
ഒടുവില്‍ നടപടി…! കൊച്ചി വാഹനാപകടത്തില്‍ കടവന്ത്ര എസ്എച്ച്ഒയ്ക്ക് സ്ഥലമാറ്റം
സ്വന്തം ലേഖിക
കൊച്ചി: കൊച്ചി വാഹനാപകടത്തില്‍ കടവന്ത്ര എസ്എച്ച്ഒ മനുരാജിന് സ്ഥലമാറ്റം.
കാസര്‍ഗോഡ് ചന്തേര സ്റ്റേഷനിലേക്കാണ് മാറ്റിയത്. മനുരാജ് യുവാവിനെ വാഹന ഇടിച്ച ശേഷം നിര്‍ത്താതെ പോയത് വിവാദമായിരുന്നു. സംഭവത്തില്‍ മനുരാജിനെതിരെ പൊലീസ് ഇന്ന് കേസെടുത്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടമുണ്ടാക്കിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെയാണ് സ്ഥലമാറ്റം. മട്ടാഞ്ചേരി എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.
കെ എല്‍ 64 F 3191 നമ്ബറിലുള്ള കാറാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കൊച്ചിയിലെ ഒരു വനിത ഡോക്ടറുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കാര്‍. അപകട സമയത്ത് കാറോടിച്ചിരുന്നത് കടവന്ത്ര എസ് എച്ച് ഒ മനുരാജാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇദ്ദേഹത്തിനെതിരെ അപകടകരമായി വാഹനമോടിക്കല്‍, അപകടത്തിലൂടെ പരിക്കേല്‍പ്പിക്കല്‍ അടക്കമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അപകടത്തിന് പിന്നാലെ പൊലീസ് ഇൻസ്പെക്ടര്‍ വാഹനം നിര്‍ത്താതെ പോയതും പരിക്കേറ്റ യുവാവിന്റെ പരാതിയില്‍ തോപ്പുംപടി പൊലീസ് കേസെടുക്കാൻ വൈകിയതുമാണ് ഈ കാറപകടം വിവാദമാക്കിയത്.
എഫ്ഐആറില്‍ പൊലീസ് ഇൻസ്പെക്ടറുടെ പേര് ചേര്‍ക്കാതെ ഡ്രൈവര്‍ എന്ന് മാത്രം രേഖപ്പെടുത്തിയത് കേസ് അട്ടിമറിക്കാനുള്ള പൊലീസിന്റെ ശ്രമമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസ് അന്വേഷിക്കാൻ മട്ടാഞ്ചേരി എ.സി.പി കെ ആര് മനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയത്.