play-sharp-fill
അങ്കമാലി-ശബരിപാതയില്‍ വീണ്ടും അനിശ്ചിതത്വത്തിന്‍റെ പാതയിൽ

അങ്കമാലി-ശബരിപാതയില്‍ വീണ്ടും അനിശ്ചിതത്വത്തിന്‍റെ പാതയിൽ

സ്വന്തം ലേഖകൻ

കൊച്ചി :അങ്കമാലി-ശബരിപാതയില്‍ വീണ്ടും അനിശ്ചിതത്വത്തിന്‍റെ ചൂളംവിളി. കാല്‍നൂറ്റാണ്ടോളമായി അനിശ്ചിതത്വത്തിലായിരുന്ന പദ്ധതിക്ക് കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ നൂറ് കോടി വകയിരുത്തിയതോടെയാണ് വീണ്ടും പ്രതീക്ഷയുടെ ട്രാക്കിലായത്.

എന്നാല്‍, ചെങ്ങന്നൂര്‍-പമ്ബ പാതയെന്ന പുതുനിര്‍ദേശവുമായി റെയില്‍വേ മന്ത്രാലയം നടപടികളാരംഭിച്ചതോടെയാണ് അങ്കമാലി-ശബരിപാത വീണ്ടും അനിശ്ചിതത്വത്തിലായത്. ഇതോടെ പദ്ധതിക്കായി ഭൂമി അളന്നു തിരിക്കപ്പെട്ടവരും ഏറ്റെടുത്തവരുമെല്ലാം ആശങ്കയിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അങ്കമാലിയില്‍നിന്നാരംഭിച്ച്‌ എരുമേലിയില്‍ അവസാനിക്കുന്ന 116 കി.മീ റെയില്‍ പദ്ധതിക്ക് കാല്‍ നൂറ്റാണ്ട് മുമ്ബാണ് തുടക്കമായത്. 1997-98 കേന്ദ്ര ബജറ്റില്‍ ഇതിനായി 550 കോടി കണക്കാക്കുകയും ചെയ്തു. എന്നാല്‍, പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ സജീവമായി നീങ്ങിയെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നിലക്കുകയായിരുന്നു. 254 കോടി ചെലവിട്ട് ഏഴ് കിലോമീറ്റര്‍ റെയില്‍ പാതയും കാലടി റെയില്‍വേ സ്റ്റേഷനും ഒരു കിലോമീറ്ററുള്ള പെരിയാര്‍ പാലവും നിര്‍മിച്ചതാണ് ഏക പദ്ധതി പുരോഗതി.

പ്രവര്‍ത്തനം നിലച്ചതോടെ ദുരിതത്തിലായത് പദ്ധതിക്കായി ഭൂമി നഷ്ടമാകുന്ന എറണാകുളം, കോട്ടയം ജില്ലകളിലെ 70 കിലോമീററര്‍ പരിധിയിലെ ഭൂവുടമകളായിരുന്നു. പദ്ധതിക്കായി ഭൂമി അളന്ന് തിരിച്ച്‌ കല്ലിട്ടതോടെ ഈ ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ കഴിയാതെ ഇവര്‍ ദുരിതത്തിലായി. രണ്ടായിരത്തോളം ഭൂവുടമകളെ നേരിട്ട് ബാധിക്കുന്ന പദ്ധതിയില്‍ 800 കെട്ടിടങ്ങളാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. കാല്‍ നൂറ്റാണ്ട് മുമ്ബ് 550 കോടി ചെലവ് കണക്കാക്കിയ പദ്ധതിക്ക് ഒടുവിലെ കണക്ക് പ്രകാരം 3456 കോടിയാണ് ചെലവ്.

പദ്ധതി ചെലവ് ഉയര്‍ന്നതോടെ ഇതിന്‍റെ പകുതി സംസ്ഥാനം വഹിക്കണമെന്ന വാദം കേന്ദ്രമുയര്‍ത്തി. ഒടുവില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ട് വര്‍ഷം മുമ്ബ് ഈ നിര്‍ദേശം അംഗീകരിക്കുകയും ഇതിനായി കിഫ്ബി ഫണ്ട് വിനിയോഗിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ നൂറുകോടി അനുവദിച്ചതോടെയാണ് പദ്ധതിക്ക് ജീവന്‍ െവക്കുമെന്ന നേരിയ പ്രതീക്ഷയുണര്‍ന്നത്. എന്നാല്‍, ഈ പ്രതീക്ഷകളെ തകിടം മറിച്ചാണ് പദ്ധതി ഉപേക്ഷിക്കുമെന്ന കേന്ദ്രത്തിന്‍റെ പരോക്ഷ പ്രഖ്യാപനം.

ചെങ്ങന്നൂര്‍-പമ്ബ പാതയുടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായ ശേഷമേ അങ്കമാലി -ശബരി പാതയുടെ കാര്യത്തില്‍ തീരുമാനമെടുക്കൂയെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്‍റെ നിലപാട്. പദ്ധതി ഉപേക്ഷിക്കരുതെന്ന ആവശ്യവുമായി ഡീന്‍ കുര്യാക്കോസ് എം.പി അടക്കമുള്ളവര്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടിരുന്നു. എന്നാല്‍, മന്ത്രിയുടെ പ്രതികരണം അനുകൂലമല്ലായിരുന്നുവെന്നാണ് വിവരം.

Tags :