കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്റെ വീട് സന്ദര്‍ശിച്ച് കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും വി.മുരളീധരനും;വന്ദനയുടെ അസ്ഥിത്തറയില്‍ പ്രണാമം അര്‍പ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ വൈദ്യപരിശോധനയ്‌ക്കെത്തിച്ച അദ്ധ്യാപകന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്റെ വീട്, കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും സന്ദര്‍ശിച്ചു.

ഡോ.വന്ദനാ ദാസിന്റെ കോട്ടയം കുറുപ്പന്തറയിലുള്ള വീട്ടില്‍ ഇന്നലെ വൈകുന്നേരം ആറുമണിയോടെയായിരുന്നു സന്ദര്‍ശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വന്ദനയുടെ മാതാപിതാക്കളായ ജി. മോഹൻദാസ്, വസന്തകുമാരി എന്നിവരോടൊപ്പം ഏകദേശം ഒരു മണിക്കൂറോളം ഇരു കേന്ദ്രമന്ത്രിമാരും ചെലവഴിക്കുകയും അവരെ സാന്ത്വനിപ്പിക്കുകയും ചെയ്തു. വന്ദനയുടെ അസ്ഥിത്തറയില്‍ പ്രണാമം അര്‍പ്പിച്ച ശേഷമാണു കേന്ദ്രമന്ത്രിമാര്‍ മടങ്ങിയത്.

ഈ മാസം 10നാണ് പൊലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച സന്ദീപിന്റെ കുത്തേറ്റ് ഡോ.വന്ദന കൊല്ലപ്പെടുന്നത്. ശ്വാസകോശത്തില്‍ തുളച്ചുകയറിയ ആഴത്തിലുള്ള മുറിവാണ് വന്ദനയുടെ മരണത്തിന് കാരണമായെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഡോ. വന്ദനയുടെ ശരീരത്തില്‍ 17 മുറിവുകള്‍ ഉണ്ടായിരുന്നതായും ഇതില്‍ 4 മുറിവുകള്‍ ആഴത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. മേയ് 10ന് പുലര്‍ച്ചെ നാലരയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്‌ക്കെത്തിച്ച സ്കൂള്‍ അധ്യാപകന്റെ കുത്തേറ്റാണ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടത്. ഇയാളുടെ ആക്രമണത്തില്‍ മറ്റ് 2 പേര്‍ക്കു കുത്തേറ്റു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജൻ കോട്ടയം മാഞ്ഞൂര്‍, മുട്ടുചിറ സ്വദേശിനി ഡോ. വന്ദനദാസ് (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുപി സ്കൂള്‍ അദ്ധ്യാപകനായ കുടവട്ടൂര്‍ ശ്രീനിലയത്തില്‍ എസ്. സന്ദീപിനെ (42) പൊലീസ് അറസ്റ്റു ചെയ്തു. ആശുപത്രിയിലെ ഹോം ഗാര്‍ഡ് അലക്സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്‌ഐ മണിലാല്‍ എന്നിവര്‍ക്കും കുത്തേറ്റു.സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച ഹൈക്കോടതി, സ്വമേധയാ കേസെടുത്തിരുന്നു.