ഹയര്‍സെക്കന്‍ഡറി ക്ലാസില്‍ 50 കുട്ടികള്‍ മതി; ആനുപാതീകമായി അധിക ബാച്ചുകള്‍ അനുവദിക്കണം; നിലവിലെ ബാച്ചുകളില്‍ അസന്തുലിതാവസ്ഥയുണ്ടെന്ന് വിദഗ്ധ സമിതി

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറിയില്‍ ഒരു ക്ലാസില്‍ പരമാവധി 50 കുട്ടികള്‍ മതിയെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി.

ഈ വ്യവസ്ഥ കര്‍ശനമാക്കണമെന്നാണ് വിദഗ്ധ സമിതി വിലയിരുത്തല്‍. ആനുപാതീകമായി അധിക ബാച്ചുകള്‍ അനുവദിക്കണമെന്നും പ്രൊഫസര്‍ വി കാര്‍ത്തികേയന്‍ നായര്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ലാസുകളില്‍ ഓരോ വിദ്യാര്‍ത്ഥികള്‍ക്കും ശ്രദ്ധനല്‍കാന്‍ കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിലൂടെ സാധിക്കും. നിലവിലെ ഹയര്‍സെക്കന്‍ഡറി ബാച്ചുകളില്‍ അസന്തുലിതാവസ്ഥയുണ്ടെന്നും വിദഗ്ധ സമിതി കണ്ടെത്തലുണ്ട്.

ചിലയിടങ്ങളില്‍ പത്താം ക്ലാസ് ജയിക്കുന്നവരുടെ എണ്ണം അനുസരിച്ച്‌ ഹയര്‍സെക്കന്‍ഡറി ബാച്ചില്ല. ഇവിടങ്ങളില്‍ 65 വിദ്യാര്‍ത്ഥികളെ വരെ ഒരു ക്ലാസില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കുട്ടികളുടെ എണ്ണം കൂടുന്നത് പഠനം താളംതെറ്റിക്കുന്നുവെന്ന് സമിതി വിലയിരുത്തി. മറ്റ് ചില സ്ഥലങ്ങളില്‍ പല ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെയും ഒരു ക്ലാസില്‍ 15-16 കുട്ടികള്‍ മാത്രമാണുള്ളത്.

കുട്ടികളുടെ എണ്ണം അനുസരിച്ച്‌ ബാച്ചുകള്‍ മറ്റ് ജില്ലകളിലേക്കുള്‍പ്പടെ പുനര്‍വിന്യസിപ്പിക്കണമെന്ന് സമിതി പറയുന്നു. സ്ഥിരം അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചതിലുള്‍പ്പടെ അപാകതകളുണ്ടെന്നും സമിതി കണ്ടെത്തി.

വിദഗ്ധ സമിതിയുടെ മേഖലാതല പരിശോധന പൂര്‍ത്തിയായി. വൈകാതെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ അനുവദിച്ചതിലെ അസന്തുലിതാവസ്ഥ പഠിക്കാനും ശുപാര്‍ശ നല്‍കാനുമാണ് സര്‍ക്കാര്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കിയത്.