
ആദ്യ ഊഴത്തിൽ സിദ്ധരാമയ്യ മുഖ്യമന്ത്രി..! സത്യപ്രതിജ്ഞ നാളെ..! ആഭ്യന്തര കലാപത്തിനില്ലെന്ന് ഡി.കെ ശിവകുമാർ
സ്വന്തം ലേഖകൻ
ബംഗളൂരു: ചർച്ചകള്‍ക്കൊടുവിൽ സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകും. മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖ്യമന്ത്രി പദം പങ്കിടാമെന്ന ധാരണയുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ടേമില്‍ രണ്ട് വര്‍ഷം സിദ്ധരാമയ്യയും തുടര്‍ന്നുള്ള മൂന്നു വര്‍ഷം ഡി.കെ ശിവകുമാറും മുഖ്യമന്ത്രിയാകുക എന്നതാണ് ഫോര്‍മുല. ഡി.കെ ശിവകുമാറിനെ അനുനയിപ്പിക്കാനുളള ശ്രമങ്ങള്‍ ഹൈക്കമാന്‍ഡ് തുടരുകയാണ്.കന്ഡീരവ സ്റ്റേഡിയത്തിൽ നാളെ സത്യപ്രതിഞ്ജ ചെയ്യുമെന്നാണ് കോൺഗ്രസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.
അതേസമയം ആഭ്യന്തര കലാപത്തിനില്ലെന്ന് ഡി.കെ ശിവകുമാർ ഉറപ്പ് നൽകി. ഉപമുഖ്യമന്ത്രി പദവി നിരസിച്ച ഡി.കെ പല ഉപമുഖ്യമന്ത്രിമാരിൽ ഒരാളാകാൻ ഇല്ലെന്ന് വ്യക്തമാക്കി. പി.സി.സി അധ്യക്ഷനായി ശിവകുമാർ തുടരും
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോഷ്യലിസ്റ്റായി കടന്നുവന്ന സിദ്ധരാമയ്യ അഞ്ച് പതിറ്റാണ്ടായി കർണാടകയിലെ കോൺഗ്രസിന്‍റെ നെടുംതൂണാണ്. രണ്ടാം തവണയാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്നത്. 2013 ലെ തെരഞ്ഞെടുപ്പിലാണ് ഇതിന് മുൻപ് സിദ്ദരാമയ്യ മുഖ്യമന്ത്രിയായത്.
സ്വതന്ത്ര ഇന്ത്യയുടെ പ്രായമാണ് സിദ്ധരാമയ്ക്ക്. ബി.എസ്‍.സിയും എൽ.എൽ.ബിയുമാണ് വിദ്യാഭ്യാസം. പഠനത്തിനുശേഷം ലോക്ദളിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. ഡോക്ടർ രാം മനോഹര്‍ ലോഹ്യയുടെ സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. 1983ല്‍ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് ജയിച്ചു. ലോക്ദൾ വിട്ട് ജനതാ പാർട്ടിയിലേക്ക് ആദ്യ ചുവടുമാറ്റം. 85ലെ ഉപതെരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് വീണ്ടും ജയിച്ചു. ജനതാ പാർട്ടി മന്ത്രിസഭയിൽ മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രിയായി.
1992ല്‍ ജനതാദളിന്റെ സെക്രട്ടറി ജനറൽ പദവി. 1994ല്‍ എച്ച്.ഡി ദേവഗൗഡ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായി. 1996ൽ ഉപമുഖ്യമന്ത്രിയായി. അതിനിടെ ദേവഗൗഡയുമായി സിദ്ധരാമയ്യ അകന്നു. മകൻ എച്ച്.ഡി കുമാരസ്വാമിയുടെ രാഷ്ട്രീയ ഭാവിക്ക് സിദ്ധരാമയ്യ തടസ്സമാകുമെന്ന് കണ്ട് ദേവഗൗഡ കൈവിട്ടു എന്നാണ് രാഷ്ട്രീയ ഇടനാഴികളിലെ അടക്കംപറച്ചില്‍. തുടര്‍ന്ന് കോൺഗ്രസ് പാളയത്തിലെത്തി. 2013ല്‍ കോൺഗ്രസ് മുഖ്യമന്ത്രി പദത്തിലേക്ക് സിദ്ധരാമയ്യയെ കൊണ്ടുവന്നു.
കഴിഞ്ഞ തവണ രണ്ടിടത്ത് മത്സരിച്ചെങ്കിലും ചാമുണ്ഡേശ്വരിയിൽ തോറ്റു. ഇത്തവണ വരുണയിൽ അര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തി. ദലിത് ന്യൂനപക്ഷ വിഭാഗങ്ങളെ ഏകോപിപ്പിച്ച് അഹിന്ദ സമവാക്യം മുന്നോട്ടുകൊണ്ടുപോകാന്‍ സിദ്ധരാമയ്യക്കായി. കോണ്‍ഗ്രസിനെ സംബന്ധിച്ച് ട്രബിള്‍ ഷൂട്ടറായ ഡി.കെയും ജനകീയനായ സിദ്ധരാമയ്യയും മുഖ്യമന്ത്രി പദത്തിന് യോഗ്യരാണ്. ഡി.കെയുമായി താരതമ്യം ചെയ്യുമ്പോള്‍, മുഖ്യമന്ത്രിയായിരുന്നപ്പോൾ ട്രാക്ക് റെക്കോർഡിൽ ഒരു കരട് പോലുമില്ല എന്നതും ഭരണതലത്തിലെ അനുഭവ പരിചയവും ജനപിന്തുണയും സിദ്ധരാമയ്യയ്ക്ക് അനുകൂല ഘടകങ്ങളായി.