play-sharp-fill
നീതിയ്ക്ക് വേണ്ടി കോട്ടയം തിരുനക്കരയിൽ കന്യാസ്ത്രീകളുടെ പ്രതിഷേധം: പ്രതിഷേധ വേദിയിലേയ്ക്ക് അസഭ്യവർഷവുമായി ബിഷപ്പ് ഫ്രാങ്കോയുടെ കുഞ്ഞാടുകൾ:  കന്യാസ്ത്രീകളോട് പീഡന പർവം തുടർന്ന് കത്തോലിക്കാ സഭ

നീതിയ്ക്ക് വേണ്ടി കോട്ടയം തിരുനക്കരയിൽ കന്യാസ്ത്രീകളുടെ പ്രതിഷേധം: പ്രതിഷേധ വേദിയിലേയ്ക്ക് അസഭ്യവർഷവുമായി ബിഷപ്പ് ഫ്രാങ്കോയുടെ കുഞ്ഞാടുകൾ: കന്യാസ്ത്രീകളോട് പീഡന പർവം തുടർന്ന് കത്തോലിക്കാ സഭ

തേർഡ് ഐ ബ്യൂറോ

കോട്ടയം: പീഡനത്തിനിരയായ കന്യാസ്ത്രീയ്‌ക്കൊപ്പം നിന്ന നാല് കന്യാസ്ത്രീകളെ സ്ഥലം മാറ്റുന്നതിനും ഒറ്റപ്പെടുത്തി പീഡിപ്പിക്കുന്നതിനും എതിരെ കോട്ടയം തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത നടന്ന പ്രതിഷേധക്കൂട്ടായ്മയിലേയ്ക്ക് അസഭ്യവർഷവുമായി ബിഷപ്പ് ഫ്രാങ്കോയുടെ കുഞ്ഞാടുകൾ. കന്യാസ്ത്രീകൾക്ക് നേരെ അസഭ്യ വർഷം മുഴക്കിയ ഇവർ ഇവരെ പൊതുജനമധ്യത്തിൽ അപമാനിക്കാനും  ശ്രമിച്ചു. സേവ് ഔവർ സിസ്‌റ്റേഴ്‌സിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധക്കൂട്ടായ്മയ്ക്കു നേരെയാണ് എട്ടോളം പേരടങ്ങുന്ന ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിൽ ക്രൈസ്തവ വിശ്വാസികൾ അടങ്ങുന്ന സംഘം പ്രതിഷേധവുമായി എത്തിയത്. ഇവരെ പ്രതിരോധിക്കാൻ ഒരു വിഭാഗം എസ്.ഒ.എസ് പ്രവർത്തകർ സംഘടിച്ചെത്തിയത് ഇവിടെ നേരിയ സംഘർഷത്തിനും ഇടയാക്കി. 



ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തായിരുന്നു പ്രതിഷേധക്കൂട്ടായ്മ. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജജിലെ മുൻ പ്രിൻസിപ്പലും വൈദികനുമായ റവ.ഡോ.വത്സൻ തമ്പു പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഇതിനു ശേഷം പീഡനത്തിന് ഇരയായ കന്യാസ്ത്രീയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇവർക്കൊപ്പം ആദ്യാവസാനം നിൽക്കുന്ന കന്യാസ്ത്രിയായ സിസ്റ്റർ അനുപമ പ്രസംഗിക്കുന്നതിനിടെയാണ് പ്രതിഷേധവുമായി വേദിയ്ക്ക് പുറത്തേയ്ക്ക് ഒരു വിഭാഗം എത്തിയത്. ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധക്കാർ എത്തിയത്. കന്യാസ്ത്രികൾക്കെതിരായ പ്രതിഷേധം രേഖപ്പെടുത്തിയ ഫ്‌ളക്‌സ് ബോർഡുകളുമായാണ് ഇവർ എത്തിയത്. വേദിയുടെ കവാടത്തിൽ നിന്ന് പ്രതിഷേധ മുദ്രാവാക്യം മുഴക്കിയതോടെ എസ്.ഒ.എസ് പ്രവർത്തകർ പ്രതിഷേധവുമായി വേദിയ്ക്ക് പുറത്തേയ്ക്ക് എത്തി. ഇതോടെ ഇരുകൂട്ടരും തമ്മിൽ വേദിയ്ക്ക് മുന്നിൽ ഉന്തും തള്ളുമുണ്ടായി. ഇതോടെ പ്രശ്‌നത്തിൽ പൊലീസ് ഇടപെട്ടു. പത്തു മിനിറ്റോളം വേദിയ്ക്ക് മുന്നിൽ സംഘർഷം തുടർന്നതോടെ പ്രതിഷേധവുമായി എത്തിയ ഫ്രാങ്കോ അനുയായികളെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലേയ്്ക്ക് കൊണ്ടു പോയി. ഇതോടെയാണ് പ്രതിഷേധം ഒരു പരിധിവരെ തണുത്തത്. 
ഇതിനിടെ കന്യാസ്ത്രീകൾക്കായി സിസ്റ്റർ അനുപമ തങ്ങളുടെ പ്രസംഗം വായിച്ചു. ദൈവവിളിക്കായി തിരഞ്ഞെടുക്കപ്പെട്ടവരാണെന്നും ലാഭേച്ഛ നോക്കാതെ ജീവിതം ദൈവത്തിനായി സമർപ്പിച്ചവരാണ് തങ്ങളെന്നും അനുപമ പറഞ്ഞു. ഇപ്പോൾ തങ്ങൾ കഠിനമായ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ് ഇരുൾ മൂടി നിൽക്കുന്ന ഭാവി പകച്ച് നിൽക്കുന്നു. ജീവിതം തകർന്ന സഹോദരിക്കായി ഞങ്ങൾ ഇതുവരെ ഒന്നിച്ച് നിൽക്കുകയായിരുന്നു. സന്യാസി സമൂഹത്തിൽ ആരോടും ഒന്നും പറയാനാവാതെ കഴിയുന്നവരുണ്ട്. മുന്തിയ സ്ഥാനവും കോടികളുടെ സമ്പാദ്യവും നൽകാമെന്ന പ്രലോഭനത്തിൽ ഞങ്ങളെ കുടുക്കാൻ ശ്രമമുണ്ടായി. ഞങ്ങൾക്ക് ഇതിന്റെയൊന്നും ആവശ്യമില്ല. ഇതില്ലാതെയാണ് ഇത് ആഗ്രഹിക്കാതെയാണ് ഇവിടെ വരെ എത്തിയത്. നീതി ലഭിക്കും വരെ ഞങ്ങളുടെ പ്രിയപ്പെട്ട കന്യാസ്ത്രീയ്‌ക്കൊപ്പം നിൽക്കും. കേസ് നടപടി പൂർത്തിയാകും വരെ ഞങ്ങളെ കുറവിലങ്ങാട് മഠത്തിൽ തന്നെ താമസിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും വനിതാ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും കത്ത് അയച്ചിരുന്നു. എന്നാൽ, ഇതുവരെയും അനുകൂല മറുപടി ലഭിച്ചിട്ടില്ലെന്നും അനുപമ പറഞ്ഞു. കന്യാസ്ത്രീകളായ സി.അനുപമ, സി.നീന റോസ്, സി.ആൽഫി, സി.ജോസഫൈൻ യോഗത്തിൽ പങ്കെടുത്തു. 
കേരളീയ സ്ത്രീയുടെ അഭിമാനത്തിന്റെ മുഖമാണ് ഈ നാല് കന്യാസ്ത്രീകളെന്ന് യോഗത്തിൽ ഐക്യദാർഢ്യ പ്രസംഗം നടത്തിയ എഴുത്തുകാരി എസ്.ശാരദക്കുട്ടി പറഞ്ഞു. ഇവർ പകർന്ന് തന്നത് ആത്മീയ സത്യത്തിന്റെ ശക്തിയാണ്.  ക്രിസ്തുമതത്തിന്റെ സത്യവും ആത്മവീര്യവുമാണ് ഇവർ പ്രകടിപ്പിച്ചത്. സഭയ്ക്ക്് പുറത്തു നിന്നുള്ള ഒരാൾക്കും ഇത്തരത്തിൽ സഭയുടെ നവീകരണ പ്രവർത്തനങ്ങളിൽ സജീവമായി ഇറങ്ങാൻ സാധിക്കില്ല. എന്തുകൊണ്ട് ഇവർ ഇതിനു മുൻപ് കാര്യങ്ങൾ തുറന്നു പറഞ്ഞില്ല എന്ന ചോദിക്കുന്നവർ മനസിലാക്കേണ്ടത്, തങ്ങൾക്ക്  സത്യങ്ങൾ വിളിച്ച് പറയാനുള്ള സാമൂഹ്യ സാഹചര്യത്തിനായി കാത്തിരിക്കുകയായിരുന്നു ഇവർ. സ്ത്രീയെ ആദരിക്കാനും അംഗീകരിക്കാനും കേരളീയ സമൂഹം ഇനിയും പഠിക്കേണ്ടിയിരിക്കുന്നുവെന്നും അവർ പറഞ്ഞു. അനില ജോർജ് ഊരാളി അദ്ധ്യക്ഷത വഹിച്ചു.   
എസ്.ഒ.എസ് കൺവീനർ വി.ഡി ജോസ്, എം.ജി യൂണിലേഴ്‌സിറ്റിയിലെ ഡോ.എം.വി ബിജുലാൽ, അഡ്വ സന്തോഷ് കണ്ടം ചിറ , ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ ജനറൽ സെക്രട്ടറി സ്റ്റാൻഡ്‌ലി പൗലോസ് , പ്രഫ.പി.ഗീത, ജോർജ് ജോസഫ്, ഷൈജു ആന്റണി, പ്രഫ.കുസുമം ജോസഫ്, ഫിലിപ്പ് എൻ.തോമസ്, പി.ജെ ജോൺസൺ, ടി.ഒ ഏലിയാസ്, അഡ്വ.എം.സജി, പ്രഫ.സെബാസ്റ്റ്യൻ വട്ടമറ്റം, ഫാ.അഗസ്റ്റിൻ വട്ടോളി, അഡ്വ.ജെസിൻ, ബഞ്ചമിൻ ആന്റണി, പി.ഡി കുര്യച്ചൻ, ട്രാൻസ്‌ജെൻഡർ ആക്ടിവ്സ്റ്റ് അവന്തിക, തിലകമ്മ പ്രേംകുമാർ, അമ്മിണി അപ്പു, ഗിരിജ ചാമക്കാല, പി.ജെ തങ്കച്ചൻ, എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group