താമരശ്ശേരി ചുരത്തില്‍ ടിപ്പര്‍ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികര്‍ താഴ്ചയിലേക്ക് പതിച്ചു; ചോരവാർന്ന് കിടന്ന യുവാക്കളെ ആശുപത്രിയിലെത്തിച്ചത് പിന്നാലെ വാഹനത്തിലെത്തിയവർ

Spread the love

സ്വന്തം ലേഖകൻ

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ തകരപ്പാടിക്കടുത്ത് ടിപ്പര്‍ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികര്‍ താഴ്ചയിലേക്ക് പതിച്ചു. സാരമായി പരിക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈകുന്നേരത്തോടെയാണ് വയനാട് ചുള്ളിയോട് സ്വദേശികളായ രണ്ട് പേര്‍ സഞ്ചരിച്ച കെ.എല്‍- 73 ഇ. 1104 എന്ന നമ്പറിലുള്ള ബൈക്ക് ചുരത്തില്‍ അപകടത്തില്‍പ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എതിരെ വന്ന ടിപ്പര്‍ലോറിയുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ആദ്യമൊന്നും ഇവിടെ എത്തിയവര്‍ക്ക് ആരാണ് അപകടത്തില്‍പ്പെട്ടതെന്ന് സൂചന ലഭിച്ചിരുന്നില്ല. ടിപ്പര്‍ തന്നെയാണോ അപകടത്തിനിടയാക്കിയതെന്ന് കാര്യത്തിലും സംശയം ഉടലെടുത്തിരുന്നു. റോഡരികില്‍ വീണു കിടക്കുന്ന ബൈക്ക് ഇതുവഴി പോയ മറ്റു വാഹനയാത്രികരില്‍ ചിലരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

തുടര്‍ന്ന് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരെ വിവരമറിയിക്കുകയും ഇവര്‍ സംഭവസ്ഥലത്ത് എത്തി നടത്തിയ വിശദമായ പരിശോധനയിലാണ് രണ്ട് പേര്‍ പരിക്കേറ്റ് താഴ്ച്ചയില്‍ വീണുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ആംബുലന്‍സിനെ വിവരമറിയിക്കുകയും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ താഴേക്ക് ഇറങ്ങി പരിക്കേറ്റവരുടെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.

ആംബുലന്‍സ് എത്തിയതോടെ ഇതിലുണ്ടായിരുന്ന സ്‌ട്രെക്ച്ചര്‍ താഴേക്ക് ഇറക്കി പരിക്കേറ്റവരെ ഇതില്‍ ബന്ധിച്ച് മുകളിലെത്തിക്കുയായിരുന്നു. ഇതിനിടെ കല്‍പ്പറ്റയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും അടിവാരം പോലീസും സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റവരെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നടത്തിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഇടിയുടെ ആഘാതത്തിലായിരിക്കാം ബൈക്ക് യാത്രികര്‍ താഴേക്ക് പതിച്ചതെന്നാണ് നിഗമനം. ചുരം എന്‍.ആര്‍.ഡി.എഫ് വളന്‍റിയര്‍ ടീം അംഗങ്ങളായ മജീദ് കണലാട്, ഷമീര്‍ എം.പി, റഫീക്ക് എന്നിവരാണ് പരിക്കേറ്റവരെ കണ്ടെത്തി മുകളിലെത്തിച്ചത്. ഏറെ ശ്രമകരമായാണ് ഇത് ചെയ്തത്.