
സ്വന്തം ലേഖകൻ
കോട്ടയം: കേരളത്തിന്റെ സാംസ്‌കാര തനിമയും പ്രൗഢിയും സമന്വയിച്ച ഘോഷയാത്ര പ്രൗഢഗംഭീരമായി. എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്ര നഗര വീഥികൾക്കു ഉത്സവഛായ പകർന്നു.
തെയ്യം, കളരിപ്പയറ്റ്, കോൽക്കളി, വാദ്യമേളം തുടങ്ങി കേരള തനിമ നിറഞ്ഞു നിന്ന കലാരൂപങ്ങൾ മുഖ്യ ആകർഷണമായി. സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ കുട്ടികളുടെ റോളർ സ്‌കെയ്റ്റിങ്, ബാൻഡ് മേളം എന്നിവ ഘോഷയാത്രക്ക് അകമ്പടിയായി.
സഹകരണ വകുപ്പിന്റെ റാലിയാണ് ആദ്യം കടന്നു പോയത്. സഹകരണ വകുപ്പിന്റെ വിവിധങ്ങളായ പദ്ധതികളായ സഹകാരി സാന്ത്വനം, റിസ്‌ക് ഫണ്ട് പദ്ധതി, സ്‌നേഹതീരം എന്നിവയുടെ പ്രാധാന്യം രേഖപ്പെടുത്തിയ പ്രചരണ വാഹനം റാലിയെ അനുഗമിച്ചു. 11 സർവീസ് സഹകരണ ബാങ്കുകളും പിന്നിൽ അണിനിരന്നു. കാർഷികവകുപ്പിന്റെ ഏറ്റവും വലിയ നേട്ടമായ ഞങ്ങളും കൃഷിയിലേക്ക് എന്ന ബാനറിന്റെ അകമ്പടിയോടെ കൃഷി രീതികൾ കാണിച്ചുതരുന്ന ഫ്‌ളോട്ടും ഘോഷയാത്രയുടെ ഭാഗമായി. പങ്കാളിത്തം കൊണ്ട് ഏറ്റവും ശ്രദ്ധേയമായത് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഘോഷയാത്രയാണ്. ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ബ്ലോക്കുകളും ഘോഷയാത്രയുടെ ഭാഗമായി. റോഡ് സുരക്ഷയെ പ്രതിപാദിക്കുന്ന പ്ലോട്ടുകൾ
മോട്ടോർ വാഹന വകുപ്പ് അവതരിപ്പിച്ചു.
സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ വിളിച്ചോതി കൊണ്ടു 32 വകുപ്പുകളാണ് ഘോഷയാത്രയിൽ അണിനിരന്നത്.
ഉച്ചയ്ക്ക് രണ്ട് മണിക്ക് കോട്ടയം തിരുനക്കര മൈതാനത്തു നിന്നും ആരംഭിച്ച ജാഥ നാല് മണിക്ക് നാഗമ്പടം മൈതാനത്ത് എത്തി. സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ, സി. കെ. ആശ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ. വി. ബിന്ദു, ജില്ലാ കളക്ടർ പി. കെ. ജയശ്രീ, നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.എൻ. ഗിരീഷ് കുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ ഹൈമി ബോബി, പി.ആർ. അനുപമ, ഹേമലത പ്രേംസാഗർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അസോസിയേഷൻ പ്രസിഡന്റ് കെ.സി. ബിജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ് അസോസിയേഷൻ പ്രസിഡന്റ് പി. വി. സുനിൽ, പാലാ ആർ.ഡി.ഒ പി.ജി. രാജേന്ദ്ര ബാബു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ എന്നിവർ പങ്കെടുത്തു.