‘തെരുവിലെ സമരം കായിക മേഖലയ്ക്കും രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കും ദോഷം’..! പി.ടി.ഉഷയുടെ പരാമർശം വിവാദത്തിൽ..! ‘ചെറുപ്പത്തിൽ ഹീറോയോയി ആരാധിച്ചിരുന്ന ഉഷയോടുള്ള ബഹുമാനം നഷ്ടപ്പെട്ടതായി’ ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായിരുന്ന ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന പ്രതിഷേധ രീതിയെ വിമർശിച്ച ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷ പി.ടി.ഉഷ വിവാദക്കുരുക്കിൽ.
തെരുവിലെ സമരം കായിക മേഖലയ്ക്കും രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കും ദോഷമാണെന്ന പി.ടി.ഉഷയുടെ പരാമർശമാണ് വിവാദമായത്. താരങ്ങൾ തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുന്നതിനു പകരം ഒളിംപിക് അസോസിയേഷന്റെ അത്‍ലറ്റിസ് കമ്മിഷനു മുൻപാകെ ഹാജരാകുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് ഉഷ ചൂണ്ടിക്കാട്ടിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുസ്തി താരങ്ങള്‍ക്കെതിരായ പരാമര്‍ശം ഉഷ പിന്‍വലിക്കണമെന്ന് സിപിഎം നേതാവ് പി.കെ.ശ്രീമതി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു. നീതിക്കുവേണ്ടി ശബ്ദിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുകയാണ് പി.ടി.ഉഷ ചെയ്യേണ്ടതെന്ന് പി.കെ.ശ്രീമതി ചൂണ്ടിക്കാട്ടി. ചെറുപ്പത്തിൽ ഹീറോയോയി ആരാധിച്ചിരുന്ന ഉഷയോടുള്ള ബഹുമാനം നഷ്ടപ്പെട്ടതായി ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ പ്രതികരിച്ചു. ഈ ഘട്ടത്തിൽ പിന്തുണയ്ക്കുമെന്ന് ഉറച്ചു വിശ്വസിച്ച ഒളിംപിക് അസോസിയേഷൻ അധ്യക്ഷയിൽ നിന്നും ഇത്തരമൊരു പ്രതികരണമല്ല പ്രതീക്ഷിച്ചതെന്ന് സമരരംഗത്തുള്ള ഗുസ്തി താരങ്ങളും വ്യക്തമാക്കി.
‘‘ഞങ്ങളൊക്കെ മാതൃകയായി കണ്ട വ്യക്തിയാണ് പി.ടി.ഉഷ. അവരുടെ വാക്കുകൾ ഞങ്ങളെ വല്ലാതെ മുറിപ്പെടുത്തി. അവരോട് ഒന്നു ചോദിക്കട്ടെ. മുൻപ് ഉഷയുടെ അക്കാദമി ആരോ തകർത്തെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചപ്പോൾ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേറ്റിരുന്നില്ലേ?’ – ഗുസ്തി താരം ബജ്റങ് പൂനിയ ചോദിച്ചു.
ലൈംഗിക പീഡന പരാതികൾ പരിശോധിക്കാൻ ഇന്ത്യൻ ഒളിംപിക് അസോസിയേഷനിൽ ഒരു കമ്മിറ്റിയുണ്ട്. താരങ്ങളുടെ കമ്മിഷനുമുണ്ട്. പരാതിയുമായി വീണ്ടും തെരുവിൽ ഇറങ്ങുന്നതിനു പകരം, അവർ ഒളിംപിക് അസോസിയേഷനെ സമീപിക്കുകയായിരുന്നു വേണ്ടിയിരുന്നത്. അതുണ്ടായില്ല’ – പി.ടി.ഉഷ പറഞ്ഞു.
‘‘താരങ്ങൾ കുറച്ചൊക്കെ അച്ചടക്കം പാലിക്കേണ്ടതുണ്ട്. പരാതിയുമായി അസോസിയേഷനെ സമീപിക്കുന്നതിനു പകരം അവർ വീണ്ടും തെരുവിലിറങ്ങുകയാണ് ചെയ്തത്. അത് കായികരംഗത്തിനു നല്ലതല്ല. ഇത്തരം പ്രതിഷേധങ്ങൾ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിക്കും. രാജ്യാന്തര തലത്തിൽ ഇന്ത്യയ്ക്ക് നല്ലൊരു പ്രതിച്ഛായയുണ്ട്. ഇത്തരം നെഗറ്റീവ് പ്രചാരണം രാജ്യത്തിനു നല്ലതല്ല. ഗുസ്തി താരങ്ങൾക്കൊപ്പം മാത്രമല്ല, ഇന്ത്യയെ പ്രതിനിധീകരിച്ച എല്ലാ താരങ്ങള്‍ക്കുമൊപ്പമാണ് അസോസിയേഷൻ. പക്ഷേ, അത് നിയമാനുസൃതമായി മാത്രം. തെരുവിൽ ധർണയിരുന്ന് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ തേടുകയാണ് താരങ്ങൾ ചെയ്യുന്നത്. അതാണ് എന്നെ നിരാശപ്പെടുത്തുന്നത്’ – ഉഷ പറഞ്ഞു.