ പണം പിൻവലിക്കാനായി എടിഎം കാര്‍ഡ് തിരക്കിയത്. അപ്പോഴാണ് കാര്‍ഡ് കാണുന്നില്ല എന്ന് മനസ്സിലായത്. കാര്‍ഡിനായുള്ള തിരച്ചിലില്‍ രമ്യ ഉള്‍പ്പെടെ പങ്കെടുക്കുകയും ചെയ്തു. പക്ഷേ എടിഎം കാര്‍ഡ് കണ്ടെടുക്കാൻ സാധിച്ചില്ല. നഷ്ടപ്പെട്ടു പോയതായിരിക്കാം എന്ന് കരുതി അബ്ദുല്‍ റഹ്മാൻ മകളെയും കൂട്ടി ബാങ്കിലെത്തി പണം പിൻവലിക്കാൻ നോക്കുമ്ബോഴാണ് അക്കൗണ്ടില്‍ പണമില്ലെന്നറിയുന്നത്.
തുടര്‍ന്ന് ബാങ്കില്‍ നിന്ന് പണമിടപാട് വിവരമെടുത്ത് പരിശോധിച്ചപ്പോള്‍ ഒരു ദിവസം 20000 രൂപ ക്രമത്തില്‍ പലപ്പോഴായി പത്തുലക്ഷം രൂപ പിൻവലിച്ചതായി അറിയാൻ കഴിഞ്ഞു. നൂറനാട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ബാങ്കിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എടിഎമ്മുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതോടെ രമ്യ എന്ന സ്ത്രീയാണ് പണം പിൻവലിച്ചിരിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി.