
സ്വന്തം ലേഖകൻ
സിഡ്‌നി: സിഡ്നി ഒളിമ്ബിക് പാര്‍ക്കിലെ കുഡോസ് ബാങ്ക് അരീന ഇൻഡോര്‍ സ്റ്റേഡിയം ഇന്നലെ മോദി മാജിക്കിന്റെ ആവേശത്തില്‍ അമര്‍ന്നു. ഒരു വിദേശ നേതാവിന് ഓസ്‌ട്രേലിയയില്‍ കിട്ടാവുന്ന ഏറ്റവും വലിയ സ്വീകരണം.
പ്രിയ സുഹൃത്തേ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ ചൈതന്യം താങ്കള്‍ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവന്നിരിക്കുന്നു എന്ന് പറഞ്ഞാണ് ആല്‍ബനീസ് മോദിയെ സ്വാഗതം ചെയ്‌തത്. തുടര്‍ന്ന് അദ്ദേഹം മോദിയെ വിഖ്യാത അമേരിക്കൻ ഗായകൻ ബ്രൂസ് സ്‌പ്രിംഗ്സ്റ്റീനിനോട് ഉപമിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മോദി എവിടെ പോയാലും റോക്ക് താരത്തിന്റെ സ്വീകരണമാണ്. ഈ വേദിയില്‍ ഞാൻ അവസാനം കണ്ടത് ബ്രൂസ് സ്‌പ്രിംങ്സ്റ്റീനിന്റെ പ്രകടനമാണ്. അദ്ദേഹത്തിന് പോലും ഇത്ര വലിയ സ്വീകരണം ലഭിച്ചില്ല. പ്രധാനമന്ത്രി മോദിയാണ് ബോസ്.
മോദിയെ കാണാൻ വിമാനത്തിലും ബസുകളിലും ആയിരക്കണക്കിന് ഇന്ത്യാക്കാരാണ് സിഡ്‌നിയിലേക്ക് ഒഴുകിയെത്തിയത്. മെല്‍ബണിലെ ആരാധകര്‍ ക്വാന്റാസ് എയര്‍ലൈൻസിന്റെ വിമാനം മോദി എയര്‍വേസ് എന്ന് പേരിട്ട് ചാര്‍ട്ടര്‍ ചെയ്‌താണ് എത്തിയത്. ക്വീൻസ്‌ലൻഡില്‍ നിന്ന് മോദി എക്സ്‌പ്രസ് എന്ന പേരില്‍ നിരവധി ബസുകളും വന്നു.
വേദമന്ത്രങ്ങളോടെ സ്വീകരണം
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്കൊപ്പം സ്റ്റേഡിയത്തില്‍ എത്തിയ മോദിയെ പുരോഹിതര്‍ വേദമന്ത്രങ്ങള്‍ ചൊല്ലി പരമ്ബരാഗത ആചാരപ്രകാരമാണ് സ്വീകരിച്ചത്. തുടര്‍ന്ന് ഇന്ത്യൻ സംഗീതവും ഭരതനാട്യം തുടങ്ങിയ നൃത്തരൂപങ്ങളും അരങ്ങേറി.
വരവേല്‍പ്പിന് ശേഷം മോദിയും ആല്‍ബനീസും ആലിംഗനത്തോടെ പരസ്പരം അഭിവാദ്യം ചെയ്‌തു. ഇന്ത്യാക്കാരുടെ ആരവത്തില്‍ സ്റ്റേഡിയം പ്രകമ്ബനം കൊണ്ടു. പുറത്ത് നൃത്തവും പാട്ടും മോദി സ്‌തുതികളുമായി നേരത്തേ ആഘോഷം തുടങ്ങിയിരുന്നു.
തുടര്‍ന്ന് ഹിന്ദിയിലുള്ള മോദിയുടെ പ്രസംഗത്തിലുടനീളം സ്റ്റേഡിയത്തില്‍ കൈയടി മുഴങ്ങി. ഇന്ത്യയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു മോദിയുടെ പ്രസംഗം. ബ്രിസ്ബെയ്‌നില്‍ താമസിയാതെ ഇന്ത്യൻ കോണ്‍സുലേറ്റ് തുറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ചടങ്ങില്‍ സിഡ്നി നഗരപ്രാന്തത്തിലെ ഹാരിസ് പാര്‍ക്കിന് ലിറ്റില്‍ ഇന്ത്യ എന്ന് പേരിട്ടു. തുടര്‍ന്ന് മോദിയും ആല്‍ബനീസും ചേര്‍ന്ന് ലിറ്റില്‍ ഇന്ത്യയുടെ പ്രവേശനകവാടത്തിന്റെ ശില അനാവരണം ചെയ്‌തു. ഇന്ത്യൻ ബിസിനസുകാരുടെയും ഇന്ത്യൻ വിഭവങ്ങളുടെയും കേന്ദ്രമാണ് ഹാരിസ് പാര്‍ക്ക്.