
സ്വന്തം ലേഖകൻ
തിരുവനന്തപുരം: എഐ ക്യാമറകള്‍ നാളെ രാവിലെ എട്ട് മുതല്‍ പ്രവർത്തിച്ചുതുടങ്ങും. റോഡിലെ നിയമലംഘനങ്ങള്‍ക്ക് എഐ ക്യാമറകള്‍ ഉപയോഗിച്ച് പിഴയീടാക്കിത്തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഇരുചക്ര വാഹനത്തില്‍ രണ്ട് മുതിര്‍ന്നവരെ കൂടാതെ 12 വയസ്സിന് താഴെയുള്ള ഒരു കുട്ടികൂടി യാത്രചെയ്താല്‍ തത്കാലം പിഴ ഈടാക്കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി പറഞ്ഞു.
ഇരുചക്ര വാഹനത്തില്‍ മുതിര്‍ന്ന രണ്ട് പേരെ കൂടാതെ 12 വയസ്സിന് താഴെയുള്ള ഒരു കുട്ടിയെ കൂടി യാത്രചെയ്യാന്‍ അനുവദിക്കുന്ന നിയമഭേദഗതിക്ക് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരുഅന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ 12 വയസ്സിന് താഴെയുള്ള ഒരു കുട്ടികൂടി യാത്രചെയ്യുന്നതിന് പിഴ ഈടാക്കില്ലെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ 12 വയസ്സിനും നാല് വയസ്സിനും ഇടയിലുള്ള എല്ലാ കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉപകരണങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നതിനായി വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഇവര്‍ മോട്ടോര്‍ വാഹനവകുപ്പ് സ്ഥാപിച്ച 726 ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ 692 എണ്ണം പ്രവര്‍ത്തന സജ്ജമാണെന്ന് കണ്ടെത്തി. ബാക്കി 34 ക്യമാറകള്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കും.
ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗം, റെഡ് സിഗ്നല്‍ മുറിച്ചു കടക്കല്‍, ഇരുചക്ര വാഹനത്തില്‍ രണ്ട് പേരില്‍ കൂടുതല്‍ സഞ്ചരിക്കല്‍, അമിത വേഗത, അപകടകരമായ പാര്‍ക്കിങ് തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് പിഴ ഈടാക്കുന്നതില്‍ മുന്‍ഗണനയെന്നും മന്ത്രി അറിയിച്ചു. ഇതോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്‍ഫ്രാറെഡ് ക്യാമറകളുള്ള എഐ ട്രാഫിക് സംവിധാനം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുകയാണെന്നും മന്ത്രി പറഞ്ഞു.
പിഴ സംബന്ധിച്ച ഏതെങ്കിലും തരത്തില്‍ ആക്ഷേപമുള്ളവര്‍ക്ക് അതാത് ജില്ലകളിലെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒമാര്‍ക്ക് അപ്പീല്‍ നല്‍കാം. നിലവില്‍ അപ്പീല്‍ നേരിട്ട് കൊടുക്കണം. രണ്ട് മാസത്തിനുള്ളില്‍ ഓണ്‍ലൈനായി ഇതിനൊരു സംവിധാനം വരും.
ക്യാമറകള്‍ ഉള്ള സ്ഥലത്ത് ഇപ്പോള്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എഐ ക്യാമറ സംവിധാനത്തിലൂടെ ദിവസേന കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ജൂണ്‍ രണ്ടിന് മാത്രം എഐ ക്യാമറകളില്‍ 240746 നിയമലംഘനങ്ങള്‍ കണ്ടെത്തിയെന്നും ആന്റണി രാജു പറഞ്ഞു.ക്യമാറകളുടെ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം പോലീസിനും എക്‌സൈസിനും നിരവധി കേസുകളിലെ പ്രതികളെ കണ്ടെത്താന്‍ ഇവ സഹായകരമായിട്ടുണ്ട്.
എഐ ക്യാമറ വന്നതിന് ശേഷം പുതുതായി ഒരു നിയമവും കേരളത്തില്‍ വന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. എഐ ക്യമാറകളില്‍ നിന്ന് ആരേയും ഒഴിവാക്കാന്‍ കഴിയില്ല. ഒഴിവാക്കപ്പെടേണ്ട വാഹനങ്ങള്‍ ഏതൊക്കെയെന്ന് കേന്ദ്ര നിയമത്തില്‍ പറഞ്ഞിട്ടുണ്ട്. അത് അതുപോലെ തന്നെ നടപ്പാക്കും. ഇപ്പോഴും അങ്ങനെയാണ് പോകുന്നതെന്നും മന്ത്രി പറഞ്ഞു. വിവിഐപികളെ ഇതില്‍ ഒഴിവാക്കുമോ എന്ന ചോദ്യത്തിന് മറുപടിയിട്ടാണ് മന്ത്രിയുടെ പ്രതികരണം.