ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്കങ്ങളിൽ നിയന്ത്രണം കടുപ്പിച്ച് കേന്ദ്രം; ഹൈക്കോടതി സ്റ്റേ നിലനിൽക്കെയാണ് നടപടി
സ്വന്തം ലേഖകൻ
ഒടിടി പ്ലാറ്റ്ഫോമുകളായ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ തുടങ്ങിയവയുടെ ഉള്ളടക്കങ്ങളിൽ കേന്ദ്രം നിയന്ത്രണം കർശനമാക്കുന്നു. ഐടി നിയമം 2021 പ്രകാരം ‘നിലവാരം കുറഞ്ഞ’ ഉള്ളടക്കം സംപ്രേക്ഷണം ചെയ്യുന്നതിൽ നിയന്ത്രണം കടുപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഐടി നിയമത്തിലെ രണ്ട് വ്യവസ്ഥകൾക്ക് ഹൈക്കോടതി സ്റ്റേ നിലനിൽക്കെയാണ് നിയന്ത്രണങ്ങൾ വരുന്നത്. ഉപയോക്താക്കളുടെ പരാതി പ്രകാരമാണ് കേന്ദ്ര സർക്കാർ ഒടിടി പ്ലാറ്റ്ഫോമുകൾക്കുമേൽ സമ്മർദ്ദം ചെലുത്തുന്നതെന്നാണ് വാദം.
വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം രണ്ട് നിർദേശങ്ങളാണ് പുറപ്പെടുവിച്ചത്. ഒടിടി പ്ലാറ്റ്ഫോമുകൾ ഗ്രീവിയൻസ് ഉദ്യേഗസ്ഥനെ നിയമിക്കണമെന്നും വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നുമാണ് ആദ്യത്തെ നിർദേശം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗ്രീവിയൻസ് ഉദ്യേഗസ്ഥനെ നിയമിക്കണമെന്ന ഐടി നിയമത്തിന് ഹൈക്കോടതി സ്റ്റേ നിലനിൽക്കെയാണ് ഇതിനെ മറികടന്നുള്ള നിർദേശം. സിനിമകളും വെബ് സീരീസുകളും ഐടി നിയമങ്ങളിൽ പറഞ്ഞിരിക്കുന്ന ‘കോഡ് ഒഫ് എത്തിക്സ്’ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നതാണ് രണ്ടാമത്തേത്.
2021ലെ ഐടി നിയമത്തിലെ കോഡ് ഓഫ് എത്തിക്സ് 9(1) മദ്രാസ്, ബോംബെ ഹൈക്കോടതികൾ സ്റ്റേ ചെയ്തതിനാൽ, ഒടിടി പ്ലാറ്റ്ഫോമുകൾ നിലവിൽ നിബന്ധനകൾക്ക് വിധേയമല്ലെന്നാണ് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ ഒരു പ്രസ്താവനയിൽ പറഞ്ഞത്. സർക്കാർ ഉപദേശക സമിതിക്കു പുറമേ, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ആൾട്ട് ബാലാജി എന്നീ പ്ലാറ്റ്ഫോമുകൾ അംഗങ്ങളായി ഒരു സമിതി രൂപീകരിച്ചിരുന്നു.
എന്നാൽ ചില പ്ലാറ്റ് ഫോമുകൾ പരാതി ഉദ്യോഗസ്ഥനോ പരാതികളുടെ പ്രതിമാസ റിപ്പോർട്ടുകളോ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാത്തത് നിയമവുമായി പൊരുത്തപ്പെടുന്നതല്ലെന്ന് ഡിജിറ്റൽ പബ്ലിഷർ കണ്ടന്റ് ഗ്രീവൻസ് കൗൺസിലിന്റെ (ഡിപിസിജിസി) പരാതി പരിഹാര ബോർഡ് ചെയർപേഴ്സൺ ജസ്റ്റിസ് (റിട്ട.) എ കെ സിക്രി പറഞ്ഞിരുന്നു.