
സ്വന്തം ലേഖകൻ
കൊല്ലം: ചിതറയില്‍ മോഷണക്കുറ്റം ആരോപിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ രാത്രി എട്ട് മണി മുതല്‍ പന്ത്രണ്ട് മണി വരെ തടഞ്ഞുവച്ചതായി പരാതി.
സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരിയുടെ മൊബൈല്‍ മോഷ്ടിച്ചവര്‍ എന്ന തലക്കെട്ടോടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും വിദ്യാർത്ഥിയെയും ബന്ധുക്കളേയും തടഞ്ഞുനിർത്തി അധിക്ഷേപിക്കുകയും ചെയ്തതായും പരാതി. ചിതറയിലെ സ്വകാര്യ സൂപ്പര്‍ മാർക്കറ്റ് ജീവനക്കാര്‍ക്കെതിരെയാണ് പരാതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രി എട്ട് മണി മുതല്‍ പന്ത്രണ്ട് മണി വരെ മോഷണക്കുറ്റം ആരോപിച്ച് തടഞ്ഞുനിര്‍ത്തിയതും പരസ്യ വിചാരണ നടത്തിയതായും കുട്ടിയുടെ മാതാവ് പറഞ്ഞു. സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയ്ക്കും ജീവനക്കാര്‍ക്കുമെതിരെ വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.
രാത്രി ഏഴു മണിയോടെ വിദ്യാര്‍ത്ഥിയുടെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരിയുടെ മൊബൈല്‍ മോഷ്ടിച്ചവര്‍ എന്ന തലക്കെട്ടോടെയായിരുന്നു ദൃശ്യങ്ങള്‍. സമീപത്തെ ഉത്സവത്തിനെത്തിയ വിദ്യാര്‍ത്ഥിയേയും ബന്ധുവിനേയും കണ്ടപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരി തടഞ്ഞു നിര്‍ത്തി.
ഒമ്പതാംക്ലാസുകാരന്‍ മൊബൈല്‍ മോഷ്ടിച്ചെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നാണ് കട ഉടമയുടെ വാദം. ഇയാളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തി വരുകയാണെന്ന് ചിതറ പൊലീസ് പറഞ്ഞു.