560 കിലോമീറ്ററില്‍ 620 വളവുകൾ; ഇതില്‍ ഇരുന്നൂറോളം കൊടുംവളവുകള്‍; വന്ദേ ഭാരതിന് കേരളത്തിലെ ട്രാക്കുകളില്‍ വലിയ വേഗത്തില്‍ സഞ്ചരിക്കാനാവില്ല; ഓടുന്നത് മറ്റ് ട്രെയിനുകളുടെ അതേ വേഗതയില്‍
സ്വന്തം ലേഖിക
കൊച്ചി: കേരളത്തില്‍ വന്ദേഭാരത് എക്സ്പ്രസ് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന് ലോക്കോ പൈലറ്റ് എന്‍. സുബ്രഹ്മണ്യന്.
കേരളത്തില്‍ സര്‍വീസ് നടത്തുന്നതിനുള്ള വന്ദേഭാരത് എക്സ്പ്രസ് എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ എത്തിയപ്പോള്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈറോഡില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ ഓടിച്ചത് എന്‍. സുബ്രഹ്മണ്യനായിരുന്നു. കേരളത്തിലെ ട്രാക്കുകളിലെ വളവുകളും മറ്റും മൂലം വന്ദേഭാരതിന് വലിയ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘മറ്റു ട്രെയിനുകളുടെ വേഗത്തില്‍ തന്നെയാകും വന്ദേഭാരതും സഞ്ചരിക്കുക. മണിക്കൂറില്‍ 80 കിലോമീറ്ററാകും വേഗം. ഷൊര്‍ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് വന്നതും ഇതേ വേഗത്തിലാണ്.
ഏപ്രില്‍ എട്ടു മുതല്‍ കോയമ്പത്തൂര്‍-ചെന്നൈ സര്‍വീസ് നടത്തുന്ന ട്രെയിനാണിത്. അവിടെ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നത് ജോലാര്‍പേട്ട്-ചെന്നൈ സ്റ്റേഷനുകള്‍ക്കിടയിലാണ്. 130 കിലോമീറ്റര്‍ വേഗത്തിലാണ് ഈ മേഖലയില്‍ ട്രെയിന്‍ സഞ്ചരിക്കുന്നത്.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റെയില്‍പ്പാതയിലെ കൊടും വളവുകളാണ് അതിവേഗ ട്രെയിനുകള്‍ക്ക് കേരളത്തില്‍ തടസ്സം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള 560 കിലോമീറ്ററില്‍ 620 വളവുകളുണ്ട്. ഇതില്‍ ഇരുന്നൂറോളം കൊടുംവളവുകള്‍ നിവര്‍ത്താനുള്ള സാദ്ധ്യതാപഠനം എങ്ങുമെത്തിയില്ല.
നിലവിലെ പാളങ്ങളില്‍ 60 മുതല്‍ 80 കിലോമീറ്റര്‍ വരെയാണ് വേഗത. വളവുകള്‍ 0.85 ഡിഗ്രിയില്‍ കൂടാന്‍ പാടില്ല.
വളവുകള്‍ നിവര്‍ത്തുന്നതിനു പകരം നിലവിലെ ഇരട്ട റെയില്‍പ്പാതകള്‍ക്ക് സമാന്തരമായി വളവുകളില്ലാത്ത പുതിയ പാതയിലൂടെ 180 കിലോമീറ്റര്‍ വരെ വേഗതയില്‍ സര്‍വീസ് നടത്താന്‍ കഴിയുമെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍.