ഗെയിം കളിക്കാൻ ഫോൺ നല്കി; ആമസോൺ വഴി കുട്ടി ബുക്ക് ചെയ്തത് 2.47 ലക്ഷം രൂപയുടെ സാധനങ്ങൾ; ഫോണിലെ നോട്ടിഫിക്കേഷനുകൾ കണ്ട് ഞെട്ടി അമ്മ; അഞ്ചുവയസ്സുകാരിയുടെ കുറുമ്പിത്തിരി കൂടിയെന്ന് സോഷ്യൽ മീഡിയ
സ്വന്തം ലേഖകൻ
മകൾ കാറിൽ അടങ്ങിയിരിക്കാൻ വേണ്ടി ഫോൺ നൽകിയ അമ്മ ഫോണിലെ നോട്ടിഫിക്കേഷനുകൾ കണ്ട് ഞെട്ടി. ആമസോണിൽ നിന്ന് ഏകദേശം 4,000 ഡോളറിന്റെ ഉൽപന്നങ്ങളാണ് (2.47 ലക്ഷം രൂപ) അഞ്ചുവയസ്സുകാരി ഓർഡർ ചെയ്തത്. അമ്മ ഗെയിം കളിക്കാൻ ഫോൺ കൊടുത്തപ്പോഴാണ് ഈ കുട്ടിക്കുറുമ്പി ഇതത്രയുമൊപ്പിച്ചത്. വീട്ടിലേക്ക് കാറിൽ പോകുമ്പോൾ മകൾ അടങ്ങിയിരിക്കാനാണ് അമ്മ ഫോൺ കൊടുത്തത്. മകൾ പണിപറ്റിക്കുകയും ചെയ്തു. ആമസോണിൽ നിന്നുള്ള ഓർഡറുകളെക്കുറിച്ചുള്ള നോട്ടിഫിക്കേഷനുകൾ ലഭിച്ചപ്പോൾ അമ്മ കാര്യം അറിഞ്ഞത്.
യുഎസിലെ മസാച്യുസെറ്റ്‌സിലെ വെസ്റ്റ്‌പോർട്ട് സ്വദേശി അഞ്ച് വയസ്സുകാരി ലീല വാരിസ്കോയാണ് അമ്മ ജെസിക്ക നൂൺസിന്റെ സ്മാർട് ഫോൺ വഴി സാധനങ്ങൾ ഓർഡർ ചെയ്തത്. ഓർഡർ ചെയ്തതിന്റെ തൊട്ടടുത്ത ദിവസം പുലർച്ചെ 2 മണിക്ക് ഫോണിൽ നോട്ടിഫിക്കേഷൻ വരുന്നത് വരെ ഇതേക്കുറിച്ച് അറിയില്ലായിരുന്നു എന്നു മാതാവ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരാണ് ഓർഡർ നൽകിയതെന്ന് പരിശോധിക്കാൻ ആമസോൺ അക്കൗണ്ട് ലോഗിൻ ചെയ്തപ്പോൾ അവവരുടെ തന്നെ ക്രെഡിറ്റ് കാർഡിൽ നിന്നാണ് 3,922 ഡോളർ ഈടാക്കിയിരിക്കുന്നതെന്ന് കണ്ടെത്തി.
കുട്ടികൾ കളിക്കുന്ന 10 മോട്ടോർസൈക്കിളുകളും ഒരു ജീപ്പും സ്ത്രീകൾ ഉപയോഗിക്കുന്ന 10 ജോഡി ബൂട്ടുകളുമാണ് ഓർഡർ ചെയ്തിരുന്നത്. ബൈക്കുകള്‍ക്കും ജീപ്പിനുമായി ഏകദേശം 3,180 ഡോളർ ആയി. ബൂട്ടുകൾക്ക് മാത്രം ഏകദേശം 600 ഡോളറും വില ഈടാക്കിയിരുന്നു.
അഞ്ച് മോട്ടോർ സൈക്കിളുകളുടെയും ബൂട്ടുകളുടെയും ഓർഡർ റദ്ദാക്കാൻ കഴിഞ്ഞെങ്കിലും അഞ്ച് മോട്ടോർസൈക്കിളുകളും രണ്ട് സീറ്റുള്ള ജീപ്പും വൈകാതെ തന്നെ വീട്ടിലെത്തി. എന്നാൽ, എല്ലാ ഉല്‍പന്നങ്ങളും തിരികെ വാങ്ങാൻ ആമസോൺ അധികൃതർ തയാറായതിനാൽ അമ്മ രക്ഷപ്പെടുകയായിരുന്നു.