play-sharp-fill
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഓംബുഡ്‌സ്മാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഓംബുഡ്‌സ്മാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഓംബുഡ്‌സ്മാന്‍ എല്‍. സാം ഫ്രാങ്ക്‌ളിന്‍ 2022-23 സാമ്ബത്തിക വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന് സമര്‍പ്പിച്ചു.


പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് ഈ കാലയളവില്‍ ലഭ്യമായ 210 പരാതികളില്‍ 184 പരാതികള്‍ തീര്‍പ്പാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അര്‍ഹതപ്പെട്ട വേതന നിഷേധം, തൊഴില്‍ നിഷേധം, മേറ്റുമാരുടെ നിയമനം, നിര്‍മാണ പ്രവൃത്തികള്‍ക്ക് തുക സമയബന്ധിതമായി അനുവദിച്ചു നല്‍കാതിരുന്നത്, തൊഴിലിട സൗകര്യങ്ങള്‍ നിഷേധിയ്ക്കല്‍, തൊഴിലിടങ്ങളിലുണ്ടായ പ്രശ്‌നങ്ങള്‍ എന്നിവയാണ് പരിഹരിക്കപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമയബന്ധിതമായി അര്‍ഹതപ്പെട്ട തുകകള്‍ അനുവദിച്ചു നല്‍കാതിരുന്ന പരാതികളില്‍ 67,21,895 രൂപ അവാര്‍ഡ് നല്‍കി. അതില്‍ 51,65,037 രൂപ പരാതിക്കാര്‍ക്ക് സമയബന്ധിതമായി നല്‍കി, ബാക്കി തുക നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. 40,787 രൂപ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഫണ്ടിലേയ്ക്ക് തിരിച്ചടപ്പിയ്ക്കുകയും 13,843 രൂപ ഫൈന്‍ ഈടാക്കുകയും ചെയ്തു.

തീര്‍പ്പാക്കിയ 184 പരാതികളില്‍ 50 എണ്ണം തുകകള്‍ സമയബന്ധിതമായി അനുവദിച്ചു നല്‍കാത്തതും 42 എണ്ണം തൊഴില്‍ നിഷേധവുമായി ബന്ധപ്പെട്ടതും 21 എണ്ണം മേറ്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ടതും 12 എണ്ണം വേതനം നിഷേധിച്ചതുമായി ബന്ധപ്പെട്ടും ഏഴ് കേസുകള്‍ പ്രവൃത്തി സ്ഥല സൗകര്യം ഒരുക്കാത്തതു സംബന്ധിച്ചും 10 എണ്ണം സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ഹാജര്‍ രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികളുമാണ്. വിവിധ സ്ഥലങ്ങളിലായി 41 സിറ്റിംഗുകളാണ് നടത്തിയത്.

ഓംബുഡ്‌സ്മാന്‍ ഇടപെടലിനെ തുടര്‍ന്ന് എല്ലാ തൊഴിലിടങ്ങളിലും അടിയന്തിര പ്രഥമ ശുശ്രൂഷാ കിറ്റ്, കുടിവെള്ള സൗകര്യം, ഷെയ്ഡ് ഉള്‍പ്പെടെ മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കി. ഫീല്‍ഡ് സന്ദര്‍ശനങ്ങളുടെ ഭാഗമായി ഓംബുഡ്‌സ്മാന്‍ നേരിട്ട് തൊഴിലിടങ്ങള്‍ സന്ദര്‍ശിച്ച്‌ തൊഴിലാളികളുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും പരാതി പരിഹാര സംവിധാനവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍ക്കും, മേറ്റുമാര്‍ക്കും വിവിധ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതി രൂപീകരണ-നടത്തിപ്പില്‍ വിവിധ വകുപ്പുകള്‍ തമ്മില്‍ കാര്യക്ഷമമായ രീതിയില്‍ ഇടപെടല്‍ നടത്തണമെന്നും ‘ജലജൈവ സംരക്ഷണവും ഭക്ഷ്യ സുരക്ഷയും’ ഉറപ്പു വരുത്തുന്ന പ്രോജക്ടുകള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

Tags :