ആവശ്യമുള്ളപ്പോൾ ഈഴവർ ഹിന്ദുക്കൾ: അല്ലാത്തപ്പോൾ ജന്തുക്കൾ: അവർണ വിഭാഗങ്ങൾ അടിവാങ്ങുമ്പോൾ നേട്ടമുണ്ടാക്കുന്നത് തമ്പുരാക്കൻമാർ; റിവ്യു ഹർജി വിധി എന്തായാലും അംഗീകരിക്കുമെന്നു പറയാൻ നാമജപക്കാർക്ക് ധൈര്യമുണ്ടോ..? വിധി എന്തായാലും അംഗീകരിക്കാൻ ഈഴവ സമുദായം തയ്യാറെടുപ്പ് നടത്തണം: പൊട്ടിത്തെറിച്ച് വെള്ളാപ്പള്ളി നടേശൻ
തേർഡ് ഐ ബ്യൂറോ
കോട്ടയം: ശബരിമല വിഷയത്തിൽ ഇതുവരെ സ്വീകരിച്ചിരുന്ന നിലപാടുകളെയെല്ലാം തള്ളിപ്പറഞ്ഞ്, സർക്കാരിന്റെ പക്ഷം ചേർന്ന് എസ്.എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സുപ്രീം കോടതിയിലെ റിവ്യു ഹർജിയുടെ വിധി എന്തായാലും അത് അംഗീകരിക്കാൻ തയ്യാറുണ്ടോ എന്ന് നാമജപസമരക്കാരെ വെല്ലുവിളിച്ചാണ് വെള്ളാപ്പള്ളി നടേശൻ രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടയത്ത് എസ്എൻഡിപി ശാഖാ യോഗത്തിന്റെ പ്രതിഷ്ഠാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് വെള്ളാപ്പള്ളി നടേശൻ പഴയ നിലപാടുകൾ എല്ലാം തിരുത്തി രംഗത്ത് എത്തിയിരിക്കുന്നത്.
ശബരിമല സമരത്തിനു പിന്നിൽ തമ്പുരാക്കൻമാരാണെന്ന് തുറന്നടിച്ചാണ് വെള്ളാപ്പള്ളി നടേശൻ രംഗത്ത് എത്തിയിരിക്കുന്നത്. ചങ്ങനാശേരി പെരുന്നയിലെ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ ലക്ഷ്യമിട്ടാണ് വെള്ളാപ്പള്ളി നടേശൻ കടുത്ത പ്രയോഗങ്ങൾ നടത്തിയത്. ചരിത്രത്തിൽ ഒന്നിനും സ്വാതന്ത്ര്യമില്ലാതെ മറ്റുള്ളവർക്ക് വേണ്ടി പണിയെടുക്കുന്ന വിഭാഗമായിരുന്നു ഈഴവർ. ഈഴവന് സംവരണം വേണ്ട എന്ന് ഒരു പ്രബല സമുദായം പറഞ്ഞപ്പോൾ ഈഴവന് വേണ്ടി പറയാൻ ഒരാൾ പോലുമുണ്ടായിരുന്നില്ലന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എല്ലാവിധത്തിലും ഇപ്പോഴും ഈഴവർ പിന്നാക്കാവസ്ഥയിലാണ്. ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ മാത്രമല്ല സ്വകാര്യ ക്ഷേത്രങ്ങളിലും കാണിക്ക ഇടരുത്. ഗുരുദേവ ക്ഷേത്രങ്ങളിൽ കാണിക്കയിട്ടാൽ അത് ഈഴവന് തന്നെ ലഭിക്കും. മറ്റ് ഏത് ക്ഷേത്രങ്ങളിൽ കാണിക്കയിട്ടാലും ഇത് ലഭിക്കുക സമൂഹത്തിലെ സവർണ വിഭാഗത്തിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡിൽ 94 ശതമാനവും ജോലി ചെയ്യുന്നത് സവർണ വിഭാഗമാണ്. ഇവർക്കു വേണ്ടിയാണ് ഇപ്പോൾ ചില സംഘടനകൾ നാമജപ സമരവുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നത്. ക്ഷേത്രങ്ങളിലെ അധികാരം കൈവിട്ട് പോകുമെന്ന ഭയമാണ് ഈ സംഘടനകളെ തെരുവിൽ സമരത്തിന് ഇറക്കിയതെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയിൽ നിന്നും വിധി വന്നപ്പോൾ ബിജെപിയും ആർഎസ്എസും കോൺഗ്രസും അടക്കമുള്ള പാർട്ടികൾ വിധിയെ പൂർണമായും സ്വാഗതം ചെയ്യുകയായിരുന്നു. ആത്മീയതയെ മാർക്കറ്റ് ചെയ്തപ്പോൾ, ആളെ കിട്ടി. ഇതോടെ ഇവർ പറഞ്ഞതെല്ലാം വിഴുങ്ങുകയായിരുന്നു. തുടർന്ന് സമരത്തെ പിൻതുണച്ച് ഈ രാഷ്ട്രീയ പാർട്ടികളെല്ലാം രംഗത്ത് ഇറങ്ങി. എന്നാൽ, ഇതിനെല്ലാം മുന്നിൽ നിന്ന് അടിവാങ്ങുന്നതും, ജയിലിൽ പോകുന്നതും അവർണരാണ്. ഇതിന്റെ നേട്ടമുണ്ടാക്കുന്നതാവട്ടെ സവർണ വിഭാഗത്തിലെ തമ്പുരാക്കൻമാരും. ആവർക്ക് ആവശ്യം വരുമ്പോൾ നമ്മൾ ഹിന്ദുക്കളും അല്ലാത്തപ്പോൾ നമ്മൾ ജന്തുക്കളുമാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇവരെല്ലാം തെരുവിൽ സമരവുമായി ഇറങ്ങിയത്. ഭരണഘടനയെ അംഗീകരിക്കുക എന്നത് ഓരോ പൗരന്റെയും കർത്തവ്യമാണ്. എന്നാൽ, ചിലർ ഇതിനെതിരെ സമരവുമായി എത്തിയിരിക്കുന്നത്. തങ്ങളുടെ താല്പര്യം സാധിച്ചില്ലെങ്കിൽ എന്തിനെയും തകർക്കുമെന്നതാണ് ഇവരുടെ നിലപാട്. ശബരിമലയിൽ കാണിക്ക ഇടരുത് അരവണ വാങ്ങരുത് എന്നതാണ് ഇവരുടെ പ്രഖ്യാപനം. ഇതുമൂലം വരുമാനത്തിൽ വൻ ഇടിവുമുണ്ടായി. ഇവരുടേത് ഭക്തിയാണോ വിഭക്തിയാണോ എന്ന് തിരിച്ചറിയുക. ശബരിമലയിലെ വരുമാനം കുറയാൻ കാരണക്കാരനായ ആളിനെതിരെ ഒരക്ഷരം പറയാൻ ഒരു രാഷ്ട്രീയ നേതാവും തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.