പരീക്ഷാ നടത്തിപ്പിനെ ഫെസ്ബുക്കിലൂടെ ചോദ്യം ചെയ്തു: അദ്ധ്യാപകന് സര്‍ക്കാരിന്റെ ശാസന
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പരീക്ഷാ നടത്തിപ്പിനെ വിമര്‍ശിച്ച് ഫെയ്സ് ബുക്കില്‍ കുറിപ്പ് പങ്കുവെച്ച ഹയര്സെക്കഡന്ററി അദ്ധ്യാപകന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശിക്ഷ.
കണ്ണൂര്‍ പയ്യന്നൂര്‍ ഗവ.ഗേള്‍സ് എച്ച്.എസ്.എസിലെ മലയാളഅദ്ധ്യാപകനായ പി.പ്രേമചന്ദ്രനെതിരെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശാസന. സംഭവത്തില്‍ അദ്ധ്യാപകനെ പരസ്യമായി ശാസിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ ജീവന് ബാബു പുറപ്പെടുവിച്ച ഉത്തരവ്.
പരീക്ഷാ നടത്തിപ്പിനെ സംബന്ധിച്ച് വിമര്‍ശനം ഉന്നയിച്ചു. വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും ആശങ്ക വളര്‍ത്തുകയും സര്‍ക്കാരിനെതിരെയാക്കാന്‍ ശ്രമിച്ചെന്നുമാണ് അദ്ധ്യാപകനെതിരായ കുറ്റാരോപണം. സര്‍ക്കാര്‍ നയങ്ങളെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ കുറ്റപ്പെടുത്തി. 1960-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടം ലംഘിച്ചു. അതിനാല്‍ ശാസന എന്ന ശിക്ഷ നല്കി അച്ചടക്ക് നടപടി എടുക്കുന്നതായാണ് ഉത്തരവില്‍ പറയുന്നത്.
2022-ലെ ഹയര്‍ സെക്കന്ഡറിപരീക്ഷയില് ഫോക്കസ് ഏരിയയ്ക്ക് പുറത്ത് നിന്ന് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് അദ്ധ്യാപകന് ചോദ്യം ചെയ്തത്. സംഭവത്തില്‍ അദ്ധ്യാപകസംഘടനകള്‍ ഉള്‍പ്പെടെ പ്രശ്നം ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് പരീക്ഷാ നടത്തിപ്പിനെതിരെ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു. പിന്നീട് ഇത് സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ തിരുത്തിയിരുന്നു. അക്കാദമിക്ക് വിമര്‍ശനം ക്രിമിനല്‍ കുറ്റമല്ലെന്നും അച്ചടക്കനടപടി ചോദ്യം ചെയ്യുമെന്നും അദ്ധ്യാപകന് പറഞ്ഞു. വിരമിക്കാനിരിക്കെയാണ് അദ്ധ്യാപകനെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് അച്ചടക്ക നടപടി എടുത്തിരിക്കുന്നത്.