
കൊച്ചിയിൽ ട്രെയിനിൽ നിന്നും വീണ് യുവതി; കളമശേരിക്കും ഇടപ്പള്ളിക്കും ഇടയിലായി വീണ് അബോധവസ്ഥയിലായ യുവതിക്ക് രക്ഷകരായി പൊലീസ്
സ്വന്തം ലേഖകൻ
കൊച്ചി: കളമശേരിയിൽ ട്രെയിനിൽ നിന്നും വീണ യുവതിക്ക് രക്ഷകരായി പൊലീസുകാർ. മംഗളൂരു– തിരുവനന്തപുരം മാവേലി എക്സ്പ്രസിൽനിന്നും കളമശേരിക്കും ഇടപ്പള്ളിക്കും ഇടയിലായി വീണത് നെട്ടൂർ ഐഎൻടിയുസി ജംക്‌ഷനു സമീപം വൈലോപ്പിള്ളി വീട്ടിൽ സോണിയ (35)യാണ്.
ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ അബോധാവസ്ഥയിൽ കിടന്ന സോണിയയെ കണ്ടെത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് കളമശേരി സ്റ്റേഷനിലെ എസ്ഐ കെ.എ.നജീബ്, പൊലീസുകാരായ ആർ.ശ്രീജിഷ്, ഷാബിൻ ഇബ്രാഹിം, ടി.എ.നസീബ് എന്നിവർ ചേർന്നാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രെയിനിലെ ലോക്കോ പൈലറ്റാണ് ഒരു സ്ത്രീ കളമശേരിക്കും ഇടപ്പള്ളിക്കും ഇടയിൽ വീണതായി കളമശേരി റെയിൽവേ സ്റ്റേഷനിൽ വിളിച്ചറിയിച്ചത്. അവിടെനിന്നു പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ച ഉടൻ എസ്ഐ നജീബും സംഘവും കളമശേരി മുതൽ ഇടപ്പള്ളി വരെ പാളത്തിലൂടെ നടന്നു തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല.
തിരികെ പോകുമ്പോഴാണ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു സമീപത്തെ കുറ്റിക്കാട്ടിൽ കിടന്ന സോണിയയെ കണ്ടത്. ഉടൻ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. മുരളിയുടെയും കാർമിലിയുടേയും മകളായ സോണിയ പുണെയിൽ ഹോം നഴ്സാണ്.
ജോലിസ്ഥലത്തുനിന്നു വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടത്തിൽ പെട്ടത്. വയറിലും കാൽമുട്ടുകളിലും ആഴത്തിൽ മുറിവേറ്റിട്ടണ്ട്. ബോധം തിരിച്ചുകിട്ടിയ സോണിയുടെ നിലയിൽ പുരോഗതിയുണ്ടെന്നു ഡോക്ടർമാർ പറഞ്ഞു