
വൈക്കം ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രക്കുളത്തിലെ മീനുകള്‍ ചത്തുപൊങ്ങുന്നു; കുളം വൃത്തിയാക്കിയിട്ട് വര്‍ഷങ്ങളായിയെന്ന് പരാതി; പ്രദേശമാകെ ദുർഗന്ധം
സ്വന്തം ലേഖിക
വൈക്കം: ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ കുളത്തില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു.
ദുര്‍ഗന്ധം മൂലം ക്ഷേത്ര പരിസരത്ത് നില്‍ക്കാൻ പോലും കഴിയുന്നില്ലെന്ന് ഭക്തജനങ്ങള്‍. നാല് ദിവസത്തോളമായി മീനുകള്‍ ചത്തുപൊങ്ങാൻ തുടങ്ങിയിട്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറെയും കരിമീനാണ് ചാകുന്നത്. കാരിയും ചത്തുപൊങ്ങുന്നുണ്ട്. കരിമീൻ, കാരി, വരാല്‍, കരികണ്ണി തുടങ്ങിയ നാടൻ മത്സ്യങ്ങളാണ് കുളത്തിലുള്ളത്.
മീനൂട്ട് പോലുള്ള വഴിപാടുകളൊന്നും ഇവിടെയില്ല. നേദ്യപ്പാത്രങ്ങള്‍ കഴുകുന്നതിന്റെ അവശിഷ്ടങ്ങും ക്ഷേത്ര ജീവനക്കാര്‍ നല്‍കുന്ന ചോറുമൊക്കെയാണ് മീനുകളുടെ ഭക്ഷണം.
ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തെ അവഗണിക്കുന്നുവെന്ന ആക്ഷേപം നേരത്തേ മുതലുണ്ട്. ക്ഷേത്രക്കുളം വൃത്തിയാക്കിയിട്ട് വര്‍ഷങ്ങളായെന്ന് ഭക്തജനങ്ങള്‍ ആരോപിക്കുന്നു.
തന്ത്റിയും ശാന്തിമാരും കുളിക്കുന്നതും ചോറൂണിന് കൊണ്ടുവരുന്ന കുട്ടികളെ കുളിപ്പിക്കുന്നതും ഭഗവാന്റെ ഉടയാടകള്‍ കഴുകുന്നതുമെല്ലാം ഈ കുളത്തിലാണ്. ഇതിനെല്ലാം ഉപയോഗിക്കുന്ന കുളപ്പുര ജീര്‍ണിച്ച് ഇടിഞ്ഞു വീഴാറായി.
ഭക്തജനങ്ങള്‍ ഉപയോഗിച്ചിരുന്ന കല്പടവ് അടച്ചിട്ടിരിക്കയാണ്.
ആള്‍ സഞ്ചാരമില്ലാതാതോടെ ആ ഭാഗങ്ങള്‍ കാടുപിടിച്ച് ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി.