എക്സൈസ് സംഘത്തിന് ഒറ്റുകൊടുത്തതിൻ്റെ പ്രതികാരം; ചങ്ങനാശ്ശേരിയിൽ യുവാവിനെ ആക്രമിച്ച കേസിൽ ഏഴ് പേർ പിടിയിൽ
സ്വന്തം ലേഖിക
കോട്ടയം: എക്സൈസ് സംഘത്തിന് ഒറ്റു കൊടുത്തതിന്റെ പ്രതികാരത്തിൽ യുവാവിനെ ആക്രമിച്ച ഏഴ് പേരെ പോലീസ് പിടികൂടി.
ചങ്ങനാശ്ശേരി ഫാത്തിമാപുരം ഗ്യാസ് ഗോഡൗൻ ഭാഗത്ത് തോട്ടുപറമ്പിൽ വീട്ടിൽ അഫ്സൽ സിയാദ് (കുക്കു 21) , ചങ്ങനാശ്ശേരി പെരുന്ന ഹിദായത്ത് നഗർ ഭാഗത്ത് നടുതലമുറി പറമ്പിൽ വീട്ടിൽ ബിലാൽ മജീദ് (22) , ചങ്ങനാശ്ശേരി പെരുന്ന ഹിദായത്ത് നഗർ ഭാഗത്ത് തോട്ടുപറമ്പിൽ വീട്ടിൽ റിയാസ് നിസാദ് (23), വാഴപ്പള്ളി കുരിശുംമൂട് അള്ളാപ്പാറ ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ അമീൻ (20), ചങ്ങനാശ്ശേരി പെരുന്ന ഹിദായത്ത് നഗർ ഭാഗത്ത് ചതുർരേവതി വീട്ടിൽ (ചങ്ങനാശ്ശേരി ക്ലൂണി സ്കൂൾ ഭാഗത്ത് വാടക വീട്ടിൽ താമസം) സൂര്യരാജ് (22), കൊല്ലം ഇടമുളയ്ക്കൽ തടിക്കാട് രേഷ്മ ഭവനം വീട്ടിൽ അരുൺ ബൈജു (27), ചങ്ങനാശ്ശേരി പെരുന്ന ഹിദായത്ത് നഗർ ഭാഗത്ത് തോട്ടുപറമ്പിൽ വീട്ടിൽ നിയാസ് നിസാദ് (28) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചങ്ങനാശ്ശേരി മലകുന്നം സ്വദേശിയായ യുവാവിനെയാണ് ഇവർ സംഘം ചേർന്ന് ആക്രമിച്ചത്. കഞ്ചാവ് കേസിൽ എക്സൈസ് സംഘത്തിന് ഒറ്റുകൊടുത്തുവെന്ന പേരിലാണ് ഇവർ യുവാവിനെ ക്രൂരമായി മർദ്ദിച്ചത്.
പന്ത്രണ്ടാം തീയതി വൈകിട്ടോടുകൂടിയായിരുന്നു കേസിനാസ്പദമായ സംഭവം. യുവാവിനെ സുഹൃത്തിന്റെ ഫോണിൽ നിന്നും ചങ്ങനാശ്ശേരി എസ്.എച്ച് സ്കൂൾ ഭാഗത്തേക്ക് വിളിച്ചു വരുത്തിയ ശേഷം മർദ്ദിക്കുകയും, തുടർന്ന് വാഹനത്തിൽ കയറ്റി യുവാവിന്റെ പണം അടങ്ങിയ പേഴ്സും ഫോണും തട്ടിയെടുക്കുകയും, പല സ്ഥലങ്ങളിൽ കറങ്ങിയശേഷം ഹിദായത്ത് നഗർ ഭാഗത്ത് ഇയാളെ ഉപേക്ഷിക്കുകയുമായിരുന്നു.
പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിൽ സൂര്യരാജനെ എറണാകുളത്തു നിന്നും ബിലാൽ, റിയാസ്, അഫ്സൽ, നിയാസ് എന്നിവരെ ബാംഗ്ലൂരിൽ നിന്നുമായി പിടികൂടുകയായിരുന്നു.
പ്രതികളായ ബിലാൽ, അഫ്സൽ എന്നിവർക്ക് ചങ്ങനാശ്ശേരി,തൃക്കൊടിത്താനം എന്നീ സ്റ്റേഷനുകളിലും, റിയാസിന് ചങ്ങനാശ്ശേരി സ്റ്റേഷനിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ റിച്ചാർഡ് വർഗീസ്, എസ്.ഐ ജയകൃഷ്ണൻ എം, പ്രസാദ് ആർ. നായർ, ഗോപകുമാർ,എ.എസ്.ഐ രഞ്ജീവ്ദാസ്, സി.പി.ഓ മാരായ തോമസ് സ്റ്റാൻലി, ഡെന്നിചെറിയാൻ,സന്തോഷ്, സെൽവരാജ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.