തൃശ്ശൂർ എസ് പി ഐശ്വര്യ ഡോങ്റെയുടെ വ്യാജ ഐഡി കാർഡും ഫോട്ടോയും ഉപയോഗിച്ച് തട്ടിപ്പ്…! തട്ടിപ്പിനിരയായത് കോട്ടയം പാമ്പാടി സ്വദേശി..!
സ്വന്തം ലേഖകൻ
കോട്ടയം : തൃശ്ശൂർ എസ് പി ഐശ്വര്യ ഡോങ്റെയുടെ വ്യാജ ഐഡി കാർഡും ഫോട്ടോയും വെച്ച് തട്ടിപ്പ്. കോട്ടയം പാമ്പാടി സ്വദേശിയാണ് തട്ടിപ്പിനിരയായത്.
ചേർപ്പ് പോലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് അന്വേഷണം നടത്താൻ തയ്യാറായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തട്ടിപ്പിന്റെ കഥ ഇങ്ങനെ …..!
പാമ്പാടി സ്വദേശി olx ൽ വന്ന ടൂവീലറിന്റെ പരസ്യം കണ്ട് കച്ചവടം ഉറപ്പിച്ചു. ഹോണ്ട ആക്ടീവ സ്കൂട്ടറിന് 18,000 രൂപയാണ് വില പറഞ്ഞത്. വാഹനം എറണാകുളം സ്വദേശിനിയായ ദീപാ അനിൽ എന്ന യുവതിയുടേതാണെന്നാണ് പാമ്പാടി സ്വദേശിയെ വിശ്വസിപ്പിച്ചത്. ഇവർ നെടുമ്പാശ്ശേരി എയർപോർട്ടിലെ മിലിറ്ററിയുടെ സെക്യൂരിറ്റി വിഭാഗം സ്റ്റാഫ് ആണെന്ന് പരിചയപ്പെടുത്തി.
തുടർന്ന് ഐഡി കാർഡിന്റെ കോപ്പിയും ഇവർ യൂണിഫോമിലുള്ള ഫോട്ടോയും, മിലിറ്ററി വാഹനങ്ങളുടെ ചിത്രങ്ങളും പാമ്പാടി സ്വദേശിക്ക് അയച്ചു നൽകി.
കച്ചവടം ഉറപ്പിച്ചതോടെ
ടൂവീലർ കൊറിയറിൽ അയക്കാം എന്ന് പറഞ്ഞ് 4000 രൂപ മുൻകൂർ വാങ്ങി. എയർപോർട്ടിലേക്ക് മറ്റുള്ളവർക്ക് കടന്നു വരാൻ പറ്റില്ലെന്നും വാഹനം കൊറിയറിൽ അയച്ചു തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.
വിശ്വാസ്യതയുടെ ഉറപ്പിലേക്കായി വാഹനം കൊറിയർ അയക്കാനായി പായ്ക്ക് ചെയ്ത് വെച്ചിരിക്കുന്ന ചിത്രവും നല്കി. തുടർന്ന് 7000 രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ടു. പാമ്പാടി സ്വദേശി ഈ തുകയും ദീപ തന്ന ഗൂഗിൾപേ നമ്പറിലേക്ക് അയച്ചു നൽകി.
പിന്നീട് വാഹനം കൊറിയറിൽ വിട്ടിട്ടുണ്ടെന്നും 7000 രൂപ കൂടി അക്കൗണ്ടിലേക്ക് നൽകാനും പറഞ്ഞു.
കൂടുതൽ ഉറപ്പിലേക്കായി ദീപ യൂണിഫോമിൽ നിൽക്കുന്ന ഫോട്ടോയും ഐഡി കാർഡും അയച്ചു നൽകിയിരുന്നു.
തുടർന്ന് കൊറിയർ ഡെലിവറി ചെയ്യുന്ന വാഹനം ഏറ്റുമാനൂരിൽ എത്തിയെന്നു പറഞ്ഞു ജീവനക്കാരൻ വിളിച്ചു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും വാഹനം കിട്ടാതെ വന്നതോടെ കൊറിയർ ബോയിയെ തിരിച്ചു വിളിച്ചു . എന്നാൽ 11,000 രൂപ കൂടി വേണമെന്നും എങ്കിൽ മാത്രമേ വാഹനം ഡെലിവറി ചെയ്യുവെന്നും ഇയാൾ പാമ്പാടി സ്വദേശിയോട് പറഞ്ഞു. ഇതിൽ സംശയം തോന്നിയതിനേ തുടർന്ന് പണം നൽകിയില്ല.
തുടർന്ന് ദീപയെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. സംശയം ബാലപ്പെട്ടതിനെ തുടർന്ന് വാഹനത്തിന്റെ ആർ സി നമ്പർ വെച്ച് ആർടി ഓഫീസിൽ അന്വേഷിച്ച് ഉടമയുടെ അഡ്രസ്സ് കണ്ടെത്തി.
തൃശ്ശൂരുള്ള വാഹന ഉടമയുടെ വീട്ടിലെത്തിയ പാമ്പാടി സ്വദേശിക്ക് ഞെട്ടിക്കുന്ന വിവരങ്ങളാണ് അവിടുന്ന് അറിയാൻ കഴിഞ്ഞത്. ഒരു വർഷം മുൻപ് olx ൽ വാഹനം വിൽക്കാൻ പരസ്യം ഇട്ടതാണെന്നും ഈ പരസ്യം കണ്ട് നിരവധി പേർ വാഹനം വിറ്റ് പണം വാങ്ങിയെടുത്തതായും അവർ പറഞ്ഞു . ഇങ്ങനെ തട്ടിപ്പിനിരയായ നിരവധിപേർ തങ്ങളെ സമീപിച്ചിരുന്നതായും അറിയിച്ചു. എന്നാൽ തന്റെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തിയ നെടുമ്പാശ്ശേരി സ്വദേശിനിയെ അറിയില്ലെന്നും യഥാർത്ഥ വാഹന ഉടമ പറഞ്ഞു.
തുടർന്ന് പാമ്പാടി സ്വദേശി ചേർപ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോഴാണ് കഥയിലെ യഥാർത്ഥ വില്ലൻ പുറത്തുവരുന്നത്. തട്ടിപ്പ് നടത്താനായി അയച്ചു നല്കിയ ഐഡി കാർഡും ഫോട്ടോയും തൃശ്ശൂർ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്റേയുടേതായിരുന്നു. തുടർന്ന് ഈ വിവരങ്ങൾ ചൂണ്ടിക്കാണിച്ച് തൃശൂർ ചേർപ്പ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പാമ്പാടി സ്റ്റേഷനിൽ പരാതി നൽകാൻ പറഞ്ഞ് ചേർപ്പ് പോലീസ് കൈയൊഴിഞ്ഞു.
ജില്ലാ പൊലീസ് മേധാവിയുടെ വ്യാജ ഐഡി കാർഡ് ഉണ്ടാക്കി തട്ടിപ്പ് നടത്തിയിട്ടും അന്വേഷിക്കാൻ പൊലീസിന് താല്പര്യമില്ല. ഇതോടെ പാമ്പാടി സ്വദേശി തട്ടിപ്പിനേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്തിക്കും ഡിജിപിക്കും പരാതി നല്കി.