
ബി.ജെ.പിയെ അധികാരത്തിൽ എത്തിച്ചതിന്റെ ഉത്തരവാദികൾ ഇടതുപക്ഷം: ജോസ് കെ.മാണി; കേരള യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനത്തിന് ആവേശകരമായ സമാപനം
സ്വന്തം ലേഖകൻ
എറണാകുളം : ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പാണ് ബി.ജെ.പിയെ അധികാരത്തില്‍ എത്തിച്ചതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. കേരളയാത്രയുടെ എറണാകുളം ജില്ലയിലെ രണ്ടാം ദിവസത്തെ വിവിധ സ്വീകരണ സമ്മേളനങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.പി സിങ്ങിനെ പ്രധാനമന്ത്രിയാക്കാന്‍ അധ്വാനിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയുമായി ഇടതുപക്ഷം ചേര്‍ന്ന് നിന്നത് ജനങ്ങള്‍ മറക്കില്ല. ഇന്നാരും ഓര്‍ക്കുകപോലും ചെയ്യാത്ത ആണവകാരാറിന്റെ പേരിലാണ് നിരവധി ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയ യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചത്.

ഏറ്റവുമൊടുവില്‍ ഹിന്ദി ഹൃദയഭൂമിയില്‍ ബി.ജെ.പിക്കെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനൊപ്പം മതേതര ജനാധിപത്യകക്ഷികള്‍ അണിചേര്‍ന്നപ്പോള്‍ രാജസ്ഥാന്‍ ഡെമോക്രാറ്റിക് ഫ്രണ്ട് രൂപീകരിച്ച് ആ മുന്നേറ്റത്തിന് തുരങ്കം വെയ്ക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്. ഏറ്റവും ഒടുവില്‍ ഫെഡറലിസത്തിന്റെ വക്താക്കളെന്ന് മേനി നടിക്കുന്ന ഇടതുപക്ഷം മമതാബാനര്‍ജിയുടെ സമരത്തെ തള്ളുപ്പറഞ്ഞതിലൂടചെ ആത്യന്തികമായി സഹായിച്ചതും ബി.ജെ.പിയെ ആണെന്നും ജോസ് കെ.മാണി പറഞ്ഞു. കേരളത്തിലെ രക്ഷകര്‍ എന്ന് വിശേഷിപ്പിക്കുന്ന മത്സ്യത്തൊഴിലാളികളെ വീണ്ടും വഞ്ചിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച തുകയില്‍ നിന്നും ഒരു രൂപ പോലും ചിലവഴിക്കാത്തവരാണ് ഇപ്പോള്‍ പുതിയ പ്രഖ്യാപനവുമായി രംഗത്ത് വന്നിരിക്കുകയാണെന്നും ജോസ് കെ.മാണി പറഞ്ഞു.

കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനത്തിന് ആവേശകരമായ സമാപനം. വാദ്യമേളങ്ങളുടേയും കലാരൂപങ്ങളുടേയും നൂറ് കണക്കിന് അകമ്പടി വാഹനങ്ങളുടേയും അകമ്പടിയോടെ രണ്ടാം ദിവസത്തെ പര്യടനത്തിന് പിറവത്ത് നിന്നാണ് തുടക്കമായത്. പിറവത്ത് നടന്ന സ്വീകരണ സമ്മേളനം അനൂപ് ജേക്കബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കോലഞ്ചേരി വഴി മൂവാറ്റുപുഴയില്‍ എത്തിച്ചേര്‍ന്നു. വൈകുന്നേരത്തോടെ കോതമംഗലത്ത് എത്തി ജില്ലയിലെ പര്യടനത്തിന് സമാപനം കുറിച്ചു. യുവാക്കളുടെ പ്രാതിനിധ്യം കേരളയാത്രയെ കൂടുതല്‍ വ്യത്യസ്തമാക്കി. നൂറ് കണക്കിന് യുവജനങ്ങളാണ് യാത്രയില്‍ അണിനിരന്നത്. കേരളയാത്ര യുവതയുടെ യാത്രയായി മാറുന്നത് ജില്ലയിലുടെനീളം കാണാമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group


ജില്ലാ പ്രസിഡന്റ് ഷിബു തെക്കുപുറം വിവിധ സ്ഥലങ്ങളിലെ സ്വീകരണ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജോയി എബ്രഹാം എക്‌സ്.എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ,ജോണി നെല്ലൂര്‍, ഡി.സി.സി സെക്രട്ടറി പ്രദീപ് കുമാര്‍, ജോബ് മൈക്കിള്‍, സ്റ്റീഫന്‍ ജോര്‍ജ്, പ്രമോദ് നാരായണ്‍, സജി കുറ്റിയാനിമറ്റം, ടി.യു കുരുവിള, എം.എം ഫ്രാന്‍സിസ്, വി.വി ജോഷി, കെ.പി ബാബു, ബാബു ജോസഫ്, മുഹമ്മദ് ഇക്ക്ബാല്‍, ടോമി കെ.തോമസ്,ജോര്‍ജ് ചെമ്പമല, ജില്‍സ് പെരിയപ്പുറം, സാജു ചേന്നാട്ട്, ജോസി പി.തോമസ്, ജാന്‍സി ജോര്‍ജ്, എന്‍.സി ചെറിയാന്‍, റോണി മാത്യു, തോമസ് പാറക്കന്‍ തുടങ്ങിയവര്‍ വിവിധ സമ്മേളനങ്ങളില്‍ സംസാരിച്ചു.