
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാൻ ലോക്സഭാ സെക്രട്ടേറിയറ്റിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. തമിഴ്നാട്ടിൽനിന്നുള്ള അഡ്വ. സിആർ ജയ സുകിൻ ആണ് പൊതു താത്പര്യഹർജിയുമായി സുപ്രിം കോടതിയെ സമീപിച്ചത്.
ലോക്സഭാ സെക്രട്ടേറിയറ്റ്, കേന്ദ്ര സർക്കാർ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, നിയമ മന്ത്രാലയം എന്നിവയാണ് എതിർ കക്ഷികൾ. പാർലമെന്റ് മന്ദിര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഭരണഘടനാ ലംഘനം നടക്കുന്നുവെന്ന് ഹർജിയിൽ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ലോക്സഭാ സെക്രട്ടേറിയറ്റ് ഇറക്കിയ പത്രക്കുറിപ്പ് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കു വിരുദ്ധമാണ്. അനുച്ഛേദം 21, 79, എന്നിവയുടെ ലംഘനമാണ് നടക്കുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു.
പാർലമെന്റാണ് രാജ്യത്തെ പരമോന്നത നിയമ നിർമാണ സഭ. രാഷ്ട്രപതി, രാജ്യസഭ, ലോക്സഭ എന്നിവ ചേർന്നതാണ് പാർലമെന്റ്. ഇരു സഭകളും വിളിച്ചു കൂട്ടാനും പിരിച്ചുവിടാനുമുള്ള അവകാശം രാഷ്ട്രപതിക്കാണ്. പ്രധാനമന്ത്രിയെ നിയമിക്കുന്നതു രാഷ്ട്രപതിയാണ്. മറ്റു മന്ത്രിമാരെ പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം നിയമിക്കുന്നതും രാഷ്ട്രപതി തന്നെയെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പാർലമെന്റ് പാസാക്കുന്ന ബില്ലുകൾ നിയമമായി മാറുന്നത് രാഷ്ട്രപതി അംഗീകാരം നൽകുന്നതോടെയാണെന്നും ഹർജിയിൽ പറയുന്നുണ്ട്.