കോട്ടയം സിപിഐയില്‍ പൊട്ടിത്തെറി; എഐവൈഎഫ് കോട്ടയം ജില്ലാ പ്രസിഡന്റ് റെനീഷ് കാരിമറ്റം രാജി വെച്ചു; നട്ടെല്ല് സംബന്ധമായ അസുഖത്തെ തുടർന്നാണ് രാജിവയ്ക്കുന്നത്, നട്ടെല്ല് വളയുന്നില്ല എന്നുള്ളതാണ് പ്രശ്‌നമെന്ന് റെനീഷ് കാരിമറ്റം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സിപിഐയില്‍ പൊട്ടിത്തെറി.എഐവൈഎഫ് കോട്ടയം ജില്ലാ പ്രസിഡന്റ് റെനീഷ് കാരിമറ്റം രാജി വെച്ചു. രാജിക്ക് കാരണം നട്ടെല്ല് വളയുന്നില്ലെന്ന പ്രശ്നമാണെന്ന് റെനീഷ് പ്രതികരിച്ചു.

‘എഐവൈഎഫിൽ നിന്നും രാജിവയ്ക്കുന്നു. നട്ടെല്ല് സംബന്ധമായ അസുഖത്തെ തുടർന്നാണ് രാജിവയ്ക്കുന്നത്. നട്ടെല്ല് വളയുന്നില്ല എന്നുള്ളതാണ് പ്രശ്‌നം’ എന്നാണ് റെനീഷ് ഫേസ്‌ബുക്കിൽ കുറിച്ചത്. ഫേസ്‌ബുക്കിലൂടെ രാജിവച്ച റെനീഷിനെ മണിക്കൂറുകൾക്കുള്ളിൽ പുറത്താക്കി എഐവൈഎഫ് പത്രക്കുറിപ്പും പുറത്തിറക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഐവൈഎഫ് ജില്ലാ സെക്രട്ടറിയും യുവജനക്ഷേമ ബോർഡ് അംഗവുമായ എസ്‌പി.സുജിത്ത് സംഘടനയിൽ നിന്നും അവധിയെടുത്ത് വിദേശത്തേക്ക് പോയതോടെയാണ് സംഘടനയിലും പാർട്ടി ജില്ലാ ഘടകത്തിലും ഇത് സംബന്ധിച്ച തർക്കങ്ങൾ തുടങ്ങിയത്. ആക്ടിങ് സെക്രട്ടറിയായി ശരത് രവീന്ദ്രനെ ആദ്യം നിയോഗിച്ചു. അവധി അവസാനിപ്പിച്ച് സുജിത്ത് തിരിച്ചെത്തിയ ഉടൻ മുണ്ടക്കയത്ത് ജില്ലാ കൺവൻഷൻ വിളിച്ച് വീണ്ടും സെക്രട്ടറി സ്ഥാനം ഏറ്റു. തൊട്ടടുത്ത ആഴ്ച നിലയ്ക്കലിൽ ചേർന്ന സംസ്ഥാന ക്യാമ്പിൽ എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടീവിലേക്കും സുജിത്ത് തെരഞ്ഞെടുക്കപ്പെട്ടു.

സെക്രട്ടറി സ്ഥാനം ഏറ്റ് ദിവസങ്ങൾക്കുള്ളിൽ സുജിത്ത് വീണ്ടും വിദേശ വാസത്തിന് പോയി. യുവജനക്ഷേമ ബോർഡ് അംഗമെന്ന നിലയിൽ സർക്കാർ അനുകൂല്യങ്ങൾ ലഭിക്കുന്ന ജില്ലാ സെക്രട്ടറിയുടെ തുടർച്ചയായ വിദേശ വാസമാണ് പ്രശ്‌നത്തിന് കാരണം. സിപിഐ നേതൃത്വം ഇടപെട്ട് ഷമ്മാസ് ലത്തീഫിനെ എഐവൈഎഫ് ആക്ടിങ് സെക്രട്ടറിയാക്കിയതോടെ തർക്കം രൂക്ഷമായി.

സംഘടനാ പാരമ്പര്യമില്ലാത്ത ഷമ്മാസിനെ നേതൃത്വം തിരുകി കയറ്റിയെന്നും സിപിഐ ജില്ലാ സെക്രട്ടറി വി.ബി.ബിനുവിന്റെ താത്പര്യങ്ങളാണ് ഇതിന് പിന്നിലെന്നും ആരോപണം ഉയർന്നു. ഇയാൾ മുൻപ് എസ്ഡിപിഐ ഭാരവാഹിയായിരുന്നുവെന്നുമാണ് എതിർ വിഭാഗം ആരോപിച്ചു. ജില്ലാ പ്രസിഡന്റിന്റെ രാജി പ്രഖ്യാപനത്തോടെ തർക്കം പരസ്യമായിരിക്കുകയാണ്.