play-sharp-fill
പിറന്ന മണ്ണിൽ പുതുചരിതമെഴുതി കേരളയാത്ര; സംസ്ഥാനത്തിന്റെ ധവളപത്രം പുറപ്പെടുവിക്കണം: ജോസ് കെ.മാണി

പിറന്ന മണ്ണിൽ പുതുചരിതമെഴുതി കേരളയാത്ര; സംസ്ഥാനത്തിന്റെ ധവളപത്രം പുറപ്പെടുവിക്കണം: ജോസ് കെ.മാണി

സ്വന്തം ലേഖകൻ

കോട്ടയം. അതീവഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തിന്റെ സാമ്പത്തിക സ്ഥിയുടെ യഥാർത്ഥ ചിത്രം പുറപ്പെടുവിക്കാൻ ധവളപത്രം പുറപ്പെടുവിക്കണമെന്ന് കേരളാ കോൺഗ്രസ്സ് (എം) വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി. കേരളയാത്രയുടെ കോട്ടയം ജില്ലയിലെ വിവിധ സ്വീകരണകേന്ദ്രങ്ങളിൽ നൽകിയ സ്വീകരണങ്ങൾക്ക് നന്ദി പറയുകയായിരുന്നു അദ്ദേഹം. ധനകാര്യവകുപ്പിന്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടും സംസ്ഥാനത്ത് സൃഷ്ടിച്ചിരിക്കുന്നത് സാമ്പത്തിര അരാജകത്വമാണ്.

കേരളത്തിന്റെ ട്രഷറി കരുതൽ ധനം 853 കോടി രൂപ മാത്രമാണ്. ക്ഷേമപെൻഷൻ കുടിശിക മാത്രം 1160 കോടി. അപ്രഖ്യാപിത ട്രഷറി നിയന്ത്രണമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. 20 ലക്ഷത്തിന് മുകളിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ബില്ലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ വികസനപ്രവർത്തനങ്ങൾ പ്രതിസന്ധിയിലാണ്. കയ്യിൽ പണമില്ലാതെ വമ്പൻ പദ്ധതികൾ പ്രഖ്യാപിക്കുന്ന ധനമന്ത്രി ബഡ്ജറ്റിനെ ലോക്സഭാ തെരെഞ്ഞെടുപ്പിന് മുന്നുള്ള പ്രകടനപത്രികയാക്കി മാറ്റി. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ യഥാർത്ഥ ചിത്രം അറിയാൻ ജനങ്ങൾക്കവകാശനമുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു. 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


സാമൂഹ്യ വിഷയങ്ങൾ ഉയർത്തിയാണ് കേരള യാത്ര ഓരോ ജില്ലയിലൂടെയും കടന്ന് പോകുന്നതെന്ന്  ജോസ് കെ മാണി. ഭാവി കേരളം എങ്ങിനെയാകണം എന്ന മാനിഫെസ്റ്റോ യാത്ര അവസാനിക്കുമ്പോ പ്രകാശനം ചെയ്യും. ഈ മാനിഫെസ്റ്റോയിൽ കേരളത്തിലെ കർഷകരുടെയും യുവാക്കളുടെയും എല്ലാ വിഭാഗത്തിന്റെയും പ്രശ്‌നങ്ങൾ ഉൾപ്പെടുത്തും. എട്ട് വർഷമായി ഭാവി തലമുറയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടപ്പാക്കിയത്. സയൻസ് സിറ്റി , ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനും അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ മണ്ഡലത്തിൽ നടപ്പാക്കി. എൽ ഡി എഫ് സർക്കാരും മോദി സർക്കാരും തമ്മിൽ ഒരു പാട് സാമ്യമുണ്ട്. അധികാരത്തിൽ വരാൻ വേണ്ടി എന്തും പറയുന്നവരാണ്. എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ് എൽ ഡി എഫും , 15 ലക്ഷം അക്കൗണ്ടിൽ ഇട്ട് തരാം എന്ന് മോദിയും പറഞ്ഞു. 15 രൂപ പോലും ഒരാളുടെയും അകൗണ്ടിൽ കിട്ടിയില്ല. കേരളത്തിലാവട്ടെ ഒന്നും ശരിയായില്ല. കള്ളപ്പണം പിടിക്കാനെന്ന പേരിൽ നോട്ട് നിരോധനം നടപ്പാക്കി. നോട്ട് നിരോധനത്തിന് ശേഷം വ്യാപാര മേഖല തകർന്നതായും അദേഹം പറഞ്ഞു.
കേരളകോൺഗ്രസ്സിന് ജന്മം നൽകിയ മണ്ണിൽ ജോസ് കെ.മാണി നയിക്കുന്ന കേരളയാത്രയുടെ പര്യടനം പുതുചരിതമെഴുതി. രാവിലെ ജില്ലാ അതിർത്തിയായ മുണ്ടക്കയം കല്ലേപ്പാലത്ത് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം യാത്രയെജില്ലയിലേക്ക് സ്വീകരിച്ചു. പാർട്ടി പ്രവർത്തകർ വാദ്യമേളങ്ങളുടേയും തനത് കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് ജില്ലയിലേക്ക് സ്വീകരിച്ചത്. കേരള യൂത്ത് ഫ്രണ്ട് ജില്ലാ കമ്മറ്റി പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച യൂത്ത് ബ്രിഗേഡിയർമാർ 500 ലധികം ഇരുചക്രവാഹനങ്ങളിൽ അണിനിരന്നപ്പോൾ യാത്രയ്ക്ക് ആവേശം പകർന്നു. 
മുണ്ടക്കയത്ത് നടന്ന ആദ്യ സ്വീകരണ സമ്മേളനം ജോയ് എബ്രഹാം എക്സ്.എം.പി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഉച്ചവെയിൽ കത്തിനിൽക്കുമ്പോഴാണ് പൊൻകുന്നത്ത് എത്തിയത്. തുടർന്ന് നടന്ന സമ്മേളനം മുൻ എം.പി എൻ.പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ അയർക്കുന്നത്ത് എത്തിയ ജാഥയുടെ സ്വീകരണ സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. വൈകുന്നേരത്തോടെ കോട്ടയത്ത് ചേർന്ന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരിയിൽചേർന്ന ഒന്നാം ദിവസത്തെ സമാപന സമ്മേളനം പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി.എഫ് തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കാസർകോടിന്റെ മണ്ണിൽ നിന്നും ആരംഭിച്ച യാത്ര വിവിധ കേന്ദ്രങ്ങളിലെ കാർഷിക പ്രശ്‌നങ്ങളെ സർക്കാരിന്റെയും അധികൃതരുടെയും ശ്രദ്ധയിൽ എത്തിച്ച് പോരാട്ടത്തിന് കളമൊരുക്കിയ ശേഷമാണ് ജില്ലയിലേയ്ക്ക് എത്തിയത്. വയനാട്ടിൽ തമിഴ്‌നാട് അതിർത്തിയായ ഗുഡല്ലൂരിലെ കർഷകരെ കുടിയൊഴുപ്പിക്കാൻ തമിഴ്‌നാട് സർക്കാർ നടത്തുന്ന ശ്രമങ്ങൾക്കെതിരെ ചെറുത്ത് നിൽപ്പുമായാണ് ജോസ് കെ.മാണി യാത്രയുമായി എത്തിയത്. യാത്രയ്ക്ക് കർഷകർ നൽകിയ സ്വീകരണം തന്നെ ഇവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു. 
കർഷകരക്ഷ, മതേതരഭാരതം, പുതിയകേരളം എന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന യാത്രയ്ക്ക് പ്രളയബാധിത മേഖലകളിലാണ് ഏറ്റവും വലിയ സ്വീകരണം ലഭിച്ചത്. തങ്ങളുടെ പ്രശ്‌നങ്ങൾ ജോസ് കെ.മാണി എം.പിയുടെ മുന്നിൽ നിരത്തിയ കർഷകരും സാധാരണക്കാരും പ്രളയകാലത്തെ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നിവേദനങ്ങളാണ് നിരത്തിയത്. ഇടുക്കിയിലും, മലപ്പുറത്തും, എറണാകുളം ജില്ലയിലുമെല്ലാം പ്രളയ ബാധിതരായിരുന്നു ജോസ് കെ.മാണിയ്ക്ക് മുന്നിൽ പരിവേദനങ്ങളുടെ കെട്ടഴിച്ചത്. ഇതിനെല്ലാം ആശ്വാസം കാണാമെന്ന മറുപടിയിലൂടെയായിരുന്നു യാത്ര മുന്നോട്ട് പോയത്. ഓരോ പ്രദേശത്തു നിന്നും കിട്ടുന്ന നിവേദനങ്ങൾ ക്ൃത്യമായി പരിശോധിച്ച് പരിഹാരം കാണുന്നതിനുള്ള നടപടികളുമുണ്ടായിരുന്നു.  
വൈകുന്നേരത്തോടെ കോട്ടയം നഗരത്തിൽ കെ.സി മാമ്മൻമാപ്പിള ഹാളിനു മുന്നിൽ എത്തിയ യാത്രയെ ആയിരങ്ങൾ അണി നിരന്ന പ്രകടനത്തോടെയാണ് സ്വീകരിച്ചത്. ബാൻഡ് മേളവും കരകാട്ടവും അമ്മൻകുടവും താളമേളങ്ങളും ചേർന്ന് യാത്രയ്ക്ക് അത്യാകർഷണമായ സ്വീകരണമാണ് ഒരുക്കിയത്. കേരള കോൺഗ്രസിന്റെ പതാകയും, തോരണങ്ങളും അറിയിപ്പ് ബോർഡുകളുമായി നഗരം നിറഞ്ഞിരുന്നു. ഇതിനിടയിലൂടെയാണ് ആവശത്തോടെ യാത്ര നഗരത്തിൽ എത്തിയത്.  ജോസ് കെ മാണി എംപി രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ കോട്ടയത്തിന്റെ അന്തസ് ഉയർന്നെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ. കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ കേരള യാത്രയ്ക്ക് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. രാജ്യം വലിയൊരു മാറ്റത്തിന് തയ്യാറെടുക്കുകയാണ്. ഈ മാറ്റത്തിന്റെ ചുക്കാൻ പിടിക്കുക എന്നതാണ് ജോസ് കെ മാണി നയിക്കുന്ന യാത്രയുടെ കർത്തവ്യം. മാറ്റത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണ് ഈ പ്രചാരണങ്ങളെല്ലാം. ഇത് കേരളത്തിലെ യുഡിഎഫിന് കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ പ്രിൻസ് ലൂക്കോസ് അദ്ധ്യക്ഷത വഹിച്ചു. മുൻ എംപി ജോയ് എബ്രഹാം , എം എൽ എ മാരായ എൻ ജയരാജ് മോൻസ് ജോസഫ് , റോഷി അഗസ്റ്റിൻ ,സണ്ണി തെക്കേടം , ഇ.ജെ ആഗസ്തി , തോമസ് ചാഴികാടൻ , മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായി,സ്റ്റീഫൻ ജോർജ് , ജോബ് മൈക്കിൾ ,  മജു പുളിക്കൻ, എ.എം മാത്യു, മാത്തുക്കുട്ടി ഞായർകുളം, മാത്തുക്കുട്ടി പ്ലാത്താനം,മുഹമ്മദ് ഇക്ബാൽ , വിജി എം തോമസ് , ജോസഫ് ചാമക്കാലാ , ഫിലിപ്പ് കുഴികുളം , പ്രമോദ് നാരായണൻ , ബേബി ഉഴുത്തുവാൽ , ജോസ് കല്ലക്കാവുങ്കൽ , സഖറിയാസ് കുതിരവേലി , സെബാസ്റ്റ്യൻ കുളത്തിങ്കൽ , ജോമി മാത്യു, രാജു ആലപ്പാട്ട് , ജോജി കുറത്തിയാടൻ , സാനിച്ചൻ മൂഴയിൽ , ഷീല തോമസ് , ബെൻസി ലാൽ , മറിയാമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു.