തൃക്കൊടിത്താനത്ത് ഹോട്ടൽ ഉടമയായ വീട്ടമ്മയ്ക്ക് നേരെ ആക്രമണം; ഹോട്ടലിലെ സാധനങ്ങൾ നശിപ്പിച്ചു; കേസിൽ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് മാടപ്പള്ളി സ്വദേശികൾ
സ്വന്തം ലേഖിക
കോട്ടയം: തൃക്കൊടിത്താനത്ത് ഹോട്ടൽ ഉടമയായ വീട്ടമ്മയെ ആക്രമിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മാടപ്പള്ളി തകിടി ഭാഗത്ത് തടത്തിപ്പറമ്പിൽ വീട്ടിൽ ജോർജ് കുട്ടി വി.സി (59), മാടപ്പള്ളി ദൈവംപടി ഭാഗത്ത് ആന്റോ ജോബ് (35) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർ കഴിഞ്ഞ ദിവസം രാവിലെ തൃക്കൊടിത്താനം ദൈവംപടി ഭാഗത്തുള്ള ഹോട്ടൽ നടത്തിയിരുന്ന വീട്ടമ്മയെ ചീത്ത വിളിക്കുകയും,ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് ആക്രമിക്കുകയുമായിരുന്നു.
താൽക്കാലികമായി അടഞ്ഞുകിടന്നിരുന്ന ഹോട്ടൽ രാവിലെ വീട്ടമ്മയും, സ്റ്റാഫും വൃത്തിയാക്കുന്നതിനിടയിലാണ് ഇവർ ആക്രമിച്ചത്. തുടർന്ന് ഇവർ കടയിൽ കയറി ഹോട്ടലിലെ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു.
ഇവരും വീട്ടമ്മ നടത്തിയിരുന്ന ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയുമായി കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇത് ഞങ്ങളുടെ സ്ഥലമാണ് എന്ന് പറഞ്ഞാണ് ഇവർ വീട്ടമ്മയെ ആക്രമിച്ചത്.
വീട്ടമ്മയുടെ പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. ഈ കേസിലെ മറ്റ് പ്രതിക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതായി പോലീസ് പറഞ്ഞു.
തൃക്കൊടിത്താനം സ്റ്റേഷൻ എസ്. എച്ച്.ഓ അനൂപ് ജി, എസ്.ഐ സാഗർ, എ.എസ്.ഐ ബിജുമോൻ, സി.പി.ഓ ക്രിസ്റ്റഫർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.